'മറ്റ് സംസ്ഥാനങ്ങള്‍ക്ക് ആയിരക്കണക്കിന് കോടി രൂപയുടെ പിഴ, കേരളത്തിന് ഒരു രൂപ പോലും പിഴയില്ല'; ശുചിത്വ മേഖലയിലെ ഇടപെടലിന് ദേശീയ അംഗീകാരം
സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ രംഗത്തെ സജീവമായ ഇടപെടലിനുള്ള അംഗീകാരമാണ് കോടതി വിധിയെന്ന് മന്ത്രി എം ബി രാജേഷ്.
2 Dec 2022 4:15 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ശുചിത്വ രംഗത്തെ സംസ്ഥാനത്തിന്റെ ഇടപെടലിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ അംഗീകാരം. മാലിന്യസംസ്കരണ രംഗത്ത് കേരളം ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയെന്ന് ഗ്രീന്‍ ട്രിബ്യൂണല്‍ വ്യക്തമാക്കി. ഒരു രൂപ പോലും കേരളത്തിന് പിഴ ചുമത്തിയില്ല. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ആയിരക്കണക്കിന് കോടിരൂപ പിഴ ചുമത്തിയ സ്ഥാനത്താണിത്. സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ രംഗത്തെ സജീവമായ ഇടപെടലിനുള്ള അംഗീകാരമാണ് കോടതി വിധിയെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ശുചിത്വമുള്ളതും സുന്ദരവുമായ കേരളം സൃഷ്ടിക്കാന്‍ ഈ അംഗീകാരം പ്രോത്സാഹനമേകും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് സംസ്ഥാനമെങ്ങും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യസംസ്കരണ സംവിധാനങ്ങളൊരുക്കും. 2026ഓടെ സമ്പൂര്‍ണ ശുചിത്വ കേരളം സാധ്യമാക്കാനുള്ള സജീവ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.
ആയിരക്കണക്കിന് കോടി രൂപയാണ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഹരിത ട്രിബ്യൂണല്‍ പിഴ ചുമത്തിയത്. പഞ്ചാബിന് 2080 കോടിയും ഡല്‍ഹിക്ക് 900 കോടിയും കര്‍ണാടകയ്ക്ക് 2900 കോടിയും രാജസ്ഥാന് 3000 കോടിയും പിഴ ചുമത്തിയിരുന്നു. പശ്ചിമ ബംഗാളിന് 3500 കോടിയും തെലങ്കാനയ്ക്ക് 3800 കോടിയുമായിരുന്നു പിഴ ചുമത്തിയത്. കേരളത്തിന് ഒരു രൂപ പോലും പിഴ ചുമത്തിയില്ലെന്നത് ശ്രദ്ധേയമാണ്.
ദ്രവ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാനം നടത്തുന്ന ഇടപെടലുകള്‍ ഹരിത ട്രിബ്യൂണല്‍ വിധി പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഇതിനായി കേരളം ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാനുള്ള ഇടപെടലിനെക്കുറിച്ചും പരാമര്‍ശമുണ്ട്. സമയബന്ധിതമായി മാലിന്യ സംസ്കരണപദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്ന് ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം കേരളം അംഗീകരിച്ചു. ദ്രവമാലിന്യം കൈകാര്യം ചെയ്യാന്‍ കേരളം 2343.18 കോടിയുടെ പദ്ധതികള്‍ ഇതിനകം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഗ്യാപ് ഫണ്ടായി 84.628 കോടിയും നീക്കിവെച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഹരിത ട്രിബ്യൂണലിന്റെ നിര്‍ണ്ണായക വിധി.
- TAGS:
- Kerala
- Clean Kerala