Top

അമേരിക്കയിൽ പെെലറ്റാണെന്ന് വിശ്വസിപ്പിച്ചു; മലയാളി യുവതിയുടെ പക്കൽ നിന്നും പത്ത് ലക്ഷം തട്ടിയ നെെജീരിയക്കാരൻ പിടിയിൽ

യുവതി ഡേറ്റിങ് ആപ്പിലൂടെയാണ് പ്രതിയെ പരിചയപ്പെടുന്നത്

18 April 2022 2:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമേരിക്കയിൽ പെെലറ്റാണെന്ന് വിശ്വസിപ്പിച്ചു; മലയാളി യുവതിയുടെ പക്കൽ നിന്നും പത്ത് ലക്ഷം തട്ടിയ നെെജീരിയക്കാരൻ പിടിയിൽ
X

ആലപ്പുഴ: പെെലറ്റ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആലപ്പുഴ സ്വദേശിയായ യുവതിയുടെ പക്കൽ നിന്നും പണം തട്ടിയ നെെജീരിയക്കാരൻ അറസ്റ്റിൽ. എനുക അരിൻസി ഇഫെന്ന എന്ന നൈജീരീയൻ പൗരനെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് ഡൽഹി ഗ്രേറ്റർ നോയിഡയിൽ നിന്നും പിടികൂടിയത്. ഓൺലൈൻ പണം തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണ് പിടിയിലായ നൈജീരിയൻ പൗരൻ.

ആലപ്പുഴ സ്വദേശിനിയായ യുവതി ഡേറ്റിങ് ആപ്പിലൂടെയാണ് പ്രതിയെ പരിചയപ്പെടുന്നത്. അമേരിക്കയിൽ പൈലറ്റ് ആണെന്നും ഇന്ത്യക്കാരിയായ യുവതിയെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും പറഞ്ഞുവിശ്വസിപ്പിച്ച് പ്രതി യുവതിയുമായി അടുപ്പത്തിലായി. പിന്നീട് ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്നും കൊണ്ടുവന്ന ഡോളർ എക്സ്ചേഞ്ച് ചെയ്യാനും മറ്റ് ആവശ്യങ്ങൾക്കുമായി യുവതിയിൽ നിന്നും പ്രതി 10ലക്ഷം രൂപ കൈക്കലാക്കി. വീണ്ടും 11ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടത്തോടെ യുവതി പണം അയയ്ക്കാൻ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്.

സൈബർ തട്ടിപ്പിലൂടെ കോടികളാണ് പ്രതിയും കൂട്ടാളികളും ചേർന്ന് തട്ടിയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. വലിയൊരു റാക്കറ്റ് തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. മൊബൈൽ ഫോൺ കേന്ദ്രകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്. ആലപ്പുഴ സൈബർ സി ഐ എം കെ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നോയിഡയിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്. ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ ഉപയോഗിച്ച് പണം സ്വീകരിച്ച്, ഉടൻ തന്നെ തുക നൈജീരിയൻ അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു ഇയാളെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് പറഞ്ഞു. പ്രതിയെ ഇന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.

Story highlights: Nigerian man arrested for swindling money from Malayali woman

Next Story