Top

നയന സൂര്യന്റെ മരണം: മുറിയിൽ ഉണ്ടായിരുന്ന വസ്തുക്കൾ കണ്ടെടുത്ത് ക്രൈം ബ്രാഞ്ച്

25 Jan 2023 11:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നയന സൂര്യന്റെ മരണം: മുറിയിൽ ഉണ്ടായിരുന്ന വസ്തുക്കൾ കണ്ടെടുത്ത് ക്രൈം ബ്രാഞ്ച്
X

തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യന്റെ മരണസമയത്ത് മുറിയിൽ ഉണ്ടായിരുന്ന വസ്തുക്കൾ കണ്ടെത്തി. മരണത്തിന് പിന്നാലെ നയനയുടെ മുറിയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത വസ്തുക്കളാണ് കണ്ടെത്തിയത്. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ബെഡ് ഷീറ്റും തലയണയും വസ്ത്രങ്ങളുമാണ് കണ്ടെത്തിയത്. അതേസമയം, നയനയുടെ മൃതദേഹത്തിൽ നിന്നുമെടുത്ത വസ്ത്രങ്ങൾ ഇപ്പോഴും കണ്ടെത്തിയില്ല.

നയനയുടെ മരണം സംബന്ധിച്ച് ആദ്യം അന്വേഷിച്ച സംഘത്തിൻറെ വീഴ്ചകൾ പുതിയ അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിലൊന്നായിരുന്നു മരണത്തിന് പിന്നാലെ നയനയുടെ മുറിയിൽ നിന്നും മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ കാണാതായത്. നയനയുടെ ചുരിദാർ, അടിവസ്ത്രം, തലയണ ഉറ, പുതപ്പ് എന്നിവയാണ് കാണാതായത്. ക്രൈംബ്രാഞ്ച് ആവശ്യപ്രകാരം പൊലീസുകാർ നടത്തിയ തെരച്ചിലാണ് ഇപ്പോൾ വസ്തുക്കൾ കണ്ടെത്തിയത്.

മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സാധനങ്ങൾ കൂട്ടിയിട്ടിരുന്നിടത്ത് നിന്നാണ് വസ്തുക്കൾ കണ്ടെത്തിയത്. നാല് വർഷത്തിന് ശേഷം അന്വേഷണം ക്രെെം ബ്രാഞ്ചിന് നൽകിയപ്പോൾ തെളിവ് ശേഖരിക്കൽ വലിയ വെല്ലുവിളിയായിരുന്നു. നിർണായകമാകുന്ന തെളിവുകൾ കൂടി ലഭിച്ചതോടെ ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. മറ്റു തൊണ്ടിമുതലുകൾ കണ്ടെത്താൻ പരിശോധന തുടരുകയാണ്.

STORY HIGHLIGHTS: Nayana Surya death Crime branch recovers the items in her room

Next Story