Top

നയന സൂര്യയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും

10 Jan 2023 5:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നയന സൂര്യയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും
X

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. നയനയുടെ അമ്മ, അച്ഛന്‍, സഹോദരന്‍ എന്നിവരാണ് മുഖ്യമന്ത്രിയെ കാണുക. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെടും.

കൊലപാതക സംശയത്തെ തുടര്‍ന്ന് കേസ് അന്വേഷണം തിരുവനന്തപുരം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് എഡിജിപി എം ആര്‍ അജിത് കുമാറാണ് ഉത്തരവിട്ടത്. പക്ഷേ സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന നിലപാടിലാണ് നയനയുടെ കുടുംബം. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം മുഖ്യമന്ത്രിയെ സമീപിക്കുന്നത്.

2019 ഫെബ്രുവരി 24നാണ് യുവ സംവിധായിക നയന സൂര്യയെ തിരുവനന്തപുരം ആല്‍ത്തറയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് മ്യൂസിയം പൊലീസ് കേസെടുത്തെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നിരുന്നില്ല. നയനയുടെ മരണം കൊലപാതകമാകാമെന്ന സംശയം ബലപ്പെടുത്തുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതും സുഹൃത്തുക്കളുടെ പരാതിയുമാണ് വീണ്ടും അന്വേഷണത്തിലേക്ക് നയിച്ചത്. അടിവയറ്റില്‍ ക്ഷതമേറ്റിരുന്നതായും കഴുത്തില്‍ ഗുരുതര മുറിവുകള്‍ ഉണ്ടായതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ട്. സ്വയം കഴുത്ത് ഞെരിച്ച് ആകാം എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പരാമര്‍ശം.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ 'അസ്ഫിക്‌സിയോഫീലിയ' എന്ന സ്വയം പീഡന അവസ്ഥയില്‍ മരണം സംഭവിച്ചതാകാമെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഈ നിഗമനത്തില്‍ എത്തിയതെന്നും ഇതിനുള്ള വിദൂര സാധ്യതകള്‍ പോലുമില്ലെന്നും നയനയുടെ ബന്ധുക്കളും സുഹൃത്തുക്കളും സംശയം പ്രകടിപ്പിക്കുന്നു. കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ട്.

STORY HIGHLIGHTS: Nayana Surya family will meet CM today demanding CBI probe

Next Story