Top

നിഖിൽ പൈലിയെ കോടതിയിൽ ഹാജരാക്കി; മുദ്രാവാക്യങ്ങളുമായി പാഞ്ഞടുത്ത് സിപിഐഎം പ്രവർത്തകർ

ധീരജിനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും

12 Jan 2022 7:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിഖിൽ പൈലിയെ കോടതിയിൽ ഹാജരാക്കി; മുദ്രാവാക്യങ്ങളുമായി പാഞ്ഞടുത്ത് സിപിഐഎം പ്രവർത്തകർ
X

ഇടുക്കി: എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ നിഖിൽ പൈലി, ജറിൻ ജോജോ എന്നിവരെ കട്ടപ്പന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കുറേയാളുകൾ ഒന്നിച്ച് ആക്രമിക്കാൻ എത്തിയപ്പോൾ ഓടി രക്ഷപെടുകയായിരുന്നുവെന്ന് നിഖിൽ മൊഴി നൽകി. പ്രതികളെ ജനുവരി 25 വരെ കോടതി റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ നാളെ പൊലീസ് അപേക്ഷ നൽകും.

നിഖിൽ പൈലിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെ പ്രതിഷേധവുമായി സി.പി.ഐ.എം പ്രവർത്തകർ കോടതി പരിസരത്ത് എത്തിയിരുന്നു. ധീരജിനെ കുത്തിയ നിഖിൽ പൈലിയെ രാവിലെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് രാവിലെ പൂർത്തിയായിരുന്നു. ധീരജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തുന്നതിനായാണ് തെളിവെടുപ്പ് നടത്തിയത്. എന്നാൽ ആയുധം കണ്ടെത്താനായില്ല. എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് പൈനാവിലേയ്ക്ക് വരുന്ന വഴി കത്തി ഉപേക്ഷിച്ചുവെന്നായിരുന്നു നിഖിലിന്റെ മൊഴി.

അതേസമയം ധീരജിനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. ഇതു സംബന്ധിച്ച സർക്കാർ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ഉന്നത ഗൂഡാലോചന ആരോപണം ഉയർന്ന് സാഹചര്യത്തിലാണ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം വരുന്നത്. കസ്റ്റഡിയിലുള്ള അലക്സ് റാഫേൽ ഉൾപ്പെടെ ഏതാനും പേർ കൂടി പ്രതി ചേർക്കപ്പെടുമെന്നാണ് സൂചന.

Next Story