Top

നീറ്റ് പരീക്ഷക്കിടെ അടിവസ്ത്രമഴിപ്പിച്ച സംഭവം; വിദ്യാർത്ഥികൾക്കായി ഇന്ന് വീണ്ടും പരീക്ഷ

4 Sep 2022 1:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നീറ്റ് പരീക്ഷക്കിടെ അടിവസ്ത്രമഴിപ്പിച്ച സംഭവം; വിദ്യാർത്ഥികൾക്കായി ഇന്ന് വീണ്ടും പരീക്ഷ
X

കൊല്ലം: നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ പരാതിപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഇന്ന് വീണ്ടും പരീക്ഷ നടത്തും. കൊല്ലം എസ് എന്‍ സ്‌കൂളിലാണ് ഉച്ചയ്ക്ക് ഒരുമണി മുതല്‍ പരീക്ഷ. വിവാദമുണ്ടായി ഒരു മാസത്തിന് ശേഷമാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. വീണ്ടും പരീക്ഷയെഴുതാൻ താൽപര്യമുള്ള വിദ്യാർത്ഥികൾ മാത്രം എഴുതിയാൽ മതിയെന്നും ദേശീയ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.

കൊല്ലം ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ നടന്ന പരീക്ഷയിൽ പരാതി ഉന്നയിച്ച വിദ്യാർത്ഥികൾക്കാണ് പരീക്ഷയെഴുതുവാനുളള അവസരം. സംഭവവുമായി ബന്ധപ്പെട്ട് പരീക്ഷ കേന്ദ്രത്തിന്റെ ചുമതലയുണ്ടായ പ്രജി കുര്യന്‍ ഐസക്, ഒബ്‌സര്‍വര്‍ ഡോ.ഷംനാദ് എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യം ലഭിച്ചു. കടയ്ക്കല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് എല്ലാവര്‍ക്കും ജാമ്യം അനുവദിച്ചത്.

സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ദേശീയ ടെസ്റ്റിങ് ഏജൻസി വീഴ്ച സംഭവിച്ചില്ലെന്നാണ് വിശദീകരിച്ചത്. ഇതിന് പിന്നാലെ കേരളത്തിൽ നിന്നുള്ള എം പിമാർ വിഷയം പാർലമെൻറിൽ ഉന്നയിച്ചതിനെ തുടർന്ന് ദേശീയ ടെസ്റ്റിങ് ഏജൻസി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കമ്മീഷൻ കൊല്ലത്തെ പരീക്ഷാ സെന്ററിലെത്തുകയും പരാതിപ്പെട്ട വിദ്യാർത്ഥിനികളിൽ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വീണ്ടും പരീക്ഷ നടത്താൻ അവസരം നൽകണമെന്ന് കമ്മീഷനോട് വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ടിരുന്നു.

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി നേരത്തെ പരിഗണിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയോട് കോടതി ആവശ്യപ്പെട്ടു. ഹര്‍ജി നിലനില്‍ക്കില്ലെന്ന എന്‍ടിഎയുടെ വാദം കോടതി അംഗീകരിച്ചില്ല. ദേശീയ തലത്തില്‍ നടക്കുന്ന പരീക്ഷയ്ക്ക് കുട്ടികളെ പരിശോധിച്ചവര്‍ക്ക് മതിയായ പരിശീലനം ലഭിച്ചില്ലെന്ന നേരത്തെ വ്യക്തമായിരുന്നു.

Next Story