പുതിയ വെളിപ്പെടുത്തലുകള്‍; സ്വപ്നയെ ഇന്ന് ഇഡി വീണ്ടും ചോദ്യം ചെയ്യും
മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ അന്വേഷണം നടത്തുന്ന കാര്യവും ഇഡി പരിശോധിക്കുന്നുണ്ട്.
15 Feb 2022 1:37 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നയതന്ത്ര, പാഴ്സല്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാവശ്യപ്പെട്ട് സ്വപ്നയ്ക്ക് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. കേസന്വേഷണം അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ സ്വപ്നയുടെ ശബ്ദ സന്ദേശത്തിനു പിന്നില്‍ കേസിലെ പ്രതിയായ ശിവശങ്കറാണെന്ന് സ്വപ്ന മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴച്ചതിനു പിന്നിലും എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇഡി യുടെ ചോദ്യം ചെയ്യല്‍.
ആദ്യഘട്ടത്തില്‍ സ്വപ്നയുടെ മൊഴിയെടുത്ത് കോടതിയില്‍ നല്‍കാനാണ് ഇഡിയുടെ നീക്കം. തുടര്‍ന്ന് മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ അന്വേഷണം നടത്തുന്ന കാര്യവും ഇഡി പരിശോധിക്കുന്നുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്ന തരത്തില്‍ പുറത്തുവന്ന ശബ്ദരേഖ ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം വനിതാ പൊലീസ് ഉദ്യോഗസ്ഥ തയ്യാറാക്കിയതാണെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ടര്‍ ടിവി ക്ലോസ് എന്‍കൗണ്ടറിലൂടെയായിരുന്നു സ്വപ്ന ഇക്കാര്യം പറഞ്ഞത്. കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ ആയിരുന്നു ഫോണ്‍ സംഭാഷണം പുറത്തു വിട്ടത്. മുഖ്യമന്ത്രിയുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമാണുള്ളത്. മുഖ്യമന്ത്രിക്ക് എന്തറിയാം എന്തറിയില്ല എന്ന് പറഞ്ഞുതരാന്‍ തന്നേക്കാള്‍ കഴിയുക ശിവശങ്കറിനാണെന്നും സ്വപ്ന പറഞ്ഞിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥന് എം ശിവശങ്കറിനെതിരെ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 9 ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി സ്വപ്നയ്ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പതിനഞ്ചാം തിയതി ഹാജരാകാമെന്നും സ്വപ്ന ഇ ഡിയോട് വ്യക്തമാക്കുകയായിരുന്നു. വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണമായും സഹകരിക്കുമെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.
- TAGS:
- Swapna Suresh
- ED
- M Sivasankar