Top

പള്ളിയില്‍ മണിയടിച്ച് നിസ്‌കാരത്തിന് മസ്ജിദിലേക്ക്; തൊടുപുഴ സെന്റ് മേരീസ് പളളിയുടെ സൂക്ഷിപ്പുകാരന്‍ നാസര്‍ ഹമീദ്

മനസ്സിന് ആനന്ദം ലഭിക്കുന്നുണ്ട്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ തമ്മില്‍ തല്ലരുത്. ലോകത്തേക്ക് ഓരോരുത്തരും പിറന്നുവീഴുന്നത് മനുഷ്യനായാണെന്നും നാസർ പറയുന്നു.

19 March 2022 6:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പള്ളിയില്‍ മണിയടിച്ച് നിസ്‌കാരത്തിന് മസ്ജിദിലേക്ക്; തൊടുപുഴ സെന്റ് മേരീസ് പളളിയുടെ സൂക്ഷിപ്പുകാരന്‍ നാസര്‍ ഹമീദ്
X

തൊടുപുഴ: മൂപ്പതാണ്ട് നീണ്ട മതസാഹോദര്യത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് കാരിക്കോട് ഉണ്ടപ്ലാവ് കിഴക്കുംപറമ്പില്‍ നാസറിന്റെ ജീവിതം. സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെത്തുന്നവര്‍ക്ക് സുപരിചിതനാണ് ഇദ്ദേഹം. പള്ളിപരിപാലനവും പ്രാര്‍ത്ഥനയുമായി ഏതാണ്ട് 30 വര്‍ഷമായി നാസര്‍ പള്ളിമുറ്റത്തുണ്ട്. ഇടവകകാര്‍ക്ക് അദ്ദേഹം അവരുടെ സ്വന്തം നാസറിക്കയാണ്. 58കാരനായ നാസര്‍ ഹമീദ് കുര്‍ബാന ഒഴികെയുള്ള എല്ലാ ചടങ്ങുകളിലേയും സ്ഥിരസാന്നിധ്യമാണ്.

പുലര്‍ച്ചെ പള്ളിയിലെത്തി വിളക്ക് തെളിച്ച് മണിയടിക്കുന്നതോടെയാണ് നാസര്‍ തന്റെ ദിവസം തുടങ്ങുന്നത്. തുടര്‍ന്ന് തൊട്ടടുത്ത കാരിക്കോട് നൈനാര്‍ ജുമാമസ്ജിദിലെത്തി പ്രഭാത നമസ്‌കാരം നടത്തും. പിന്നീട് വീണ്ടും പള്ളിമുറ്റത്തെത്തി കല്‍വിളക്ക്, പരിസരം, പള്ളി ഹാള്‍, സെമിത്തേരി എന്നിവിടങ്ങളെല്ലാം വൃത്തിയാക്കും. ഇതിനുശേഷമാണ് അദ്ദേഹം കച്ചവടത്തിനായി തൊടുപുഴ മാര്‍ക്കറ്റ് റോഡിലെ കുരിശുപള്ളിക്ക് സമീപത്തെ പച്ചക്കറിക്കടയിലേക്ക് പോകുന്നത്. നാസറിനായി മാര്‍ക്കറ്റ് റോഡിലെ കുരിശുപള്ളിക്ക് മുന്നില്‍ സ്ഥലം നല്‍കിയതും പള്ളി ഭാരവാഹികളാണ്.

ഏത് വിശേഷ ചടങ്ങുകള്‍ക്കും അദ്ദേഹം അവിടെയുണ്ടാകും. ഇടവകയില്‍ ഒരാള്‍ മരിച്ചാലും 'നാസറിക്ക' എത്തും. പള്ളി നിര്‍മ്മാണം നടക്കുന്ന കാലത്ത് മണ്ണും കല്ലുമൊക്കെ ചുമക്കാനായാണ് ആദ്യമായി എത്തിയത്. പണി തീരും വരെ നാസറും പള്ളിമുറ്റത്തുണ്ടാകും. അന്നുമുതല്‍ ആരംഭിച്ച ബന്ധമാണ് നാസര്‍ ഇന്നും തുടര്‍ന്നുകൊണ്ടുപോകുന്നത്. പിന്നീട് പള്ളിയുമായി ബന്ധപ്പെട്ട് ലഭിച്ച എല്ലാ ചുമതലകളും പൂര്‍ണ്ണ മനസോടെയാണ് താന്‍ ചെയ്യുന്നതെന്നും നാസര്‍ പറയുന്നു.

തന്നെ വിശ്വസിച്ച് ഏല്‍പിച്ച ജോലി ഒരുകോട്ടവും തട്ടാതെ ഇത്ര നാളും മുന്നോട്ട് കൊണ്ടുപോകാനായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നെ ഞാനാക്കിയത് ഈ പള്ളിയാണ്. ആ സ്‌നേഹത്തിന്റെ കടപ്പാട് പള്ളിയോടും ഭാരവാഹികളോടുമുണ്ട്. ഒരുജോലി എന്ന നിലയില്‍ മാത്രമല്ല പള്ളിയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ചെയ്യുന്നത്. അതുവഴി മനസ്സിന് ആനന്ദം ലഭിക്കുന്നുണ്ട്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ തമ്മില്‍ തല്ലരുത്. ലോകത്തേക്ക് ഓരോരുത്തരും പിറന്നുവീഴുന്നത് മനുഷ്യനായാണ്. എല്ലാവരും സ്‌നേഹത്തോടെ ജീവിച്ചാല്‍ നാട് മനോഹരമാകുമെന്നും നാസര്‍ കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: Nasser Hamed caretaker of St. Mary's Church, Thodupuzha

Next Story