48 മണിക്കൂർ നീളുന്ന പൊതുപണിമുടക്ക്: ആവശ്യ സർവീസുകളെ ഒഴിവാക്കി; വാഹനങ്ങൾ ഓടില്ല
വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്നവർ പണിമുടക്കുന്നതോടെ കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞു കിടക്കും
24 March 2022 8:44 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമിതി പ്രഖ്യാപിച്ച പൊതുപണിമുടക്ക് മാർച്ച് 28, 29 തീയതികളിൽ നടക്കും. 48 മണിക്കൂർ നീളുന്ന പൊതുപണിമുടക്കിൽ മോട്ടർ മേഖലയിലെ തൊഴിലാളികളും പണിമുടക്കുന്നതോടെ വാഹനങ്ങൾ ഓടില്ലെന്നു ട്രേഡ് യൂണിയൻ സംയുക്ത സമിതി അറിയിച്ചു. മാർച്ച് 28 രാവിലെ ആറ് മണി മുതൽ മാർച്ച് 30 രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്.
ആശുപത്രി, ആംബുലൻസ്, മെഡിക്കൽ സ്റ്റോറുകൾ, പാൽ, പത്രം, ഫയർ ആൻറ് റസ്ക്യൂ പോലുള്ള ആവശ്യ സർവീസുകളെ പണിമുടക്കിൽനിന്ന് ഒഴിവാക്കി. വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്നവർ പണിമുടക്കുന്നതോടെ കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞു കിടക്കും. കർഷകസംഘടനകൾ, കർഷകത്തൊഴിലാളി സംഘടനകൾ, കേന്ദ്ര-സംസ്ഥാന സർവീസ് സംഘടനകൾ, അധ്യാപകസംഘടനകൾ, ബിഎസ്എൻഎൽ, എൽഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, തുറമുഖ തൊഴിലാളികൾ തുടങ്ങിയവർ പണിമുടക്കിൽ പങ്കുചേരും.
ദേശീയതലത്തിൽ ബി.എം.എസ് ഒഴികെ 20 ഓളം തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. കേരളത്തിൽ 22 തൊഴിലാളി സംഘടനകൾ പണിമുടക്കിൽ അണിനിരക്കുമെന്ന് സംയുക്തസമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, കർഷകരുടെ അവകാശപത്രിക ഉടൻ അംഗീകരിക്കുക, അടക്കമുള്ള 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് ദ്വിദിന സമരം.
Story highlights: Necessary services were excluded from the general strike