Top

'തീവ്രവാദ സ്വഭാവമുള്ളവരുടെ പ്രൊപ്പഗണ്ട'; പന്ന്യന്‍ രവീന്ദ്രന്റെ 'സ്ഫോടനാവസ്ഥ' പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യുന്നെന്ന് നാസര്‍ ഫൈസി കൂടത്തായി

''കേരളത്തിലെ മുസ്ലിം മൈനോരിറ്റിയുടെ മനസ്സില്‍ വികാരവിചാരങ്ങളുണ്ടായെങ്കിലും ഒരു സ്‌ഫോടനാവസ്ഥ ഉണ്ടാവാതിരിക്കാന്‍ കാരണം പാണക്കാട് തങ്ങള്‍മാരാണ്'' എന്ന് പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന വിവാദമായിരിക്കെയാണ് നാസര്‍ ഫൈസിയുടെ പ്രതികരണം

24 March 2022 9:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തീവ്രവാദ സ്വഭാവമുള്ളവരുടെ പ്രൊപ്പഗണ്ട; പന്ന്യന്‍ രവീന്ദ്രന്റെ സ്ഫോടനാവസ്ഥ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യുന്നെന്ന് നാസര്‍ ഫൈസി കൂടത്തായി
X

കോഴിക്കോട്: മുസ്ലീം ലീഗ് സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗത്തിനിടെ സംസാരിച്ച സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയാണെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. ''കേരളത്തിലെ മുസ്ലിം മൈനോരിറ്റിയുടെ മനസ്സില്‍ വികാരവിചാരങ്ങളുണ്ടായെങ്കിലും ഒരു സ്‌ഫോടനാവസ്ഥ ഉണ്ടാവാതിരിക്കാന്‍ കാരണം പാണക്കാട് തങ്ങള്‍മാരാണ്'' എന്ന് പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന വിവാദമായിരിക്കെയാണ് നാസര്‍ ഫൈസിയുടെ പ്രതികരണം.

പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞത്

''ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ എന്നീ മൂന്ന് മതസ്തരുമുള്ള നമ്മുടെ നാട്ടില്‍ സാമുദായിക സൗഹാര്‍ദ്ദം ഒരു അജണ്ടയായി നിലനില്‍ക്കണമെങ്കില്‍ അതില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കേണ്ട ആള്‍ മുസ്ലിം ജനസാമാന്യത്തിന്റെ മനസ്സറിയുന്ന പാണക്കാട് തങ്ങള്‍ തന്നെയാണ്. അതില്‍ അദ്ദേഹം കാണിച്ചിരിക്കുന്ന ഏറ്റവും വലിയ മനസാന്നിധ്യം, നമ്മുടെ നാട്ടില്‍ പലപ്പോഴും മുസ്ലിം മൈനോരിറ്റിയുടെ മനസ്സില്‍ ഒരുപാട് വികാരവിചാരങ്ങള്‍ വളരുന്ന സംഭവങ്ങളുണ്ടായി. ആ സംഭവങ്ങളെല്ലാം ഉണ്ടായപ്പോളും നമ്മള്‍ ശാന്തരായിരിക്കണം എന്ന് പറയാനുള്ള മനഃശക്തി അദ്ദേഹത്തിനുള്ളത് കൊണ്ടാണ് ഈ കേരളത്തില്‍ ഒരു സ്‌ഫോടനാവസ്ഥയും ഇല്ലാതിരിക്കാന്‍ കാരണമെന്ന് സത്യസന്ധമായി പറയാന്‍ കഴിയും,''.

