Top

വേണ്ടി വന്നാല്‍ പക്ഷിമൃഗാദികള്‍ക്കും ചികിത്സ; പരുക്കേറ്റ കാക്കകുഞ്ഞിന് ചികിത്സ നല്‍കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി

ആശുപത്രിയുടെ മുന്നിലുളള മാവില്‍ നിന്ന് വീണാണ് കാക്കകുഞ്ഞിന്റെ ചിറകിന് പരുക്കേറ്റത്

26 Dec 2022 8:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വേണ്ടി വന്നാല്‍ പക്ഷിമൃഗാദികള്‍ക്കും ചികിത്സ; പരുക്കേറ്റ കാക്കകുഞ്ഞിന് ചികിത്സ നല്‍കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി
X

ഇടുക്കി: പരുക്കേറ്റ കാക്കയ്ക്ക് ചികിത്സ നല്‍കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി. വേണ്ടിവന്നാല്‍ പക്ഷിമൃഗാദികള്‍ക്കും ചികിത്സ നല്‍കുമെന്ന് തെളിയിച്ചിരിക്കുകയാണ് ആശുപത്രി ജീവനക്കാര്‍. നഴ്‌സിങ് അസിസ്റ്റന്‍ഡ് ജിതേന്ദ്ര മണിക്കും സെക്യൂരിറ്റി ജീവനക്കാരനായ കെഎസ് ബിജുവിനുമാണ് പരുക്കേറ്റ നിലയില്‍ കാക്കകുഞ്ഞിനെ കിട്ടിയത്.

ആശുപത്രിയുടെ മുന്നിലുളള മാവില്‍ നിന്ന് വീണാണ് കാക്കകുഞ്ഞിന്റെ ചിറകിന് പരുക്കേറ്റത്. ചുറ്റുമുളള മറ്റ് കാക്കകളുടെ ശബ്ദം കേട്ടാണ് ജീവനക്കാര്‍ മുറ്റത്തിറങ്ങി നോക്കിയത്. തുടര്‍ന്നാണ് ഉറുമ്പരിച്ച നിലയില്‍ പറക്കാനാകാത്ത വിധം കിടക്കുന്ന കാക്കകുഞ്ഞ് ഇരുവരുടെയും ശ്രദ്ധയില്‍പ്പെടുന്നത്.

കാക്കയെ കണ്ട ഉടനെ തന്നെ അതിന് ജീവനുണ്ടോ എന്ന് ജീവനക്കാര്‍ പരിശോധിച്ചു. ജീവനുണ്ടെന്ന് കണ്ടതോടെ അവര്‍ കാക്കകുഞ്ഞിനെ ആശുപത്രിയുടെ അകത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് മുറിവ് വൃത്തിയാക്കുകയും ചിറകില്‍ മരുന്ന് പുരട്ടുകയും പ്ലാസ്റ്ററുകള്‍ ഉപയോഗിച്ച് മുറിവ് സുരക്ഷിതമാക്കുകയും ചെയ്തു.

കാക്ക കുഞ്ഞിനെ അകത്തേക്ക് കൊണ്ടുപോയതിന്റെ പിന്നാലെ എത്തിയ മറ്റ് കാക്കകള്‍ യാതൊരു ബളവും ശല്ല്യവും കൂടാതെയാണ് ആശുപത്രിക്ക് പുറത്ത് കാത്തുനിന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇതൊരു അതിശയകരമായ കാഴ്ച ആയിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാക്കയുടെ മുറിവ് അല്‍പ്പം ഭേദമായതോടെ അനങ്ങാന്‍ തുടങ്ങിയ കാക്കകുഞ്ഞിനെ ജീവനക്കാര്‍ മരത്തിന് സമീപം തന്നെ സുരക്ഷിതമായ ഒരിടത്ത് കൊണ്ടുവെച്ചു.

STORY HIGHLIGHTS: Nedumkandam taluk hospital treated the injured crow

Next Story