Top

നിദയ്ക്ക് നാടിന്റെ യാത്രാമൊഴി; മൃതദേഹം സംസ്കരിച്ചു

കുട്ടിയുടെ മരണത്തിൽ കൃത്യമായ അന്വേഷണം ഉണ്ടാകുമെന്ന് സർക്കാർ കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്

24 Dec 2022 7:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിദയ്ക്ക് നാടിന്റെ യാത്രാമൊഴി; മൃതദേഹം സംസ്കരിച്ചു
X

ആലപ്പുഴ: നാ​ഗ്പൂരിൽ മരിച്ച കേരള സൈക്കിൾ പോളോ ടീം അം​ഗം നിദ ഫാത്തിമയുടെ മൃതദേഹം സംസ്കരിച്ചു. ആലപ്പുഴ കക്കാഴം ജുമഅത്ത് പളളിയിലാണ് മൃതദേഹം സംസ്കരിച്ചത്. അന്ത്യാഞ്ജലി അർപ്പിക്കാൻ സഹപാഠികളും അധ്യാപകരുമടക്കം നിരവധി പേർ അമ്പലപ്പുഴയിലുളള കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. മരണകാരണം കണ്ടെത്തുന്നതിന് അന്വേഷണം ഊർജിതമാക്കാൻ ശക്തമായ ഇടപെടൽ നടത്തുമെന്ന് എം എം ആരിഫ് എംപി പറഞ്ഞു.

കുട്ടിയുടെ മരണത്തിൽ കൃത്യമായ അന്വേഷണം ഉണ്ടാകുമെന്ന് സർക്കാർ കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇന്ത്യൻ ഒളിപിക് അസോസിയേഷൻ ദേശീയ സൈക്കിൾ ഫെഡറേഷനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നാണ് വിവരം. നാ​ഗ്പൂരിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച കുട്ടിയുടെ മൃതദേഹം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടനും അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമും കുട്ടിയുടെ ബന്ധുക്കളും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്.

വ്യാഴാഴ്ച രാവിലെയായിരുന്നു നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിദ ഫാത്തിമ മരിച്ചത്. അമ്പലപ്പുഴ കക്കാഴം സുഹറ മന്‍സിലില്‍ ഷിഹാബുദ്ദീന്റെയും അന്‍സിലയുടെയും മകളാണ്. നീര്‍ക്കുന്നം എസ്ഡിവി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നിദ. ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ലെന്ന പേരില്‍ കോടതി ഉത്തരവുമായെത്തിയ കേരള താരങ്ങള്‍ക്ക് താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല. നിദ അടക്കം കേരള സൈക്കിള്‍ പോളോ അസോസിയേഷന്റെ 24 താരങ്ങളാണ് നാഗ്പൂരിലെത്തിയിരുന്നത്. ദേശീയ ഫെഡറേഷന്റെ അംഗീകാരമുള്ള സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരള ടീമും നാഗ്പൂരില്‍ മത്സരിക്കുന്നുണ്ട്.

STORY HIGHLIGHTS: Kerala cycle polo team member nidha fathima body is cremated

Next Story