Top

'യുവ സംവിധായികയുടെ മരണം സ്വയം കഴുത്ത് ഞെരിച്ച്'; ഫൊറൻസിക് റിപ്പോർട്ടിൽ വിചിത്ര പരാമർശം

ആര്‍ഡി ഓഫീസിലെ ഫയലില്‍ ഇല്ലാത്ത ഈ റിപ്പോര്‍ട്ട്, ഉന്നത പൊലീസ് സംഘം വീണ്ടും പരിശോധിച്ച് വരികയാണ്.

3 Jan 2023 2:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുവ സംവിധായികയുടെ മരണം സ്വയം കഴുത്ത് ഞെരിച്ച്; ഫൊറൻസിക് റിപ്പോർട്ടിൽ വിചിത്ര പരാമർശം
X

തിരുവനന്തപുരം: യുവ സംവിധായിക നയനാ സൂര്യയുടെ മരണം സ്വയം കഴുത്ത് ഞെരിച്ച് ആകാം എന്ന് ഫോറൻസിക് റിപ്പോർട്ടിൽ പരാമർശം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ 'അസ്ഫിക്സിയോഫീലിയ' എന്ന സ്വയം പീഡന അവസ്ഥയില്‍ മരണം സംഭവിച്ചതാകാമെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. ആര്‍ഡി ഓഫീസിലെ ഫയലില്‍ ഇല്ലാത്ത ഈ റിപ്പോര്‍ട്ട്, ഉന്നത പൊലീസ് സംഘം വീണ്ടും പരിശോധിച്ച് വരികയാണ്.

ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഈ നിഗമനത്തിൽ എത്തിയതെന്നും ഇതിനുള്ള വിദൂര സാധ്യതകള്‍ പോലുമില്ലെന്നും നയനയുടെ ബന്ധുക്കളും സുഹൃത്തുക്കളും സംശയം പ്രകടിപ്പിക്കുന്നു. കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇതിനെ സാധൂകരിക്കാന്‍ പിന്നീട് 'അസ്ഫിക്സിയോഫീലിയ' ചേർത്തതാണെന്ന സംശയം ബലപ്പെടുകയാണ്. സ്വയം പീഡിപ്പിച്ചും ശ്വാസംമുട്ടിച്ചും ആനന്ദം കണ്ടെത്തുന്ന അത്യപൂര്‍വമായ ഈ അവസ്ഥ ലോകത്ത് തന്നെ വിരളമായെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.

'അസ്ഫിക്സിയോഫീലിയ' കാരണമാണ് മരണം എന്ന തീര്‍പ്പിലെത്തണമെങ്കില്‍ മരണം നടന്ന സ്ഥലത്തെ ചുറ്റുപാടും വസ്തുക്കളും ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ഒത്തുവരണം എന്ന് വ്യവസ്ഥയുണ്ട്. ഇക്കാര്യങ്ങളൊന്നും പൊലീസ് തയാറാക്കിയ റിപ്പോര്‍ട്ടിലില്ല. മൃതദേഹം കണ്ട സ്ഥലത്ത് ദൂരെമാറി ചുരുട്ടിയ പുതപ്പ് കണ്ടു എന്നാണ് റിപ്പോർട്ടിൽ ആകെയുള്ള വിവരം.

മുറി അകത്തുനിന്ന് കുറ്റിയിട്ടിരുന്നു എന്നാണ് മൃതദേഹം ആദ്യം കണ്ട സുഹൃത്തുക്കള്‍ മൊഴി നല്‍കിയത്. എന്നാല്‍ വാതില്‍ കൈകൊണ്ട് തള്ളിത്തുറന്നു എന്നും പൊലീസ് രേഖപ്പെടുത്തിയ മൊഴിയിലുണ്ട്. മൂന്ന് വർഷമായിട്ടും അന്വേഷണം എങ്ങുമെത്താതായതോടെ, നയനയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയതാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾക്ക് പിന്നിൽ.

അടിവയറ്റില്‍ മര്‍ദ്ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിട്ടും പൊലീസ് അന്വേഷിക്കുകപോലും ചെയ്യാതെ കേസ് അവസാനിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പരാതിയുണ്ട്. 2019 ഫെബ്രുവരി 24-നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകള്‍ നയനാസൂര്യയെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സംവിധാന സഹായിയായിരുന്നു നയന.

Story Highlights: Nayana Surya death police forensic report

Next Story