കുളത്തൂപ്പുഴയില്‍ എന്‍സിപി നേതാക്കള്‍ തമ്മിലടിച്ചു
20 Nov 2021 2:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊല്ലം കുളത്തൂപ്പുഴയില്‍ എന്‍സിപി പ്രാദേശിക നേതാക്കള്‍ തമ്മിലടിച്ചു. എന്‍സിപി പതാകയേന്തി ഒരു വിഭാഗം പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി പ്രകടനം നടത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രകടനം ടൗണിലെത്തിച്ചേര്‍ന്നതോടെ മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റ് റഹീമിന്റെ നേതൃത്വത്തില്‍ മറ്റൊരു വിഭാഗവും എത്തിച്ചേര്‍ന്നു.
മണ്ഡലം കമ്മറ്റി അറിയാതെയാണ് പ്രകടനം നടത്തിയതെന്ന് ആരോപിച്ച് ഇരു കൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തർക്കം മൂത്തതോടെ നടുറോഡില്‍ ഇരുകൂട്ടരും തമ്മില്‍ത്തല്ലി. അടിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ട്രോളുകളും നിറയുന്നുണ്ട്.
മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് പ്രകടനം നടത്തിയവര്‍ പൊലീസിനോട് വിശദീകരിച്ചു. ഇരുകൂട്ടരും രംഗം വഷളായതോടെ സ്ഥലം വിട്ടു. സംഭവത്തില്‍ പാര്‍ട്ടി നേതൃത്വം ഇരുകൂട്ടര്‍ക്കെതിരെയും നടപടി സ്വീകരിച്ചേക്കും. മുതിര്‍ന്ന നേതാക്കളാരും സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.