'പകലും പുറത്തിറങ്ങാന്‍ തുടങ്ങി'; കുറുക്കന്‍മൂലയില്‍ കടുവയുടെ പുതിയ കാല്‍പ്പാടുകള്‍, പ്രദേശം വളഞ്ഞ് വനംവകുപ്പ്
കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തില്‍ നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ കേസ്
18 Dec 2021 3:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വയനാട് കുറുക്കന്‍മൂലയില്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പടര്‍ത്തിയ കടുവ പകല്‍ സമയത്തും പുറത്തിറങ്ങാന്‍ തുടങ്ങിയതായി വിലയിരുത്തല്‍. കുറുക്കന്മൂലയില്‍ കണ്ടെത്തിയ കടുവയുടെ പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തി. കുറുക്കന്‍ മൂല പിഎച്ച്‌സിക്ക് സമീപമാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. രാവിലെ കടന്നുപോയ നിലയിലാണ് കാല്‍പ്പാടുകള്‍.
രാവിലെ ഏഴരയോടെയാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. കണ്ടെത്തുന്നതിന് കുറച്ച് സമയം മുമ്പ് മാത്രമാണ് കടുവ ഇതുവഴി കടന്നുപോയത് എന്നാണ് വിലയിരുത്തല്‍. പിഎച്ച്‌സിക്ക് സമീപമുള്ള റോഡ് മുറിച്ച് കടന്ന് പോയ നിലയിലാണ് കാല്‍പ്പാടുകള്‍. പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് തെരച്ചില്‍ വ്യാപകമാക്കി. പ്രദേശം വളഞ്ഞ് തെരച്ചില്‍ നടത്താനാണ് നീക്കം. ഡാര്‍ട്ടിങ് ടീമിന്റെ നേതൃത്വത്തിലാണ് പരിശോധന.
കഴിഞ്ഞ ദിവസം കടുവയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്നലെ പുലര്‍ച്ചയോടെ കടുവയെ നാട്ടുകാര്‍ നേരിട്ട കണ്ട പുതിയിടം പ്രദേശത്തെ സ്വകാര്യ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിലാണ് കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. പുലര്‍ച്ചെ 1.15നാണ് കടുവ ഇതുവഴി കടന്നുപോയതെന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാകുന്നത്.
ദ്യശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് സ്ഥലത്തെത്തി പരിശോധന നടത്തി. രാവിലെ മുതല്‍ ഫോറസ്റ്റ് സംഘം പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്. അതേസമയം നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്. വ്യാഴാഴ്ച രണ്ട് വളര്‍ത്തുമൃഗങ്ങളെ വകവരുത്തിയ പയമ്പള്ളി പുതിയടത്ത് ഇന്നലെ രാത്രിയാണ് കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞത്. ഇതിന് പിന്നാലെ സ്ഥലത്ത് തെരച്ചിലിന് എത്തിയ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും. കടുവയെ പിടികൂടാനുള്ള നടപടികള്‍ കാര്യക്ഷമമല്ലെന്ന് നാട്ടുകാര്‍ ആരോപിക്കുകയും ചെയ്തിരുന്നു.
ഇന്നലെ രാത്രി കടുവയെ കണ്ട വിവരം അറിയിച്ചിട്ടും അധികൃതര്‍ എത്തിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. 'വിവരം അറിയിച്ചിട്ടും ഒരുത്തനും വന്നിട്ടില്ല, ഞങ്ങളാണ് ഇറങ്ങിയത്. മുളക്കൊമ്പ് പോലുമില്ലാതെയാണ് ഉദ്യോഗസ്ഥര്‍ വന്നതെന്നും നാട്ടുകാര്‍' ആരോപിച്ചു. പിന്നാലെ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തിനിടെ നഗരസഭാ കൗണ്‍സിലറെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. ഇതിനിടെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രനും നാട്ടുകാരും തമ്മിലായിരുന്നു കയ്യാങ്കളി.
പ്രതിഷേധിച്ച നാട്ടുകാര്‍ പുതിയേയേടത്ത് റോഡ് ഉപരോധിക്കുകയും ചെയ്തു. കൗണ്‍സിലറേയും പ്രാദേശിവാസിയെയും തടഞ്ഞ ഫോറെസ്റ്റ് ഉദ്യോഗസ്ഥന്‍ മാപ്പ് പറയാതെ പ്രദേശം വിട്ട് പോകാന്‍ അനുവദിക്കില്ലന്നാണ് നാട്ടുകാരുടെ നിലപാട്. ഈ സംഭവത്തില്‍ നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്ന നിലയും ഉണ്ടായി.
മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെതിരെയാണ് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം പുതിയിടത്ത് കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്ര ബാബുവിന്റെ പരാതിയെ തുടര്‍ന്നാണ് മാനന്തവാടി പോലീസ് കേസെടുത്തത്. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, കൈ കൊണ്ടുള്ള മര്‍ദനം, അന്യായമായി തടഞ്ഞുവെക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയതിനെതിരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.