Top

നിമിഷ പ്രിയയുടെ മോചനം; ഇടപെടാൻ സുപ്രീം കോടതി റിട്ട. ജഡ്ജി കുര്യൻ ജോസഫ്

15 April 2022 6:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിമിഷ പ്രിയയുടെ മോചനം; ഇടപെടാൻ സുപ്രീം കോടതി റിട്ട. ജഡ്ജി കുര്യൻ ജോസഫ്
X

ന്യൂഡൽഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ സുപ്രീം കോടതി റിട്ടയർഡ് ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ഏകോപിപ്പിക്കും. നിമിഷയെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നടത്തുന്ന ശ്രമങ്ങൾക്കാണ് ജസ്റ്റിസ് കുര്യൻ ജോസഫ് നേതൃത്വം നൽകുക.

കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ മുഹമ്മദിന്റെ കുടുംബവുമായി ബ്ലഡ് മണി ചർച്ച നടത്താനാണ് ആക്ഷൻ കൗൺസിലിന്റെ അടുത്ത തീരുമാനം. ഇതിനായി നിമിഷ പ്രിയയുടെ അമ്മയും എട്ട് വയസ്സുകാരിയായ മകളും യെമനിലേക്ക് പോവും. യെമൻ യാത്രയ്ക്ക് നിലവിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും അനുമതി തേടിയിരിക്കുകയാണ്.

മരിച്ച തലാലിന്റെ കുടുംബത്തെ നേരിട്ട് കണ്ട് മാപ്പപേക്ഷിക്കാനാണ് തീരുമാനം. നിമിഷ പ്രിയയുടെ അമ്മ പ്രേമ കുമാരിയും എട്ട് വയസ്സുള്ള മകളും സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിലെ നാല് പേരുമാണ് അനുമതി തേടിയിരിക്കുന്നത്. ജയിലിൽ നിമിഷ പ്രിയയെ അമ്മയ്ക്കും മകൾക്കും കാണാൻ അവസരമൊരുക്കുന്നതിനുമുള്ള ശ്രമവും നടക്കുന്നുണ്ട്. നിമിഷ പ്രിയയെ രക്ഷിക്കാൻ നേരിട്ട് ഇടപെടാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കുടുംബം അവസാന വട്ട ശ്രമമെന്ന നിലയിൽ യെമനിലേക്ക് പോവുന്നത്.

നിമിഷ പ്രിയയുടെ മോചനത്തിനായി നയതന്ത്ര തലത്തിലുള്ള ഇടപെടൽ നടത്താനാവില്ലെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള കുടുംബത്തിന്റെ ശ്രമങ്ങൾക്ക് സഹായം നൽകുമെന്നും എന്നാൽ നേരിട്ട് ഈ വിഷയത്തിൽ ഇടപെടാനില്ലെന്നുമാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കെവയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. കേന്ദ്ര നിലപാട് കണക്കിലെടുത്ത് അപ്പീല്‍ ഹൈക്കോടതി തള്ളുകയും ചെയ്തു.

Story highlight: Nimisha priya case; former supreme court judge Kurian joseph to help action council

Next Story