Top

'ശശി തരൂര്‍ അറിയിക്കാതെ പങ്കെടുത്തത് പാര്‍ട്ടി മര്യാദകളുടെ ലംഘനം'; പോഷക സം​ഘടനകളുടെ രീതി ശരിയല്ലെന്ന് നാട്ടകം സുരേഷ്

'പോഷക സംഘടനകള്‍ വലിയ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ഡിസിസി പ്രസിഡന്റിനോടും കെപിസിസി പ്രസിഡന്റിനോടും ചര്‍ച്ച ചെയ്ത് സംഘടിപ്പിക്കുന്ന ഒരു പരമ്പരാഗത രീതി പാര്‍ട്ടിക്കുണ്ട്'

3 Dec 2022 5:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശശി തരൂര്‍ അറിയിക്കാതെ പങ്കെടുത്തത് പാര്‍ട്ടി മര്യാദകളുടെ ലംഘനം; പോഷക സം​ഘടനകളുടെ രീതി ശരിയല്ലെന്ന് നാട്ടകം സുരേഷ്
X

കോട്ടയം: യൂത്ത് കോൺ​ഗ്രസ് സമ്മേളനത്തിൽ ശശി തരൂർ എംപി പങ്കെടുക്കുന്നത് അറിയിച്ചില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. ഡിസിസിയെ അറിയിക്കാതെ പങ്കെടുത്തത് പാര്‍ട്ടി മര്യാദകളുടെ ലംഘനമാണ്. പോഷക സം​ഘടനകളുടെ രീതി ശരിയല്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു. ഇത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും, എഐസിസിക്കും, കെപിസിസി അച്ചടക്ക സമിതി ചെയര്‍മാൻ തിരുവഞ്ചൂർ രാധാകൃഷ്ണനും പരാതി കൊടുക്കാനാണ് തീരുമാനം

ശശി തരൂര്‍ ഡിസിസിയെ അറിയിക്കാതെ പങ്കെടുത്തത് പാര്‍ട്ടി മര്യാദകളുടെ ലംഘനമാണെന്ന് പരാതിപ്പെടുമെന്ന് നാട്ടകം സുരേഷ് പറഞ്ഞു. പോഷക സംഘടനകള്‍ പാര്‍ട്ടിയുമായി ആലോചിക്കാതെ പോകുന്നത് ശരിയല്ലെന്നതും ചൂണ്ടിക്കാട്ടും. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ പാര്‍ട്ടി ഇടപെടണമെന്ന് ആവശ്യപ്പെടുമെന്നും സുരേഷ് വ്യക്തമാക്കി.

'ശശി തരൂരിന്റെ ഓഫീസില്‍ നിന്ന് തന്നെ വിളിച്ചിരുന്നു. നാട്ടകം സുരേഷ് അല്ലേ എന്ന് ചോദിച്ചു. തിരിച്ചു വിളിക്കാം ഇവിടെ അല്‍പം തിരക്കാണെന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. ഞാന്‍ ചോദിച്ചു ഇത് പറയാനാണോ വിളിച്ചതെന്ന്. പിന്നീട് അവര്‍ എന്നെ വിളിച്ചിട്ടില്ല. പരിപാടിയില്‍ പങ്കെടുക്കില്ല,' എന്ന് നാട്ടകം സുരേഷ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിന് അനുവാദം വാങ്ങണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സുരേഷ് വ്യക്തമാക്കി. പോഷക സംഘടനകള്‍ വലിയ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ഡിസിസി പ്രസിഡന്റിനോടും കെപിസിസി പ്രസിഡന്റിനോടും ചര്‍ച്ച ചെയ്ത് സംഘടിപ്പിക്കുന്ന ഒരു പരമ്പരാഗത രീതി പാര്‍ട്ടിക്കുണ്ട്. ഈ രീതിയാണ് തങ്ങളൊക്കെ യൂത്ത് കോണ്‍ഗ്രസില്‍ പ്രവർത്തിച്ചിരുന്നപ്പോള്‍ ചെയ്തിരുന്നത്. ശശി തരൂരിന്റെ സന്ദര്‍ശനത്തിന് ഡിസിസിയോട് ആലോചിക്കുകയോ പറയുകയോ ചെയ്തില്ല. യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വം കൂടിയിരുന്ന് ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് സുരേഷ് ചൂണ്ടിക്കാട്ടി.

യൂത്ത് കോണ്‍ഗ്രസിന് പരിപാടി സംഘടിപ്പിക്കാം അതിന് വിലക്കൊന്നുമില്ലെന്നും നാട്ടകം സുരേഷ് വ്യക്തമാക്കി. ഏത് പരിപാടി ആണെങ്കിലും യൂത്ത് കോണ്‍ഗ്രസ് ആണെങ്കിലും ഡിസിസിയാണെങ്കിലും നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്. പക്ഷേ ഈ കാര്യത്തില്‍ അവര്‍ എടുത്തിരിക്കുന്ന ഈ നിലപാട് കീഴ്‌വഴക്കങ്ങള്‍ക്ക് എതിരാണെന്നും നാട്ടകം സുരേഷ് വിമർശിച്ചു. ഉന്നത നേതാക്കന്മാര്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ നേതൃത്വത്തോടും അതാത് ഡിസിസിയോടും പറയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസിനകത്തെ ഭൂരിപക്ഷം വരുന്ന ജില്ലാ ഭാരവാഹികള്‍ ആ സമ്മേളനത്തിന് എതിരാണ്. കാരണം യൂത്ത് ജില്ലാ കമ്മിറ്റി കൂടിയിട്ടില്ലെന്നും സുരേഷ് പറഞ്ഞു.

ശശി തരൂരിന്റെ കോട്ടയം സന്ദർശനത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും പറഞ്ഞിരുന്നു. വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കെപിസിസി അച്ചടക്ക സമിതി ചെയർമാന്റെ വിട്ടുനിൽക്കുന്നത്. ഇന്ന് പാലായില്‍ നടക്കുന്ന കെ എം ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തിലും ശശി തരൂര്‍ പങ്കെടുക്കും. പാലാ, കാഞ്ഞിരപ്പളളി ബിഷപ്പുമാരേയും തരൂര്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം. എ ഗ്രൂപ്പിന് പ്രാമുഖ്യമുളള യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയാണ് തരൂരിനായി വേദിയൊരുക്കുന്നത്.

STORY HIGHLIGHTS: Nattakom Suresh says Shashi Tharoor's unannounced programme violates party etiquette

Next Story