Top

'ഉപദേശം മാധ്യമങ്ങളിലൂടെയല്ല വേണ്ടത്, ചട്ടക്കൂടിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണം'; മുരളീധരനെതിരെ നാട്ടകം സുരേഷ്

കോട്ടയത്തെ പരിപാടി അറിയിച്ചില്ലെന്ന നാട്ടകം സുരേഷിന്റെ പ്രതികരണം ശരിയായില്ല. തരൂര്‍ വേണ്ടപ്പെട്ടവരെ അറിയിച്ച ശേഷമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതെന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

4 Dec 2022 7:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉപദേശം മാധ്യമങ്ങളിലൂടെയല്ല വേണ്ടത്, ചട്ടക്കൂടിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണം; മുരളീധരനെതിരെ നാട്ടകം സുരേഷ്
X

കോട്ടയം: കെ മുരളീധരനെതിരെ കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. ശശി തരൂരിന്റെ ജില്ലാ പര്യടനവുമായി ബന്ധപ്പെട്ട് നാട്ടകം സുരേഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിമര്‍ശനം ഉന്നയിച്ചതിനെതിരെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്നോടുള്ള വിയോജിപ്പ് മുരളീധരന്‍ എന്തിനാണ് മാധ്യമങ്ങളിലുടെ തന്നെ ഉന്നയിച്ചതെന്ന് നാട്ടകം സുരേഷ് ചോദിച്ചു. തനിക്ക് വീഴ്ച്ചയുണ്ടെങ്കില്‍ അത് പാര്‍ട്ടി വേദികളിലല്ലേ പറയേണ്ടതെന്നും നാട്ടകം സുരേഷ് ചോദിച്ചു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിക്കാതെ കോട്ടയത്ത് പരിപാടിക്കെത്തിയതില്‍ ശശി തരൂരിനെതിരെ പരാതി നല്‍കുമെന്നും നാട്ടകം സുരേഷ് ആവര്‍ത്തിച്ചു. ആര്‍ക്കെതിരേയും അച്ചടക്ക നടപടി എടുപ്പിക്കുകയല്ല തന്റെ ലക്ഷ്യം. പാര്‍ട്ടിയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും നാട്ടകം സുരേഷ് പറഞ്ഞു.

'ശശി തരൂര്‍ വന്നത് പാര്‍ട്ടിയോട് പറയാതെയാണ്. ആലോചിക്കാതെയാണ്. അറിയിക്കാതെയാണ്. പാര്‍ട്ടിക്ക് ഒരു ചട്ടക്കൂടും കീഴ്‌വഴക്കവും ഉള്ളതിനാലാണ് ഞാന്‍ അതിനെ എതിര്‍ത്തത്. വിളിച്ചുവെന്ന് ധരിപ്പിക്കുകയാണ് ഇവിടെ ചെയ്തത്. സ്‌ക്രീന്‍ഷോട്ട് എടുത്ത് കാണിക്കുകയാണ് ഉദ്ദേശമെന്ന് തോന്നുന്നു.' നാട്ടകം സുരേഷ് പറഞ്ഞു.

കോട്ടയത്തെ പരിപാടി അറിയിച്ചില്ലെന്ന നാട്ടകം സുരേഷിന്റെ പ്രതികരണം ശരിയായില്ല. തരൂര്‍ വേണ്ടപ്പെട്ടവരെ അറിയിച്ച ശേഷമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതെന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം. ഇത്തരം കാര്യങ്ങളില്‍ വിവാദം പാടില്ല. കോട്ടയത്തെ തരൂരിന്റെ സന്ദര്‍ശനം അറിയിച്ചില്ലെന്ന നിലപാട് തെറ്റാണ്. സന്ദര്‍ശനം അറിയിച്ചില്ലെങ്കില്‍ ഡിസിസി പ്രസിഡന്റ് കെപിസിസിക്കാണ് പരാതി നല്‍കേണ്ടത്. അല്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നിലല്ലെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.

Story Highlights: Nattakom Suresh against k muraleedharan

Next Story