Top

പുതിയ മദ്യശാലകളില്‍ ഏറ്റവും കൂടുതല്‍ തൃശൂരില്‍; രണ്ടാമത് തലസ്ഥാനത്ത്

കോര്‍പറേഷനുകളില്‍ തിരുവനന്തപുരം (10), കൊല്ലം (3), തൃശൂര്‍ (2), കണ്ണൂര്‍ (2) എന്നിവിടങ്ങളിലാണ് ഒന്നിലധികം വേണ്ടത്.

19 May 2022 3:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുതിയ മദ്യശാലകളില്‍ ഏറ്റവും കൂടുതല്‍ തൃശൂരില്‍; രണ്ടാമത് തലസ്ഥാനത്ത്
X

കൊച്ചി: സംസ്ഥാനത്ത് പുതുതായി ആരംഭിക്കാന്‍ ബെവ്‌കോ ശുപാര്‍ശ ചെയ്ത മദ്യശാലകളില്‍ ഏറ്റവും കൂടുതല്‍ തൃശൂര്‍ ജില്ലയില്‍. 175 മദ്യക്കടകളില്‍ 22 എണ്ണമാണ് തൃശൂരില്‍ ആരംഭിക്കുക. തിരുവനന്തപുരത്ത് 22 എണ്ണവും ആലപ്പുഴയില്‍ 21 എണ്ണവും തുടങ്ങാനാണ് ശുപാര്‍ശ.

ജനസാന്ദ്രത കണക്കിലെടുത്ത് നഗരത്തില്‍ 91 മദ്യക്കടകളും ഗ്രാമങ്ങളില്‍ 84 മദ്യകടകളും തുടങ്ങുന്നതിനുള്ള പട്ടികയാണ് ബെവ്‌കോ സര്‍ക്കാരിന് കൈമാറിയത്. എന്നാല്‍ ഇതില്‍ എത്രയെണ്ണം തുടങ്ങുമെന്നോ ഏതെല്ലാം സ്ഥലങ്ങളിലാണെന്നോ വ്യക്തമാക്കിയിട്ടില്ല. തിരക്ക് കണക്കിലെടുത്താണ് പുതുതായി മദ്യശാലകള്‍ തുടങ്ങാന്‍ ശുപാര്‍ശ ചെയ്തത്.

തിരുവനന്തപുരം 22, കൊല്ലം 18, പത്തനംതിട്ട 6, ആലപ്പുഴ 21, കോട്ടയം 9, ഇടുക്കി 6, എറണാകുളം 11, തൃശൂര്‍ 23, പാലക്കാട് 14, മലപ്പുറം 12, കോഴിക്കോട് 12, വയനാട് 5, കണ്ണൂര്‍ 11, കാസര്‍ഗോഡ് 5 എന്നിങ്ങനെയാണ് പുതുതായി തുടങ്ങുന്ന മദ്യശാലകള്‍.

കോര്‍പറേഷനുകളില്‍ തിരുവനന്തപുരം (10), കൊല്ലം (3), തൃശൂര്‍ (2), കണ്ണൂര്‍ (2) എന്നിവിടങ്ങളിലാണ് ഒന്നിലധികം വേണ്ടത്. മുനിസിപ്പാലിറ്റികളില്‍ കാസര്‍കോട് (2), പഞ്ചായത്തുകളില്‍ തിരുവനന്തപുരത്തെ കുന്നത്തുകാല്‍ (2) എന്നിവിടങ്ങളിലും ഒന്നിലധികം വേണമെന്നു ശുപാര്‍ശയുണ്ട്. പട്ടികയിലുള്ള പല സ്ഥലങ്ങളിലും നിലവില്‍ മദ്യക്കടയുണ്ട്.

നേരത്തെ പൂട്ടിപോയതാണ് പുതുതായി തുറക്കുന്നതില്‍ മിക്കവയും. ദേശീയ-സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്‍പന വേണ്ടെന്ന കോടതി ഉത്തരവ് ബിവറേജസ് കോര്‍പറേഷന് തിരിച്ചടിയായിരുന്നു. ചില പ്രദേശങ്ങളില്‍ റസിഡന്റ്സ് അസോസിയേഷനുകളും മതസംഘടനകളും എതിര്‍പ്പുന്നയിച്ചതും തടസമായി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ പുതുതായി തുറക്കുന്ന ഔട്ട്‌ലെറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ.

Next Story