Top

കര്‍ഷക കോണ്‍ഗ്രസില്‍ കലാപം; ജില്ലാ പ്രസിഡന്റ് നിയമനം നിര്‍ത്തിവയ്ക്കണമെന്ന് ദേശീയ നേതൃത്വം

ജില്ലാ പ്രസിഡന്റുമാരെ മാറ്റുന്ന നടപടി താത്ക്കാലികമായി നിര്‍ത്തിവയ്ക്കാനും നിലവിലെ സ്ഥിതി തുടരാനും ദേശീയ നേതൃത്വം ആവശ്യപ്പെട്ടു

19 Aug 2022 4:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കര്‍ഷക കോണ്‍ഗ്രസില്‍ കലാപം; ജില്ലാ പ്രസിഡന്റ് നിയമനം നിര്‍ത്തിവയ്ക്കണമെന്ന് ദേശീയ നേതൃത്വം
X

തൃശൂര്‍: കര്‍ഷക കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഏറുന്നു. പുതിയ സംസ്ഥാന നേതൃത്വം ഗ്രൂപ്പിസത്തിലേക്ക് നയിക്കുന്നു എന്നാണ് ആരോപണം. ഇതിനേത്തുടര്‍ന്ന് 10 ജില്ലകളില്‍ നിന്നുള്ള പരാതികളാണ് ദേശീയ നേതൃത്വത്തിന് ലഭിച്ചത്. ജില്ലാ പ്രസിഡന്റുമാരെ ഏകപക്ഷീയമായി നീക്കാന്‍ ശ്രമിക്കുന്നു എന്നാണ് പരാതിയാല്‍ പറയുന്നത്. ജില്ലാ പ്രസിഡന്റുമാരെ മാറ്റുന്ന നടപടി താത്ക്കാലികമായി നിര്‍ത്തിവയ്ക്കാനും നിലവിലെ സ്ഥിതി തുടരാനും ദേശീയ നേതൃത്വം ആവശ്യപ്പെട്ടു.

17 വര്‍ഷമായി സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന ലാല്‍ വര്‍ഗീസ് കല്‍പകവാടി സ്ഥാനമൊഴിഞ്ഞപ്പോള്‍ സംസ്ഥാന സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റുമായ കെപി വിജയനെ പദവിയില്‍ നിയമിച്ചു. അദ്ദേഹം ചുമതലയേറ്റ ശേഷം സംസ്ഥാനക്കമ്മിറ്റിയില്‍ ആലോചിക്കാതെ നടപടികളെടുത്തു എന്നതാണ് ആദ്യത്തെ ആരോപണം. തിരുവനന്തപുരത്തെ ജില്ലാ പ്രസിഡന്റ് നിയമനത്തിന് പിന്നാലെ മറ്റു ജില്ലകളിലും പ്രസിഡന്റുമാരെ നീക്കാന്‍ ആലോചനകള്‍ നടക്കുന്നതായി സൂചന ലഭിച്ചതോടെയാണ് പരാതികളുയര്‍ന്നത്. തൃശൂര്‍, പാലക്കാട്, വയനാട്, കോട്ടയം എന്നീ ജില്ലകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ നിന്നാണ് പരാതികള്‍ പോയിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി നിയമിതനായ വ്യക്തി സോണിയാ ഗാന്ധിക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന ആരോപണവുമുണ്ട്.

പരാതികള്‍ ഗൗരവമായിത്തന്നെ പരിഗണിച്ച കര്‍ഷക കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സുഖ്പാല്‍ സിങ് കേരളത്തിന്റെ ചുമതലയുള്ള എസ് എസ് രാമസുബ്ബുവിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ജില്ലാ പ്രസിഡന്റുമാരെ മാറ്റരുതെന്ന് സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്.

തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ മാറ്റിയ നടപടി റദ്ദാക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. നിയമനം റദ്ദാക്കിയതായി സംസ്ഥാന പ്രസിഡന്റ് ദേശീയ പ്രസിഡന്റിനെ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്ര വരുന്ന സാഹചര്യത്തില്‍ കര്‍ഷക കോണ്‍ഗ്രസിലെ പ്രശ്‌നം ഗൗരവകരമായാണ് കെപിസിസിയും കാണുന്നത്. പദയാത്ര കഴിഞ്ഞ് പു:നസംഘടന ധാരണയിലാക്കാം എന്നാണ് ഇപ്പോഴത്തെ തീരുമാനം.

കെപിസിസി പ്രസിഡന്റുമായി ആലോചിച്ചിട്ടാണ് ജില്ലാ പ്രസിഡന്റിനെ മാറ്റിയതെന്നാണ് സംസ്ഥാനപ്രസിഡന്റ് അറിയിച്ചതെന്ന് സംസ്ഥാന ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ സംസ്ഥാന കമ്മിറ്റിയില്‍ ആലോചിക്കാതെയാണ് കെപിസിസി പ്രസിഡന്റിനോട് പറയുന്നതെന്നും ഇത് സംഘടനയുടെ ശൈലിയല്ല എന്നും ദേശീയ നേതൃത്വത്തിന് ലഭിച്ച പരാതികളില്‍ പറയുന്നുണ്ട്.

STORY HIGHLIGHTS: National Kisan Congress Urges Kerala to Stop Appointing New District Presidents

Next Story