Top

'ഈഗോ മാറ്റിവയ്ക്കണം, വിജയത്തില്‍ അഹങ്കരിക്കരുത്'; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സമസ്ത നേതാവിന്റെ തുറന്ന കത്ത്

''അമിത ജനാധിപത്യവും സ്വാതന്ത്ര്യവും പാര്‍ട്ടിയെ മാത്രമല്ല, മതേതരത്വത്തെയാണ് ശിഥിലമാക്കുന്നത്.''

4 Jun 2022 4:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഈഗോ മാറ്റിവയ്ക്കണം, വിജയത്തില്‍ അഹങ്കരിക്കരുത്; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സമസ്ത നേതാവിന്റെ തുറന്ന കത്ത്
X

കോഴിക്കോട്: തൃക്കാക്കര തെരഞ്ഞെടുപ്പിലെ ഉമാ തോമസിന്റെ വിജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പ് സന്ദേശവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. വിജയം പാര്‍ട്ടി നേതൃത്വത്തെ അഹങ്കാരികളാക്കരുതെന്നും എല്ലാ ഈഗോകളുംം മാറ്റി കൂട്ടായി നയിക്കാന്‍ തയ്യാറാകണമെന്നും നാസര്‍ ഫൈസി തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടു.

അമിത ജനാധിപത്യവും സ്വാതന്ത്ര്യവും പാര്‍ട്ടിയെ മാത്രമല്ല, മതേതരത്വത്തെയാണ് ശിഥിലമാക്കുന്നത്. ഒരു കേന്ദ്രത്തില്‍നിന്ന് നിലപാടുകളും തീരുമാനങ്ങളും പുറത്തുവരണം. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ നേതാക്കളിലെ ചിലരുടെ അഹിതകരമായ പ്രതികരണമാണ് കത്തിനാധാരമെന്നും നാസര്‍ ഫൈസി പറഞ്ഞു.

നാസര്‍ ഫൈസി കൂടത്തായിയുടെ കത്ത്:

നിങ്ങളുടെ കൂട്ടായ്മ നല്‍കിയ കരുത്തിലാണ് തൃക്കാക്കര വിജയിച്ചത്. തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന വലിയൊരു പാഠമുണ്ട്: മതം തിരിച്ച് ആളുകളെ സമീപിച്ച് പരമാവധി വര്‍ഗ്ഗീയത കുത്തിവെച്ച് വോട്ട്‌നേടാന്‍ ഭരണപക്ഷം നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടു. കാസാ എന്ന ക്രിസ്ത്യന്‍ വര്‍ഗ്ഗീയ സംഘത്തെ പരമാവധി പ്രീതിപ്പെടുത്തി. പക്ഷേ പി.ടി.തോമസ് എന്ന തികഞ്ഞ മതനിരപേക്ഷതയുടെ ആള്‍രൂപം ഉഴുതുമറിച്ച് പാകപ്പെടുത്തിയ തൃക്കാക്കര മണ്ണില്‍ അത് വിലപ്പോയില്ല. ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ ജനത മതേതരത്വത്തേയും പാരസ്പര്യത്തേയും കാത്തുവെച്ചു, പിടിയുടെ പിന്‍ഗാമിയെ കണ്ടെത്തി.

മായം ചേര്‍ക്കാത്ത മതനിരപേക്ഷതയുടെ കരുത്തുണ്ടെങ്കില്‍ അടുത്ത പാര്‍ലമെന്റിലും ഫാഷിസത്തിന് ബദലാവാന്‍ കേരളത്തില്‍ നിന്ന് 20 അംഗങ്ങളേയും അയക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും.' ഇനിയൊരു ശബരിമല പ്രവേശം 'അനുഗ്രഹിച്ചെത്തിക്കൊള്ളണമെന്നില്ല. നന്നായി കൂട്ടുത്തരവാദിത്വം വേണം. തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴുള്ള കോണ്‍ഗ്രസ് നേതാക്കളിലെ ചിലരുടെ അഹിതകരമായ പ്രതികരണമാണ് ഈ കുറിപ്പിന്നാധാരം.

ലീഡ് പുരോഗമിക്കവെ പ്രതിപക്ഷ നേതാവ് ശ്രീ VD സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു, റിസള്‍ട്ട് പൂര്‍ണ്ണമായ് വരട്ടെ എന്നിട്ട് കൃത്യമായ് പ്രതികരിക്കാമെന്ന്. കുറച്ച് സമയം കഴിഞ്ഞ പ്പോഴേക്കും ഉമ്മന്‍ ചാണ്ടിയും രമേഷ് ചെന്നിത്തലയും പ്രതികരിച്ചു കഴിഞ്ഞു. വിജയ അവകാശത്തിന്റെ അഹമഹമികയാണ് ചാനലുകള്‍ക്ക് മുമ്പില്‍ പ്രകടിപ്പിച്ചത്. ഒരു പ്രതിപക്ഷ നേതാവും പാര്‍ട്ടി പ്രസിഡന്റുമുണ്ടല്ലോ നിലപാടുകള്‍ ഔദ്യോഗികമായി ആദ്യം പറയേണ്ടവര്‍ അവരാണ്. സീനിയേഴ്‌സാണെങ്കിലും ഞാന്‍ ഞാന്‍ മുമ്പിലെന്ന് വരുത്തുന്നത് എന്തിനാണ്? പിറ്റേ ദിവസമായപ്പോള്‍ ക്യാപ്റ്റന്‍ വിവാദ പുകിലും. ഇനി തമ്മിലകന്ന് എന്തൊക്കെ കാണാനിരിക്കുന്നു.

എല്ലാ ഈഗോ ചിന്തകളും മാറ്റിവെച്ച് കൂട്ടായ് നയിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണം. വിജയം പാര്‍ട്ടി നേതൃത്വത്തെ അഹങ്കാരികളാക്കരുത്. അമിത ജനാധിപത്യവും സ്വാതന്ത്ര്യവും പാര്‍ട്ടിയെ മാത്രമല്ല; മതേതരത്വത്തേയാണ് ശിഥിലമാക്കുന്നത് എന്ന് നേതാക്കള്‍ അറിയണം. ഒരു കേന്ദ്രത്തില്‍ നിന്ന് നിലപാടുകളും തീരുമാനങ്ങളും പുറത്ത് വരണം. തൃക്കാക്കര വിജയം നേതൃത്വത്തെ കൂടുതല്‍ വിനയാന്വിതരും കാര്യബോധ്യമുള്ളവരും ആക്കട്ടെ.

പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഫാഷിസത്തെ പ്രതിരോധിക്കാന്‍ കരുത്തുള്ളവരാക്കട്ടെ എന്നാണ് മതേതരത്വത്തിന്റെ സിംഹഭാഗവും കരുതുന്നത്.പ്രത്യേകിച്ച് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍. തെരഞ്ഞെടുപ്പും ജനാധിപത്യവും ഇല്ലാത്ത ഇന്ത്യയെ സൃഷ്ടിക്കുന്ന മൂന്നാം മോഡി വരവിനെ ചെറുക്കാന്‍ കേരളത്തിന് ആവത് ചെയ്യാനുണ്ട് എന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയണം.

Next Story