Top

'വിഴിഞ്ഞത്തെ അക്രമ സംഭവങ്ങൾ അതീവഗൗരവതരം'; പൊലീസ് സ്റ്റേഷൻ ആക്രമണം അന്വേഷിക്കാൻ എൻഐഎ

30 Nov 2022 7:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഴിഞ്ഞത്തെ അക്രമ സംഭവങ്ങൾ അതീവഗൗരവതരം; പൊലീസ് സ്റ്റേഷൻ ആക്രമണം അന്വേഷിക്കാൻ എൻഐഎ
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സംഘർഷത്തെ തുടർന്ന് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻഐഎ അന്വേഷണം. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി വിഴിഞ്ഞം പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. എൻഐഎ ഉദ്യോഗസ്ഥർ ഇന്ന് തലസ്ഥാനത്ത് എത്തും. ആക്രമണത്തിന് പിന്നിൽ പുറത്ത് നിന്നുള്ളവരുടെ ഇടപെടലുണ്ടോ എന്നത് എൻഐഎ അന്വേഷിക്കും.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന്റെയും പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിന്റെയും വിവരങ്ങളാണ് എൻഐഎ ചോദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ അക്രമ സംഭവങ്ങൾ അതീവഗൗരവതരമാണെന്നാണ് എൻഐഎ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് എൻഐഎ സംഘം വിഴിഞ്ഞത്ത് എത്തി വിവരങ്ങൾ ശേഖരിക്കുക.

അതേസമയം കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ സ്ഥലങ്ങൾ ഡിഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം സന്ദർശിച്ചു. പൊലീസ് സ്റ്റേഷൻ വരെ ആക്രമിച്ച ഗുരുതരസാഹചര്യം മുൻ നിർത്തി വിഴിഞ്ഞത്ത് പ്രത്യേക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ സാഹചര്യങ്ങൾ ശാന്തമാണെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇനിയും സംഘർഷങ്ങൾ ഉണ്ടായേക്കാം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പൊലീസ് സേനയെ കൂടി പ്രദേശത്ത് വിന്യസിച്ചു.

അതിനിടെ ഇന്ന് ഹിന്ദു ഐക്യവേദി നടത്താനിരുന്ന ബഹുജന മാർച്ചിന് പൊലീസ് അനുമതി നൽകിയിട്ടില്ല. മാർച്ച് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദികൾ സംഘടനയായിരിക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രകോപന പ്രസംഗം, മുദ്രാവാക്യം എന്നിവ പാടില്ലെന്നും ഉച്ച ഭാഷിണി ഉപയോഗിക്കരുതെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

STORY HIGHLIGHTS: NIA will investigate Vizhinjam police station attack

Next Story