Top

'തൃക്കാക്കരയില്‍ സ്ഥാനാർത്ഥി നിർണയം മുതൽ വൻ മുന്നേറ്റം'; എൻഡിഎ യോ​ഗത്തിൽ വിലയിരുത്തൽ

10 May 2022 5:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃക്കാക്കരയില്‍ സ്ഥാനാർത്ഥി നിർണയം മുതൽ  വൻ മുന്നേറ്റം; എൻഡിഎ യോ​ഗത്തിൽ വിലയിരുത്തൽ
X

എറണാകുളം: തൃക്കാക്കര ഉപതരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ വന്‍ മുന്നേറ്റമാണ് നടത്തിയതെന്ന് എന്‍ഡിഎ ജില്ലാ നേതൃ യോഗത്തില്‍ വിലയിരുത്തല്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്റെ വിജയം ഉറപ്പു വരുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇടതു വലത് മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പരാജയപ്പെട്ടു. എന്നാല്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി വന്‍ മുന്നേറ്റമാണ് എന്‍ഡിഎ നടത്തിയതെന്നാണ് യോഗത്തിലെ വിലയിരുത്തല്‍. ബിഡിജെഎസ് ജില്ലാ അധ്യക്ഷന്‍ എബി ജയപ്രകാശ് യോഗത്തിന് അധ്യക്ഷത വഹിച്ചു.

ബിജെപിയുടെ എ ക്ലാസ് മണ്ഡലമല്ലെങ്കിലും തൃക്കാക്കരയില്‍ പരമാവധി വോട്ട് സമാഹരിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. ബിജെപിയെ സംബന്ധിച്ച് 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായ മണ്ഡലമാണ് തൃക്കാക്കര. 2016 ല്‍ ബിജെപിക്ക് 15 ശതമാനം വോട്ട് ലഭിച്ച മണ്ഡലമായിരുന്നു തൃക്കാക്കര. 21247 വോട്ടുകള്‍. എന്നാല്‍ 2021 ലേക്ക് എത്തിയപ്പോള്‍ ഇത് 15,218 വോട്ടുകളിലേക്ക് ചുരുങ്ങി വോട്ടിം​ഗ് ശതമാനം 11.34% ആയി കുറഞ്ഞു.

സ്ഥാനാര്‍ത്ഥി ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ ഉയര്‍ന്നു കേട്ട പേരായിരുന്നു രാധാകൃഷ്ണന്‍. കേരളത്തില്‍ ഇരട്ട നീതിയാണെന്ന വിഷയം ഉയര്‍ത്തിയായിരിക്കും ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുക എന്ന് ഇതിനോടകം തന്നെ ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് എല്‍ഡിഫും യുഡിഎഫും എന്ന ആക്ഷേപം ആയിരിക്കും ബിജെപി ഉന്നയിക്കുക.

Story Highlight: NDA campaign is going good in Thrikkakara byelection; district committee meeting evaluates

Next Story