Top

രാത്രി കര്‍ഫ്യൂ; സംസ്ഥാനത്ത് സിനിമാ പ്രദര്‍ശനത്തിനും നിയന്ത്രണം

ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രി 10 മണിക്ക് ശേഷം പ്രദര്‍ശനം അനുവദിക്കില്ല

28 Dec 2021 11:20 AM GMT
ഫിൽമി റിപ്പോർട്ടർ

രാത്രി കര്‍ഫ്യൂ; സംസ്ഥാനത്ത് സിനിമാ പ്രദര്‍ശനത്തിനും നിയന്ത്രണം
X

സംസ്ഥാനത്ത് സിനിമാ പ്രദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രി 10 മണിക്ക് ശേഷം പ്രദര്‍ശനം അനുവദിക്കില്ല.കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം നടപ്പാക്കുന്നതിന് പിന്നാലെയാണ് പുതിയ നടപടി.

വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും കര്‍ശനമായി നിയന്ത്രിക്കും. കടകള്‍ രാത്രി പത്തിന് അടയ്ക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

കര്‍ണാടകയ്ക്കും ഡല്‍ഹിക്കും പിന്നാലെയാണ് കേരളം രാത്രികാല നിയന്ത്രണം കൊണ്ടുവരുന്നത്. ഇന്നലെ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലായിരുന്നു ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. വരും ദിവസങ്ങളില്‍ പുതുവത്സരാഘോഷങ്ങള്‍ ഉള്‍പ്പെടെ നടക്കുമെന്നതിനാല്‍ രോഗ വ്യാപനം വര്‍ധിച്ചേക്കുമെന്ന ആശങ്കയും രാത്രികാല നിയന്ത്രണം ശക്തമാക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പോലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും.

സംസ്‌ഥാനത്തു 98 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്‌സിനും, 77 ശതമാനം ആളുകൾ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് വാക്‌സിനേഷൻ എത്രയും വേഗം പൂർത്തീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.കോവിഡ് വ്യാപനം പടരുന്ന സ്‌ഥലങ്ങളിൽ ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കേണ്ടതും ഇത്തരം പ്രദേശങ്ങൾ കണ്ടെയ്‌ൻമെൻറ് പ്രദേശങ്ങളായി പരിഗണിച്ച് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തേണ്ടതുമാണ്.

ഒമിക്രോൺ ഇൻഡോർ സ്‌ഥലങ്ങളിൽ വേഗം പടരാനുള്ള സാധ്യത കണക്കിലെടുത്തു ഇൻഡോർ വേദികളിൽ ആവശ്യത്തിന് വായു സഞ്ചാരം സംഘാടകർ ഉറപ്പുവരുത്തണം.

Next Story

Popular Stories