Top

നിമിഷ പ്രിയയുടെ മോചനം: ഇടപെടല്‍ നടത്തുമെന്ന് കോടിയേരിയുടെ ഉറപ്പ്

വേദനിക്കുന്ന ആ കുടുംബത്തിന് ആശ്വാസം പകരാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും കോടിയേരി.

25 March 2022 4:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിമിഷ പ്രിയയുടെ മോചനം: ഇടപെടല്‍ നടത്തുമെന്ന് കോടിയേരിയുടെ ഉറപ്പ്
X

തിരുവനന്തപുരം: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ കുടുംബം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച്ച നടത്തി.

നിമിഷ പ്രിയയുടെ മോചനത്തില്‍ സാധ്യമാകുന്ന രീതിയില്‍ ഇടപെടുമെന്ന് കുടുംബത്തിന് കോടിയേരി ഉറപ്പുനല്‍കി. വേദനിക്കുന്ന ആ കുടുംബത്തിന് ആശ്വാസം പകരാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും കോടിയേരി അറിയിച്ചു. നിമിഷപ്രിയയുടെ കുഞ്ഞും അമ്മയും 'സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍' ഭാരവാഹികളുമാണ് കോടിയേരിയെ സന്ദര്‍ശിച്ചത്.


നിമിഷ പ്രിയയെ രക്ഷപ്പെടുത്തുന്നതിനാവശ്യമായ നയപരമായ സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുമായും കുടുംബം കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ചെയ്യാന്‍ കഴിയുന്ന പരമാവധി സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നിമിഷ പ്രിയയുടെ അമ്മ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു.

നിമിഷ പ്രിയയെ രക്ഷിക്കാന്‍ ഇടപെടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിമിഷപ്രിയയ്ക്ക് യമന്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലില്‍ അപ്പീല്‍ നല്‍കുന്നതിന് സഹായം നല്‍കുമെന്നാണ് കേന്ദ്രം സര്‍ക്കാര്‍ അറിയിച്ചത്. ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് കേന്ദ്രത്തിന്റെ പ്രതികരണം. 2016 മുതല്‍ യമനിലേക്ക് സഞ്ചരിക്കുന്നതിന് വിലക്കുണ്ട്. നിമിഷ കേസില്‍ ദയാധന ചര്‍ച്ചകള്‍ക്കായി ഈ യാത്രാ നിയന്ത്രണം ഒഴിവാക്കും. ഇതുവഴി കേസിലെ നടപടികളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സംഘം യമനിലേക്ക് പോവാം. കൊല്ലപ്പെട്ട യമന്‍ പൗരന്റെ ബന്ധുക്കളുമായി ദയാധനം (ബ്ലഡ് മണി) സംബന്ധിച്ച് ചര്‍ച്ച നടത്താനാണ് ഇന്ത്യന്‍ സംഘം യമനിലേക്ക് പോവുന്നതെന്നാണ് സൂചന.

വധശിക്ഷയില്‍ ഇളവു നല്‍കണമെന്നാവശ്യപ്പെട്ട് നിമിഷ പ്രിയ നല്‍കിയ അപ്പീല്‍ യമനിലെ കോടതി കഴിഞ്ഞ ആഴ്ച തള്ളിയിരുന്നു. 70 ലക്ഷത്തിലേറെ രൂപയാണ് നിമിഷ പ്രിയക്ക് മോചനദ്രവ്യമായി നല്‍കേണ്ടി വരുക. ഇതിനായി ഗോത്ര നേതാക്കളെ ഉള്‍പ്പെടുത്തി കോടതിക്ക് പുറത്ത് ആക്ഷന്‍ കൗണ്‍സില്‍ മധ്യസ്ഥചര്‍ച്ച നടത്തിയിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ ഗോത്രമായ അല്‍ സുവൈദി ഗോത്ര നേതാക്കളുമായാണ് ചര്‍ച്ച നടത്തിയിരുന്നത്. എന്നാല്‍ ഈ ശ്രമവും വിജയം കണ്ടിരുന്നില്ല.

Next Story