Top

വിട്ട് നിന്ന് എഎന്‍ രാധാകൃഷ്ണന്‍; പുതിയ ബിജെപി ജില്ലാ അധ്യക്ഷന്‍ ഒരാഴ്ച്ചക്കകം

ജയകൃഷ്ണനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുമെന്ന സൂചന മാസങ്ങളായി ശക്തമായിരുന്നു. ഏതാനും ആഴ്ച്ചകളായി അദ്ദേഹം പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നില്ല.

23 Oct 2022 2:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിട്ട് നിന്ന് എഎന്‍ രാധാകൃഷ്ണന്‍; പുതിയ ബിജെപി ജില്ലാ അധ്യക്ഷന്‍ ഒരാഴ്ച്ചക്കകം
X

കൊച്ചി: ജില്ലാ നേതൃയോഗത്തില്‍ നിന്നും വിട്ട് നിന്ന് എഎന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍. ഏകപക്ഷീയമായി ജില്ലാ അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് വിട്ടുനിന്നതെന്നാണ് സൂചന. പുതിയ ബിജെപി ജില്ലാ അധ്യക്ഷനെ ഒരാഴ്ച്ചക്കുള്ളില്‍ തീരുമാനിക്കാന്‍ ജില്ലാ നേതൃയോഗത്തില്‍ ധാരണയായി.

അതേസമയം എസ് ജയകൃഷ്ണനെ ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയത് യോഗത്തില്‍ പ്രത്യേകം ചര്‍ച്ചയായില്ല. മറിച്ച് സംസ്ഥാനത്തെ ഫണ്ട് ശേഖരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് യോഗത്തില്‍ നടന്നതെന്നാണ് വിവരം. സംസ്ഥാന വൈസ് പ്രസിഡണ്ട് സി ശിവന്‍കുട്ടിയാണ് യോഗം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് എസ് രാധാകൃഷ്ണന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചത്.

ജയകൃഷ്ണനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുമെന്ന സൂചന മാസങ്ങളായി ശക്തമായിരുന്നു. ഏതാനും ആഴ്ച്ചകളായി അദ്ദേഹം പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നില്ല. രാജിക്കത്ത് സ്പീഡ് പോസ്റ്റ് വഴിയാണ് ജയകൃഷ്ണന്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. കത്ത് കിട്ടിയെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ജയകൃഷ്ണനെ അറിയിച്ചെങ്കിലും രാജി സ്വീകരിച്ചതായി ഒദ്യോഗിക സ്ഥിരീകരണമില്ല. ഇന്നലെ മുഴുവന്‍ സമയവും എറണാകുളത്ത് ഉണ്ടായിരുന്നെങ്കിലും രാജിക്കാര്യം സ്ഥിരീകരിക്കാന്‍ സുരേന്ദ്രന്‍ തയ്യാറായില്ല.

ആര്‍എസ്എസിന്റെ പിന്തുണയോടെയായിരുന്നു ജയകൃഷ്ണന്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ജയകൃഷ്ണനെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഡിസംബര്‍ മൂന്നിന് കാലാവധി തീരുന്നത് വരെ ജയകൃഷ്ണനെ നീക്കം ചെയ്യേണ്ടതില്ലെന്ന നിലപാടായിരുന്നു ആര്‍എസ്എസിനുള്ളത്.ആര്‍എസ്എസ് നിലപാട് തള്ളാനാകാത്തത് കൊണ്ടാണ് രാജി സ്ഥിരീകരണം ഉണ്ടാകത്തതെന്നാണ് വിവരം. സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊച്ചി വിമാനത്താവളത്തില്‍ ഒരുക്കിയ സ്വീകരണ പൊതുസമ്മേളനത്തില്‍ ആളു കുറഞ്ഞത് അടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ജയകൃഷ്ണന് അവമതിപ്പുണ്ടാക്കി.

Next Story