'ആര്‍എസ്എസുമായി സിപിഐഎം ബന്ധമുണ്ടാക്കി'; വിമര്‍ശനവുമായി നവയുഗം
അടിയന്തിരാവസ്ഥ കാലത്ത് ആര്‍എസ്എസുമായി സിപിഐഎം ബന്ധമുണ്ടാക്കി, ഇക്കാര്യം സുന്ദരയ്യ തന്നെ പറഞ്ഞിട്ടുണ്ടെന്നും നവയുഗം പറയുന്നു
1 April 2022 6:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപ്രസിദ്ധീകരണം നവയുഗം. നേരത്തെ ചിന്തയില്‍ പ്രത്യക്ഷപ്പെട്ട വിമര്‍ശനം മര്യാദയില്ലാത്തതാണെന്ന് നവയുഗം വിമര്‍ശിച്ചു. തുടര്‍ച്ചയായ രണ്ടാം ലക്കത്തിലാണ് നവയുഗത്തിന്റെ വിമര്‍ശനം. അടിയന്തിരാവസ്ഥ കാലത്ത് ആര്‍എസ്എസുമായി സിപിഐഎം ബന്ധമുണ്ടാക്കി, ഇക്കാര്യം സുന്ദരയ്യ തന്നെ പറഞ്ഞിട്ടുണ്ടെന്നും നവയുഗം പറയുന്നു.
കോണ്‍ഗ്രസ് ബന്ധത്തില്‍ സിപിഐയെ വിമര്‍ശിക്കുന്ന സിപിഐഎം തമിഴ്നാട്ടില്‍ അവരുമായി ബന്ധമുണ്ടാക്കിയത് മറക്കുന്നു. രാജന് തിരോധാനത്തിന്റെ പേരില്‍ സി അച്യൂതമേനോനെ വിമര്‍ശിക്കുന്നവര്‍ മാവോയിസ്റ്റ് കൊലകളുടെ പേരിലും അലന് താഹ കേസിലും പിണറായി വിജയനെ വിമര്‍ശിക്കാത്തത് എന്തുകൊണ്ടാണെന്നും മാസികയില്‍ പറയുന്നു.
ചിന്തക്ക് മറുപടിയുമായി നേരത്തേയും നവയുഗം രംഗത്തെത്തിയിരുന്നു. ചിന്തയിലെ ലേഖനത്തില്‍ ഉള്ളത് ഹിമാലയന്‍ വിഡ്ഡിത്തങ്ങള് എന്ന് പരിഹസിക്കുന്ന നവയുഗം സിപിഐഎം നേതാവ് ഇഎംഎസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ചിന്തയിലെ ലേഖനം വിവാദമായതിന് പിന്നാലെ ഇതിന് മറുപടി നവയുഗം നല്‍കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വ്യക്തമാക്കിയിരുന്നു, പിന്നാലെയാണ് നവയുഗത്തിന്റെ രൂക്ഷ വിമര്‍ശനം. തിരിഞ്ഞുകുത്തുന്ന നുണകള്‍ എന്ന പേരിലാണ് നവയുഗത്തിന്റെ മറുപടി.
ശരിയും തെറ്റും അംഗീകരിക്കാന്‍ സിപിഐഎമ്മിന് ഒരിക്കലും കഴിഞ്ഞിട്ടില്ല. കൂട്ടത്തിലുള്ളവരെ വര്‍ഗ്ഗവഞ്ചകര്‍ എന്ന് വിളിച്ചത് ഇഎംഎസ് ആയിരുന്നു എന്നും നവയുഗം ഓര്‍മ്മിപ്പിക്കുന്നു. നക്സല്‍ബാരി സംഭവങ്ങളുടെ ഉത്തരവാദിത്വം സിപിഐഎമ്മിനാണ്. സിപിഐഎം യുവാക്കള്‍ക്ക് സായുധ വിപ്ലവ മോഹം നല്‍കുകയായിരുന്നു എന്നും ലേഖനം കുറ്റപ്പെടുത്തുന്നു.ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്നത്തില്‍ ഇഎംഎസിനെ പോലൂള്ള നേതാക്കള്‍ കൗശലപൂര്‍വം തടിതപ്പുകയായിരുന്നു എന്നും ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന അവരുടേതെന്നും പറയുന്ന പ്രദേശം എന്ന പരാമര്‍ശം ചൂണ്ടിക്കാട്ടി നവയുഗം പറയുന്നു. നേതാക്കള്‍ ചൈനീസ് സ്തുതി പാഠകരായി മാറുന്നത് ചരിത്ര സത്യങ്ങള്‍ക്ക് ചേരുന്നത് അല്ലെന്നും നവയുഗം ഓര്‍മ്മിപ്പിക്കുന്നു.
ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തി' എന്ന സിപിഐ സ്വയം ഏറ്റെടുക്കുകയാണെന്നും ഇത് റിവിഷനിസ്റ്റ് രോഗത്തിന്റെ ബഹിര്‍പ്രകടനമാണ്. എന്നായിരുന്നു സിപിഐഎം പ്രസിദ്ധീകരണമായ ചിന്തയിലെ ആക്ഷേപം. സിപിഐ പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സമ്മേളനങ്ങളില്‍ ചര്‍ച്ചചെയ്യാന്‍ അവതരിപ്പിക്കപ്പെട്ട രേഖ സ്വയം തിരുത്തുന്നതിനല്ല, സിപിഐ എമ്മിനെ തിരുത്തുന്ന കാര്യമാണ് ചര്‍ച്ചചെയ്യുന്നത് എന്നും ചിന്ത കുറ്റപ്പെടുത്തുന്നു. തിരുത്തല്‍വാദത്തിന്റെ ചരിത്രവേരുകള്‍' എന്നപേരില്‍ ചിന്തയിലെ ലേഖനത്തിലായിരുന്നു വിമര്‍ശനം. സിപിഐ പാര്‍ട്ടിസമ്മേളനങ്ങളിലെ പ്രസംഗത്തിന് തയ്യാറാക്കിയ കുറിപ്പില്‍ ഇടതുപക്ഷത്തെ തിരുത്തല്‍ശക്തിയായി നിലകൊള്ളുമെന്ന പ്രയോഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു ഇതാണ് സിപിഐഎമ്മിന്റെ താത്വിക രാഷ്ട്രീയ രംഗത്തെ പ്രചരണോപാധി എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ചിന്ത'യെ ചൊടിപ്പിച്ചത്. അടിയന്തരാവസ്ഥകാലത്ത് സിപിഐ സ്വീകരിച്ച നിലപാടുകളും ചിന്ത രൂക്ഷമായി വിര്മശിച്ച ലേഖനം സിപിഐക്ക് അധികാര ഭ്രമമാണെന്നും കുറ്റപ്പെടുത്തിയിരുന്നു.