Top

സിവിക് ചന്ദ്രൻ കേസ്: കോടതി പരാമർശങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമെന്ന് ദേശീയ വനിതാ കമ്മീഷൻ

18 Aug 2022 4:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിവിക് ചന്ദ്രൻ കേസ്: കോടതി പരാമർശങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമെന്ന് ദേശീയ വനിതാ കമ്മീഷൻ
X

ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടുളള കോടതി ഉത്തരവിലെ പരാമർശങ്ങൾക്കെതിരെ ദേശീയ വനിതാ കമ്മീഷൻ. പരാതിക്കാരിയുടെ വസ്ത്രം സംബന്ധിച്ച കോഴിക്കോട് സെഷൻസ് കോടതിയുടെ നിരീക്ഷണങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നെന്ന് അധ്യക്ഷ രേഖാ ശർമ ട്വീറ്റ് ചെയ്തു. കോടതിയുടെ നിരീക്ഷണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ഉത്തരവിന്റെ ദൂരവ്യാപകമായ അനന്തരഫലങ്ങൾ കോടതി അവഗണിച്ചുവെന്നും രേഖ ശർമ കുറ്റപ്പെടുത്തി.

കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ടെന്നും അതിനാൽ സെക്ഷൻ 354 എ പ്രകാരം പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ പരാതി നിലനിൽക്കില്ലെന്നുമാണ് കോടതി ഉത്തരവ്. ശാരീരിക അവശതകളുള്ള, എഴുപത്തിനാലുകാരനായ പ്രതിക്ക് ബലമായി പരാതിക്കാരിയെ പീഡിപ്പിക്കാൻ കഴിയില്ലെന്നും, ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കുന്നുണ്ട്. കോടതിയുടെ വിചിത്ര ഉത്തരവ് വിവാദമായിരുന്നു.

ഇതിനു പിന്നാലെ കേസിലെ ആദ്യ കോടതി വിധിയും വിവാദത്തിലായിരിക്കുകയാണ്. പട്ടികജാതി അതിക്രമ നിരോധന പരാതി നിലനിൽക്കില്ലെന്ന കോടതിയുടെ കണ്ടെത്തലും അതിന് ചൂണ്ടിക്കാണിക്കുന്ന കാരണവുമാണ് ചർച്ചയാകുന്നത്. പട്ടികജാതിക്കാരിയാണെന്ന അറിവോടെയുള്ള ലൈംഗികാതിക്രമമല്ല നടന്നതെന്ന് സിവിക് ചന്ദ്രന് ജാമ്യം നൽകിക്കൊണ്ടുള്ള ആദ്യ ഉത്തരവിലുണ്ട്.

354-ാം വകുപ്പ് ലൈംഗിക പീഡനത്തെ കുറിച്ചും അതിനുള്ള ശിക്ഷയെ കുറിച്ചുമാണ് പറയുന്നത്. ഈ വകുപ്പ് പ്രയോഗിക്കണമെങ്കിൽ ശാരീരികമായി സ്പർശം ഉണ്ടാവുകയും ലൈംഗികാവശ്യത്തിനായുള്ള ചേഷ്ടകൾ നടത്തുകയും ലൈംഗിക ബന്ധത്തിന് ആവശ്യപ്പെടുകയും വേണമെന്നും കോടതി നിരീക്ഷിച്ചു. എസ്‌സി എസ്ടി ആക്ട് പ്രകാരം പ്രതിക്കെതിരെ കുറ്റം നിലനിൽക്കുമെന്നും മുൻകൂർ ജാമ്യം നൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. 2020 ഫെബ്രുവരി എട്ടിന് കോഴിക്കോട് കൊയിലാണ്ടി നന്തി കടൽ തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയ സമയത്ത് യുവ എഴുത്തുകാരിയായ യുവതിയോട് പ്രതിയായ, സിവിക് ചന്ദ്രൻ ലൈംഗികോദ്ദേശ്യത്തോടെ പെരുമാറിയെന്നും അന്തസിന് ഭംഗം വരുത്താൻ ശ്രമിച്ചെന്നുമായിരുന്നു പരാതി.

STORY HIGHLIGHTS: National women commission condemns court order statement on civic chandran case

Next Story