വിദേശ ഫണ്ട് തടയല്‍ തുടരുന്നു; ജാമിയ മിലിയയും ഐഎംഎയും ഉള്‍പ്പെടെ 6000ത്തോളം സ്ഥാപനങ്ങള്‍ക്ക് വിലക്ക്
വിദേശ ഫണ്ട് സ്വീകരിക്കണമെങ്കില്‍ സംഘടനകള്‍ക്കും എന്‍ജിഒയ്ക്കും എഫ്സിആര്‍എ രജിസ്ട്രേഷന് അത്യാവശ്യമാണ്
1 Jan 2022 3:48 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ജാമിയ മിലിയ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, ഡല്‍ഹി ഐഐടി, നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ഉള്‍പ്പെടെ ആറായിരത്തോളം സ്ഥാപനങ്ങളുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള രജിസ്ട്രേഷന് കാലാവധി ശനിയാഴ്ച്ചയോടെ അവസാനിക്കും. അവയുടെ എഫിസിആര്എ രജിസ്ട്രേഷന് പുതുക്കാനുള്ള അപേക്ഷ കേന്ദ്രം തള്ളി. മദര്‍തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടനയുടെ എഫ്സിആര്‍എ ലൈസന്‍സ് പുതുക്കാനുള്ള അനുമതി നിഷേധിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിക്കുന്നത്.
ഈ സ്ഥാപനങ്ങള്‍ രജിസ്ട്രേഷന് പുതുക്കാനുള്ള അപേക്ഷ നല്കാതിരിക്കുകയോ അല്ലെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് തള്ളുകയോ ചെയ്തതാവാം എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്, ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഫൗണ്ടേഷന്, ലേഡി ശ്രീറാം കോളേജ് ഫോര്‍ വുമണ്‍, ഡല്‍ഹി കോളേജ് ഓഫ് എന്‍ജിനീയറിംഗ്, ഒക്സ്ഫാം ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ ഉള്‍പ്പെടെ എഫ്സിആര്‍എ രജിസ്ട്രേഷനാണ് ശനിയാഴ്ച്ച അവസാനിക്കുക.
വിദേശ ഫണ്ട് സ്വീകരിക്കണമെങ്കില്‍ സംഘടനകള്‍ക്കും എന്‍ജിഒയ്ക്കും എഫ്സിആര്‍എ രജിസ്ട്രേഷന് അത്യാവശ്യമാണ്. ശനിയാഴ്ച്ചവരേയും രജിസ്ട്രേഷന് ഉള്ള സ്ഥാപനങ്ങള്‍ 22,762 ആണെങ്കില്‍ പിന്നീട് അത് 16, 829 ആയി ചുരുങ്ങും. കഴിഞ്ഞ വര്‍ഷത്തില്‍ അയ്യായിരത്തിലധികം എന്‍ജിഒകളാണ് പ്രവര്‍ത്തനം നിര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.