മലപ്പുറത്ത് പന്ന്യന്‍ രവീന്ദ്രന്‍ നടത്തിയ പ്രസംഗത്തിന്റെ വിഡീയോകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയെയില്‍ ചര്‍ച്ചയായി. മുസ്ലീം വിഭാഗത്തെ ആക്രമോത്സുകരായി ചിത്രീകരിക്കുകയാണെന്നും പന്ന്യന്‍ രവീന്ദ്രനെ പോലുള്ളവര്‍ക്ക് ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാന്‍ മുസ്ലീം ലീഗ് വേദിയൊരുക്കുകയാണെന്നും ആരോപണങ്ങളുണ്ടായി. ഈ സാഹചര്യത്തിലാണ് നാസര്‍ ഫൈസി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടിയുമായി രംഗത്തെത്തിയത്. തീവ്രവാദികളായി മുസ്ലിമുകളെ മുഴുവന്‍ പന്ന്യന്‍ രവീന്ദ്രന്‍ മുദ്രക്കുത്തി, അവഹേളിച്ചു എന്ന വിധത്തില്‍ ഒരു ദുര്‍വ്യാഖ്യാനം നടക്കുകയാണെന്നും ഇത് കേരളത്തിലെ മുസ്ലിം സമൂഹത്തില്‍ ജീവിക്കുന്ന തീവ്രവാദ സ്വഭാവമുള്ള ചില ആളുകളുടെ പ്രൊപ്പഗണ്ടയാണെന്നും നാസര്‍ ഫൈസി കുറ്റപ്പെടുത്തി.

മുസ്ലിം സമുദായത്തിന്റെ നേതൃത്വം പാണക്കാട് തങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചു കൊണ്ട് മാത്രം രാഷ്ടീയമായല്ല അദ്ദേഹം കാര്യത്തെ കാണുന്നത്. സാമുദായികമായ ഇസ്ലാമികമായ ധാര്‍മിക അവസ്ഥയെയും ഇസ്ലാമിന്റെ മുഖത്തെയും കൂടിയുമാണ്. അദ്ദേഹം പറഞ്ഞു വെക്കുന്നത് ഇസ്ലാം പറയുന്ന സമാധാനത്തിന്റെ സന്ദേശമാണ്. ആ സമാധാനത്തിന്റെ വക്താകളായ കേരളത്തിലെ മുസ്ലിമുകള്‍ക്ക് പാണക്കാട് തങ്ങള്‍മാര്‍ നേതൃത്വം നല്‍കുന്ന വഴി ഇസ്ലാം നല്‍കുന്ന സമാധാന മുഖമാണ് കേരളത്തില്‍ മതസ്പര്‍ധ വളരാതിരിക്കാന്‍ കാരണമെന്നാണ്. കേരളത്തിലെ മുസ്ലിമുകള്‍ക്കിടയില്‍ സ്‌ഫോടനാത്മകമായ ഒരു സാഹചര്യമില്ലാതെ പോകുന്നത് തങ്ങള്‍മാരുടെ നിലപാടുകളിലൂടെയാണെന്ന് പറഞ്ഞ നാസര്‍ ഫൈസി തങ്ങള്‍മാര്‍ നേതൃത്വം നല്‍കുന്ന സമുദായത്തില്‍ നിന്ന് ഒരിക്കലും വര്‍ഗീയവാദവും തീവ്രവാദവും ഉണ്ടാവില്ലെന്നാണ് പന്ന്യന്‍ രവീന്ദ്രന്‍ പോലുള്ളവര്‍ പറയുന്നതെന്നും വ്യക്തമാക്കി. കേവലം രാഷ്ടീയപരമായ വിരോധം വെച്ചുക്കൊണ്ട് പന്ന്യന്‍ രവീന്ദ്രന്‍ പോലുള്ളവരുടെ പ്രസംഗത്തെ വിഷയത്തില്‍ നിന്ന് തിരിച്ചുവിടാനുള്ള തീവ്ര സംഘടനകളുടെ ആരോപണങ്ങള്‍ അവഗണിക്കണമെന്നും നാസര്‍ ഫൈസി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഈ മാസം 23നാണ് മലപ്പുറത്ത് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ''ദീപ്തസ്മരണ'' എന്ന പേരില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല, സാദിഖലി ശിഹാബ് തങ്ങള്‍, ബിജെപി നേതാവ് എംടി രമേശ് എന്നിവരും സന്നിതരായിരുന്നു.

STORY HIGHLIGHTS: 'Propaganda of extremists'; Nasser Faizi adds that Pannyan Raveendran's statement on 'explosion' is misinterpreted

Next Story

Popular Stories