Top

ആര്‍എസ്എസ് കൊലക്കത്തിക്ക് ഇരയാക്കിയത് നാടിന് പ്രിയപ്പെട്ടവനെ; സന്ദീപ് പ്രളയകാലത്തും മഹാമാരി കാലത്തും നിറഞ്ഞുനിന്ന മനുഷ്യസ്‌നേഹി

'പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് മുന്നില്‍ നിന്ന് നയിച്ച സഖാവായിരുന്നു'

3 Dec 2021 11:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആര്‍എസ്എസ് കൊലക്കത്തിക്ക് ഇരയാക്കിയത് നാടിന് പ്രിയപ്പെട്ടവനെ; സന്ദീപ് പ്രളയകാലത്തും മഹാമാരി കാലത്തും നിറഞ്ഞുനിന്ന മനുഷ്യസ്‌നേഹി
X

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലക്കത്തിക്ക് ഇരയായ സിപിഐഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ പിബി സന്ദീപ് കുമാര്‍ നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവന്‍. നാട് നേരിട്ട പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടായിരുന്ന വ്യക്തിയാണ് സന്ദീപ് എന്ന് പ്രദേശവാസികള്‍ പറയുന്നു.

കൊവിഡ് മഹാമാരി കാലത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താനും വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതിലും മുന്‍പന്തിയിലായിരുന്നു സന്ദീപ്. പഞ്ചായത്ത് അംഗമായ സമയത്ത് കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വേണ്ടിയുള്ളതായിരുന്നു സന്ദീപിന്റെ പ്രവര്‍ത്തനം. ഇത്തരത്തില്‍ നാട്ടുകാരുടെ പ്രിയപ്പെട്ടവനായ നേതാവിനെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്രൂരമായി കൊന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

നാടിന് വേണ്ടി ജീവിച്ച എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു സന്ദീപ് കുമാര്‍ എന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൊലപാതകം അത്യന്തം പ്രതിഷേധാര്‍ഹമാണ്. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് മുന്നില്‍ നിന്ന് നയിച്ച സഖാവായിരുന്നു. അതില്‍ അസ്വസ്ഥരായ ആര്‍.എസ്.എസ് നേതൃത്വം ആസൂത്രീതമായി നടത്തിയ കൊലപാതകമാണിത്. കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഒക്ടോബര്‍ 18നാണ് പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി സിപിഐഎം സന്ദീപിനെ തെരഞ്ഞെടുത്തത്.


കൊലപാതകത്തില്‍ ശക്തമായി അപലപിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോയും പ്രസ്താവന ഇറക്കി. പാര്‍ട്ടിയുടെ ജനകീയനായ നേതാവും പെരിങ്ങര പഞ്ചായത്ത് മുന്‍ മെമ്പറുമായ സന്ദീപിനെ ഇന്നലെ രാത്രി ആര്‍എസ്എസ് ക്രിമിനലുകള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഐഎം പ്രവര്‍ത്തകരെ ലക്ഷ്യംവെച്ചുള്ള ആര്‍എസ്എസിന്റെയും ബിജെപിയുടെയും ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഈ അരുംകൊല. ആര്‍എസ്എസ് പ്രവര്‍ത്തകനും യുവമോര്‍ച്ചയുടെ പെരിങ്ങര മേഖല പ്രസിഡന്റുമായ വ്യക്തിയാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുവാനും അതിനെ പ്രതിരോധിക്കുന്ന സിപിഐഎമ്മിനുനേരെ ആക്രമണം അഴിച്ചുവിടാനുമാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. ഈ നീക്കങ്ങളെ ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ല. ആര്‍എസ്എസും ബിജെപിയും ഇത്തരത്തിലുള്ള ഹീനമായ ആക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും സിപിഐഎം പിബി ആവശ്യപ്പെട്ടു.


അതേസമയം, സന്ദീപിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിഷ്ഠുരമായ കൊലപാതകത്തിന്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരും. കൊലപാതകം ഹീനവും അപലപനീയവുമാണ്. പ്രദേശത്തെ അംഗീകാരമുള്ള രാഷ്ട്രീയ നേതാവാണ് കൊല്ലപ്പെട്ടത്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപ്. സന്ദീപിന്റെ വേര്‍പാട് കാരണം തീരാനഷ്ടം അനുഭവിക്കുന്ന കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.


സംഭവത്തില്‍ പ്രതികളായ നാലു ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇതുവരെ പിടിയിലായത്. പെരിങ്ങര ചാത്തങ്കേരി ജിഷ്ണു, പായിപ്പാട് കൊങ്കുപ്പറമ്പ് പ്രമോദ്, അഴിയിലത്തുചിറ നന്ദുഭവന്‍ പറത്തറത്തുണ്ടിയിവ് നന്ദുകുമാര്‍, ചെറുപുഴ മരുതുമപടി കുന്നില്‍ ഹൗസ് മുഹമ്മദ് ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ഇന്നലെ രാത്രിയാണ് പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ പി.ബി സന്ദീപിനെ ആര്‍എസ്എസ് സംഘം കൊലപ്പെടുത്തിയത്. ചാത്തങ്കേരി എസ്എന്‍ഡിപി ഹൈസ്‌കൂളിന് സമീപത്തെ കലുങ്കിനടുത്തായിരുന്നു ആക്രമണം. രണ്ട് ബൈക്കിലെത്തിയ അഞ്ചംഗ സംഘം വഴിയില്‍ തടഞ്ഞാണ് സന്ദീപിനെ ആക്രമിച്ചത്. നിലതെറ്റി റോഡില്‍ വീണ് എഴുന്നേല്‍ക്കുന്നതിനിടെ കുത്തിവീഴ്ത്തുകയായിരുന്നു. സന്ദീപിന്റെ നെഞ്ചത്തും പുറത്തും കൈയ്ക്കും കാലിനും വെട്ടേറ്റിരുന്നു.

Next Story