Top

കേരളത്തില്‍ 77.2 % സ്ത്രീകളും തൊഴില്‍ രഹിതര്‍; 29.5 % പുരുഷന്‍മാര്‍ക്കും ജോലിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍

7 May 2022 2:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തില്‍ 77.2 % സ്ത്രീകളും തൊഴില്‍ രഹിതര്‍; 29.5 % പുരുഷന്‍മാര്‍ക്കും ജോലിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍
X

തിരുവനന്തപുരം: കേരളത്തില്‍ ജോലിയുള്ള പുരുഷന്‍മാരും സ്ത്രീകളും തമ്മില്‍ വലിയ അന്തരമെന്ന് പഠനം. 2019-20 കാലത്തെ കേന്ദ്ര സര്‍ക്കാറിന്റെ അഞ്ചാം കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ 22.8 ശതമാനം സ്ത്രീകളാണ് ജോലിയുള്ളവരായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പുരുഷന്‍മാരില്‍ ഈ കണക്ക് 70.5 ശതമാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ജനങ്ങളുടെ ആരോഗ്യ, സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങള്‍ ആണ് സര്‍വേ പരിഗണിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ കേരളത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. വിവാഹിതരായ 18 - 49 പ്രായത്തിന് ഇടയിലെ സ്ത്രീകളില്‍ 9.9 ശതമാനം പങ്കാളിയില്‍ നിന്നും പീഡനം നേരിടുന്നു എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ 2015-16 കാലഘട്ടത്തില്‍ ഇത് 14.3 ശതമാനം ആയിരുന്നു.

18 - 49 പ്രായത്തിന് ഇടയിലുള്ള സ്ത്രീകളില്‍ 0.5 ശതമാനം ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും ശാരീരിക അതിക്രമത്തിന് ഇരയാവുന്നു എന്നും ചൂണ്ടിക്കാട്ടുന്നു. മുന്‍ റിപ്പോര്‍ട്ടില്‍ ഇത് 1.2 ശതമാനം ആയിരുന്നു. 1829 വയസ്സ് പ്രായമുള്ള യുവതികളില്‍ 18 വയസ്സില്‍ ലൈംഗികാതിക്രമം നേരിട്ടവര്‍ കേരളത്തില്‍ 1.6 ശതമാണെന്നാണ് കണക്കുകള്‍. 2015-16 കാലഘട്ടത്തില്‍ ഇത് 5.0 ശതമാനം ആയിരുന്നു എന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ശിശുമരണ നിരക്ക് കേരളത്തില്‍ കുറവാണെന്നാണ് കണക്കുകള്‍. ആയിരത്തില്‍ 5 ശതമാനമാണ് കേരളത്തില്‍ 2019-20 കാലയളവില്‍ രേഖപ്പെടുത്തിയിരിക്കുന്ന ശിശു മരണ നിരക്ക്. നവജാതശിശുക്കളുടെ മരണവും കേരളത്തില്‍ 3.4 ശതമാനമാണ്. ഗര്‍ഭസ്ഥ ശിശുക്കളുടെ മരണ നിരക്ക് 1 ശതമാനമാണ്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശുചിത്വ സംവിധാനങ്ങള്‍ കേരളത്തില്‍ വളരെ മെച്ചപ്പെട്ടതാണ് എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ശുചിത്വ സംവിധാനം 100 ശതമാനമാണ് കേരളത്തില്‍. ഇതില്‍ 0.2 ശതമാനം വളരെ മെച്ചപ്പെട്ട നിലയാണ്. 99.8 ശതമാനവും ശുചിമുറി സൗകര്യം ഉപയോഗിക്കുകയും ചെയ്യുന്നു. കേരളത്തിലെ 94.9 ശതമാനം പേര്‍ക്ക് മെച്ചപ്പെട്ട കുടിവെള്ള സൗകര്യവും ലഭിക്കുന്നു.

Story Highlight: National Family Health Survey 2019-20 Women unemployment

Next Story