കൊച്ചി മെട്രോ തൂണിന് പുറത്തുള്ള വിള്ളല്‍; ബലക്ഷയമില്ല, ആശങ്ക വേണ്ടെന്ന് കെഎംആര്‍എല്‍
നാല് മാസങ്ങള്‍ക്ക് മുമ്പ് മെട്രോയുടെ ഓപ്പറേഷനല്‍ വിഭാഗവും തൂണിലെ വിള്ളല്‍ ശ്രദ്ധിച്ചിരുന്നു
10 Jan 2023 2:06 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: ആലുവയില്‍ മെട്രോ തൂണിന്റെ പുറത്തുള്ള വിള്ളലില്‍ ആശങ്ക വേണ്ടെന്ന് കെഎംആര്‍എല്‍. ആലുവ ബൈപ്പാസില്‍ പില്ലര്‍ നമ്പര്‍ 44 ലിലാണ് വിള്ളല്‍ കണ്ടെത്തിയത്. പത്തടിപ്പാലത്തെ തൂണിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചയായ പശ്ചാലത്തില്‍ നാട്ടുകാരാണ് ഇക്കാര്യം മെട്രോ കമ്പനിയെ അറിയിച്ചത്. എന്നാല്‍ മെട്രോ തൂണിന് ബലക്ഷയമില്ലെന്നും അറ്റകുറ്റപ്പണികളുടെ ആവശ്യമില്ലെന്ന് പരിശോധനയില്‍ വ്യക്തമായെന്നും മെട്രോ കമ്പനി അറിയിച്ചു.
നാല് മാസങ്ങള്‍ക്ക് മുമ്പ് മെട്രോയുടെ ഓപ്പറേഷനല്‍ വിഭാഗവും തൂണിലെ വിള്ളല്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനയും നടത്തി. തൂണിന്റെ കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കി പ്ലാസ്റ്ററിംഗ് സമയത്ത് സംഭവിച്ച പ്രശ്നമാണ് വിള്ളലിന് കാരണമെന്നാണ് കണ്ടെത്തല്‍. പ്ലാസ്റ്ററിംഗ് ജോലിയ്ക്കിടെ ഫില്ലിംഗ് നടത്തിയപ്പോള്‍ മിശ്രിതം ചേരുന്നതില്‍ ഏറ്റക്കുറച്ചിലുണ്ടായി. എന്നാല്‍ ഇത് തൂണിന് ഏറ്റവും പുറത്തുള്ള പാളി മാത്രമെന്നും തൂണിന്റെ ബലത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്നുമാണ് മെട്രോ എഞ്ചിനീയറിംഗ് വിഭാഗം കണ്ടെത്തിയത്.
44 നമ്പര്‍ പില്ലറില്‍ യാതൊരു അറ്റകുറ്റപ്പണിയുടേയും ആവശ്യമില്ലെന്നാണ് മെട്രോ കമ്പനി വിശദീകരിക്കുന്നത്. ഇതേ റൂട്ടില്‍ പത്തടിപ്പാലത്തെ 347 നമ്പര്‍ തൂണിന് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തകരാര്‍ കണ്ടെത്തിയിരുന്നു. സര്‍വീസുകളുടെ വേഗത കുറച്ച് മാസങ്ങളെടുത്താണ് തൂണിന്റെ ബലക്ഷയം പരിഹരിച്ചത്. പത്തടിപ്പാലത്തെ തൂണിനുണ്ടായ തകരാര്‍ ഒരാഴ്ച്ചയ്ക്കകം പൂര്‍ണമായും പരിഹരിക്കാനുള്ള നടപടികളും പൂര്‍ത്തിയായി.
Story highlights: New cracks found in Kochi Metro Piller number 44 Near Aluva
- TAGS:
- Kochi Metro
- KMRL
- Aluva