'ഹേമ കമ്മിറ്റി റിപ്പോർട്ട് നൽകിയില്ലെങ്കിൽ ഇടപെടും'; സംസ്ഥാനത്തേക്ക് അന്വേഷണ സംഘത്തെ അയക്കുമെന്ന് ദേശീയ വനിതാ കമ്മീഷൻ
2 May 2022 9:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ. വിഷയത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് കമ്മീഷൻ അധ്യക്ഷ രേഖ ശർമ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. മറുപടി ലഭിക്കാത്ത പക്ഷം ദേശീയ വനിതാ കമ്മീഷൻ വിഷയത്തിൽ നേരിട്ടിടപെടുമെന്നും രേഖാ ശർമ്മ മുന്നറിയിപ്പ് നൽകി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാത്തതിൽ രൂക്ഷ വിമർശനമാണ് രേഖ ശർമ്മ ഉന്നയിച്ചത്. റിപ്പോർട്ട് മൂന്ന് മാസത്തിനകം പുറത്ത് വിടേണ്ടതായിരുന്നു. ഇതുവരെ വനിതാ കമ്മീഷന് റിപ്പോർട്ട് നൽകിയിട്ടില്ല. പരാതിക്കാർക്ക് റിപ്പോർട്ട് നൽകാത്ത പക്ഷം വനിതാ കമ്മീഷൻ ഇടപെടും. സംസ്ഥാനത്ത് അന്വേഷണ സംഘത്തെ അയക്കുമെന്നും ദേശീയ വനിതാ കമ്മീഷൻ മുന്നറിയിപ്പ് നൽകി.
ഡബ്ല്യുസിസി നിരന്തരം പരാതി നൽകിക്കൊണ്ടിരിക്കുകയാണ്. സിനിമാ ലോകത്ത് സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ ഏറെ നാളായുണ്ട്. ആവശ്യമെങ്കിൽ വനിതാ കമ്മീഷൻ അധ്യക്ഷ തന്നെ കേരളത്തിലെത്തി പരിശോധന നടത്തുമെന്നും രേഖാ ശർമ്മ ഡൽഹിയിൽ പറഞ്ഞു.
ഇതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവാദം പുകയുകയാണ്. റിപ്പോർട്ട് പുറത്തു വിടരുതെന്ന് സിനിമാ രംഗത്തെ വനിതാ സംഘടനയായ ഡബ്ല്യുസിസി തന്നോട് ആവശ്യപ്പെട്ടിരുന്നെന്ന മന്ത്രി പി രാജീവിന്റെ വാദമാണ് ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യുസിസി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കവേയാണ് റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് അവര്‍ തന്നോട് ആവശ്യപ്പെട്ടെന്ന് പി രാജീവ് പറഞ്ഞത്. എന്നാൽ മന്ത്രിയുടെ വാദത്തെ തള്ളി ഡബ്ല്യുസിസി രംഗത്തെത്തി.
പി രാജീവിന് നേരത്തെ നൽകിയ കത്തിന്റെ പകർപ്പ് വുമൺ ഇൻ സിനിമ കളക്റ്റീവ് പേജിൽ പങ്കുവച്ചുകൊണ്ടാണ് ഡബ്ല്യൂസിസി തങ്ങളുടെ ഭാഗം വിശദീകരിച്ചത്. മന്ത്രിയുമായി ജനുവരി 21ന് നടത്തിയ യോഗത്തിനു ശേഷമായിരുന്നു കൂട്ടായ്മ ആവശ്യങ്ങൾ ഉന്നയിച്ച് കത്ത് കൈമാറിയത്.
story highlight: national women commission writes to Kerala government regarding Hema committee report