ലുലു മാളിന് മുന്നില്‍ പ്രതിഷേധം; ജീവനക്കാരെ തടഞ്ഞ് സമരക്കാര്‍
29 March 2022 5:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: ദേശീയ പണിമുടക്ക് രണ്ടാം ദിനത്തിലെത്തിയിരിക്കെ പണിമുടക്കുമായി സഹകരിക്കുന്നില്ലെന്നാരോപിച്ച് തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ സമരക്കാരുടെ പ്രതിഷേധം. മാളിലെ ജീവനക്കാരെ അകത്തേക്ക് കടത്തി വിടുന്നില്ല. തിരുവനന്തപുരത്ത് ഇന്ന് ചെറുകിട കടകള്‍ ഭൂരിഭാഗവും തുറന്നിട്ടില്ല. ഉള്ളൂരില്‍ തുറന്ന പെട്രോള്‍ പമ്പ് സമരക്കാര്‍ അടപ്പിച്ചു. പൊലീസ് സംരക്ഷണത്തില്‍ തുറന്ന പമ്പാണ് സിഐടിയു അടപ്പിച്ചത്.
കോഴിക്കോട് കാരന്തൂര്‍, കുന്നമംഗലം, അണ്ടിക്കോട് എന്നിവിടങ്ങളില്‍ തുറന്ന കടകള്‍ അടപ്പിച്ചു. കെഎസ്ആര്‍ടിസി ഇന്നും സര്‍വീസ് നടത്തുന്നില്ല. എറണാകുളം കാലടിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് അടപ്പിക്കാന്‍ തൊഴിലാളികളുടെ ശ്രമം നടന്നു. ആസാദ് സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരെ തൊഴിലാളി നേതാക്കള്‍ ഭീഷണിപെടുത്തി. സ്ഥാപനത്തിന് പുറത്ത് തൊഴിലാളികളുടെ പ്രതിഷേധം നടന്നു.
അതേസമയം കൊച്ചി ലുലു മാള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സാധാരണ സമരങ്ങള്‍ക്കിടയില്‍ തുറക്കുന്നത് പോലെ ആറുമണിക്ക് ശേഷം തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ട്. രാവിലെ എന്തായാലും മാള്‍ തുറക്കില്ല, ഉച്ചകഴിഞ്ഞ് അതേക്കുറിച്ച് തീരുമാനിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നു. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവുഹാജി പറഞ്ഞു. സംസ്ഥാനത്ത് പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.
ഡയസ്നോണ്‍ പ്രഖ്യാപിച്ചതോടെ ഇന്ന് ജോലിക്ക് ഹാജരായില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ആ ദിവസത്തെ ശമ്പളം ലഭിക്കില്ല. അടിയന്തര സാഹചര്യത്തില്‍ ഒഴികെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അവധി അനുവദിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. ജോലിക്ക് ഹാജരാകുന്നതിന് ജീവനക്കാര്‍ക്ക് മതിയായ യാത്രാ സൗകര്യം കെഎസ്ആര്‍ടിസിയും ജില്ലാ കളക്ടര്‍മാരും ഉറപ്പാക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു.സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്നും ജീവനക്കാരുടെ പണിമുടക്ക് വിലക്കി ഇന്ന് തന്നെ ഉത്തരവിറക്കണമെന്നും എന്നുമായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ഡയസ്നോണ്‍ പ്രഖ്യാപിക്കാത്തത് ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി.
story highlight: national labour strike; protest infront of lulu mall