Top

'ഗാന്ധിജി വന്ന നാടാണിത്, മോഹന്‍ലാലിന്റേയും ബി ഉണ്ണികൃഷ്ണന്റേയും ജന്മനാട്'; രൂക്ഷ പ്രതികരണവുമായി ഇലന്തൂർ നാട്ടുകാർ

തൊട്ടടുത്ത പഞ്ചായത്തില്‍ നിന്നും മാത്രമല്ല. പന്തളത്ത് നിന്നും ചവറയില്‍ നിന്നും അടക്കമാണ് പ്രദേശത്തേക്ക് ആളുകള്‍ എത്തുന്നത്

15 Oct 2022 1:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗാന്ധിജി വന്ന നാടാണിത്, മോഹന്‍ലാലിന്റേയും ബി ഉണ്ണികൃഷ്ണന്റേയും ജന്മനാട്; രൂക്ഷ പ്രതികരണവുമായി ഇലന്തൂർ നാട്ടുകാർ
X

പത്തനംതിട്ട: ഇലന്തൂർ നരബലി കേസിലെ തെളിവെടുപ്പിനിടെ പ്രതികളായ ഭഗവല്‍ സിംഗ്-ലൈല ദമ്പതികളുടെ വീട് പരിസരത്ത് തടിച്ച് കൂടി ജനം. വലിയ പൊലീസ് സുരക്ഷയും ബാരിക്കേഡുകള്‍ കൊണ്ട് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കെ കിലോമീറ്ററുകളോളം കാല്‍നടയായാണ് ആളുകള്‍ എത്തുന്നത്. തെളിവെടുപ്പിനെത്തിച്ച പ്രതികളെ കാണുകയെന്ന ഉദ്ദേശത്തിലാണ് ആളുകള്‍ തിക്കിതിരക്കി പ്രദേശത്തേക്ക് എത്തുന്നത്.

ഇതുപോലെ നാണം കെട്ട പേര് ഇനി ഈ നാടിന് കിട്ടിനില്ലെന്ന് ആളുകള്‍ പറയുന്നു. 'ഗാന്ധിജി വന്ന നാടാണിത്. മോഹന്‍ലാലിന്റേയും ബി ഉണ്ണികൃഷ്ണന്റേയും ജന്മനാട് തുടങ്ങി ഒത്തിരി മഹാരഥന്മാരുടെ ജന്മനാടാണിത്. മതസൗഹാര്‍ദത്തിന്റെ നാടായിരുന്നു പത്തനംതിട്ട. എന്നാല്‍ അതിപ്പോള്‍ മാറി നരബലി നടന്ന നാടെന്ന സ്ഥിതിയിലായി.' എന്ന് അവിടെയെത്തിയ ജനപ്രതിനിധി പറയുന്നു.

തൊട്ടടുത്ത പഞ്ചായത്തില്‍ നിന്നും മാത്രമല്ല. പന്തളത്ത് നിന്നും ചവറയില്‍ നിന്നും അടക്കമാണ് പ്രദേശത്തേക്ക് ആളുകള്‍ എത്തുന്നത്. പ്രദേശത്ത് വലിയ പ്രതിഷേധം നടത്താനാണ് ഇവരുടെ തീരുമാനം. പ്രതികള്‍ക്ക് തക്കതായ ശിക്ഷ കിട്ടണമെന്നും വിശദമായ തെളിവെടുപ്പ് നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

നിലവില്‍ തെളിവെടുപ്പിനൊപ്പം ഇരട്ടകൊലപാതകങ്ങള്‍ ഡമ്മി പരിശോധനയിലൂടെ പുനരാവിഷ്‌കരിക്കുകയാണ് പൊലീസ്. പ്രതികളെ വീടിനുള്ളില്‍ എത്തിച്ച് കൊലപാതകം പുനരാവിഷ്‌കരിക്കുമെന്നാണ് വിവരം. സ്ത്രീകളുടെ രൂപത്തിലുള്ള ഡമ്മി ഉപയോഗിച്ചുള്ള പരിശോധനകളും അന്വേഷണസംഘം നടത്തുന്നുണ്ട്. ഭഗവല്‍ സിംഗിന്റെ വീട്ടില്‍ ഉച്ചയോടെയാണ് പരിശോധന തുടങ്ങിയത്. ഇതുവരെയുള്ള പരിശോധനയില്‍ കൂടുതല്‍ മൃതദേഹങ്ങളുടെ സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഭഗവല്‍ സിംഗിന്റെ വീടിന് സമീപത്ത് നിന്ന് ലഭിച്ച എല്ലിന്റെ കഷണം മനുഷ്യന്റേതല്ലെന്നാണ് പ്രാഥമിക നിഗമനം.

Next Story