ലുലു മാളിന് മുന്നിൽ പ്രതിഷേധിച്ച സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി
29 March 2022 8:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ തിരുവനന്തപുരം ലുലുമാളിന് മുന്നിൽ പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാളിലെ ജീവനക്കാരെ തടയുകയും മാളിന് മുന്നിൽ കുത്തിയിരുന്ന് വാഹനങ്ങൾ തടയുകയും ചെയ്തതിനും പിന്നാലെയാണ് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസവും ലുലു മാളിലേക്ക് ജീവനക്കാരെത്തിയതോടെയാണ് സമരക്കാർ പ്രതിഷേധവുമായെത്തിയത്. മാൾ തുറക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ സമരക്കാർ ജീവനക്കാരെ തടയുകയും ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ജീവനക്കാർ ഇന്ന് ജോലി ചെയ്യാതെ തിരിച്ചു പോവണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. സ്ഥലത്തെത്തിയ പൊലീസ് ജീവനക്കാരോട് തിരിച്ചു പോവാൻ ആവശ്യപ്പെട്ടു. എന്നാൽ ജോലിക്ക് കയറണമെന്നാണ് തങ്ങൾക്ക് കിട്ടിയ നിർദ്ദേശമെന്ന് ജീവനക്കാർ പൊലീസിനെ അറിയിച്ചു. ഇതോടെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
അതേസമയം കൊച്ചി ലുലു മാള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സാധാരണ സമരങ്ങള്‍ക്കിടയില്‍ തുറക്കുന്നത് പോലെ ആറുമണിക്ക് ശേഷം തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ട്. രാവിലെ എന്തായാലും മാള്‍ തുറക്കില്ല, ഉച്ചകഴിഞ്ഞ് അതേക്കുറിച്ച് തീരുമാനിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് ഇന്ന് ചെറുകിട കടകള്‍ ഭൂരിഭാഗവും തുറന്നിട്ടില്ല. ഉള്ളൂരില്‍ തുറന്ന പെട്രോള്‍ പമ്പ് സമരക്കാര്‍ അടപ്പിച്ചു. പൊലീസ് സംരക്ഷണത്തില്‍ തുറന്ന പമ്പാണ് സിഐടിയു അടപ്പിച്ചത്.കോഴിക്കോട് കാരന്തൂര്‍, കുന്നമംഗലം, അണ്ടിക്കോട് എന്നിവിടങ്ങളില്‍ തുറന്ന കടകള്‍ അടപ്പിച്ചു. കെഎസ്ആര്‍ടിസി ഇന്നും സര്‍വീസ് നടത്തുന്നില്ല. എറണാകുളം കാലടിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് അടപ്പിക്കാന്‍ തൊഴിലാളികളുടെ ശ്രമം നടന്നു. ആസാദ് സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരെ തൊഴിലാളി നേതാക്കള്‍ ഭീഷണിപെടുത്തി. സ്ഥാപനത്തിന് പുറത്ത് തൊഴിലാളികളുടെ പ്രതിഷേധം നടന്നു.
story highlight: national strike protesters arrested infront of lulu mall