Top

വാട്ടര്‍ ടാങ്കിന് മുകളില്‍ പുതുവത്സരാഘോഷം, താഴെയിറങ്ങാനായില്ല; അവശനിലയില്‍ കിടന്നയാളെ രക്ഷപ്പെടുത്തി

സുജീഷും സുഹൃത്തായ ഷിജോ (38)യുമാണ് പുതുവർഷം ആഘോഷിക്കാനായി രാത്രി വാട്ടർ ടാങ്കിന് മുകളിൽ കയറിയത്

1 Jan 2023 9:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാട്ടര്‍ ടാങ്കിന് മുകളില്‍ പുതുവത്സരാഘോഷം, താഴെയിറങ്ങാനായില്ല; അവശനിലയില്‍ കിടന്നയാളെ രക്ഷപ്പെടുത്തി
X

തൃശൂർ: പുതുവർഷം ആഘോഷിക്കാൻ വാട്ടർ ടാങ്കിന് മുകളിൽ കയറി തിരിച്ച് താഴേക്ക് ഇറങ്ങാൻ കഴിയാതെ കിടന്ന ആളെ അഗ്നിശമനരക്ഷാസേന രക്ഷപെടുത്തി. തൃശൂർ കോർപറേഷൻ പരിധിയിൽ ഡിവിഷൻ മൂന്നിൽ ഉള്ള വാട്ടർ ടാങ്കിന് മുകളിൽ ആയിരുന്നു സംഭവം. വിയ്യൂർ കുളങ്ങര വീട്ടിൽ സുജീഷ് (45) നെയാണ് അഗ്നിശമനരക്ഷാസേന രക്ഷപ്പെടുത്തിയത്.

സുജീഷും സുഹൃത്തായ ഷിജോ (38)യുമാണ് പുതുവർഷം ആഘോഷിക്കാനായി രാത്രി വാട്ടർ ടാങ്കിന് മുകളിൽ കയറിയത്. തുടർന്ന് ഷിജോ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. താഴെക്ക് വീണ ഷിജോയെ നാട്ടുകാർ ഉടൻ തന്നെ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. വാട്ടർ ടാങ്കിന് മുകളിൽ ഒരാൾ കൂടിയുണ്ടെന്ന് നാട്ടുകാർ മനസ്സിലാക്കി.

സുജീഷിനെ താഴെ ഇറക്കാനായി ഇരുമ്പ് കോണിയിൽ കൂടി ശ്രമിച്ചെങ്കിലും കോണി കാലപഴക്കം മൂലം ദ്രവിച്ചതിനാൽ അതിന് സാധിച്ചില്ല. തുടർന്ന് വിയ്യൂർ പൊലീസും നാട്ടുകാരും ചേർന്ന് അഗ്നിശമനരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സേന എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അവരുടെ വാഹനത്തിൽ നിന്നും 40 അടി ഉയരമുള്ള എണി 45 അടിയോളം ഉയരമുള്ള വാട്ടർ ടാങ്കിൽ വച്ചാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി എസ് സ്മിനേഷ് കുമാറും, വി വി ജിമോദും ചേർന്ന് റോപും നെറ്റും ഉപയോ​ഗിച്ച് സുജീഷിനെ കെട്ടി സുരക്ഷിതമായി താഴെയിറക്കി. തൃശൂർ ഫയർ & റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സുരേഷ്കുമാർ പി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മഹേഷ് പി എം, സബാപതി എം, ജിബിൻ ജേ എന്നിവരുടെ നേൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

STORY HIGHLIGHTS: new year celebration on top of water tank rescued by fire brigade

Next Story