Top

'താൻ എന്ത് കമ്മ്യൂണിസ്റ്റാടോ?'; ഉംറയ്ക്ക് പോയതിന് കോടിയേരി കണ്ണുരുട്ടി പേടിപ്പിച്ചെന്ന് അബ്ദുള്ളക്കുട്ടി

സർക്കാറിന്റെ ഫണ്ട് കട്ടുമുടിച്ച് പോകുന്ന ഹജ്ജ് ഹലാലായ ഹജ്ജല്ലെന്നും അത് ഹറാമാണെന്നും അദ്ദേഹം പറഞ്ഞു

6 May 2022 6:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

താൻ എന്ത് കമ്മ്യൂണിസ്റ്റാടോ?; ഉംറയ്ക്ക് പോയതിന് കോടിയേരി കണ്ണുരുട്ടി പേടിപ്പിച്ചെന്ന് അബ്ദുള്ളക്കുട്ടി
X

കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായിരുന്നപ്പോൾ ഭാര്യയുമൊത്ത് ഉംറക്ക് പോയതിന് കോടിയേരി കണ്ണുരുട്ടി പേടിപ്പിച്ചെന്ന അനുഭവം പങ്കുവെച്ച് ബി.ജെ.പി ദേശീയ വെെസ് പ്രസിഡന്റും ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാനുമായ എ.പി അബ്ദുള്ളക്കുട്ടി. ഉംറ കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ താൻ എന്ത് കമ്മ്യൂണിസ്റ്റാണെന്നും, കമ്മ്യൂണിസ്റ്റുകാർ അങ്ങനെ ഉംറക്ക് പോകാറുണ്ടോ എന്നും കോടിയേരി ബാലകൃഷ്ണൻ കണ്ണുരുട്ടി സംസാരിച്ചതായി അദ്ദേഹം ആരോപിച്ചു. കോഴിക്കോട് നടന്ന പാർട്ടി വേദിയിലാണ് അബ്ദുള്ളക്കുട്ടി വിമർശനമുന്നയിച്ചത്.

കോൺ​ഗ്രസ് നടപ്പാക്കിയ ഹറാമായ ഹജ്ജ് അവസാനിപ്പിച്ച നേതാവാണ് നരേന്ദ്രമോദിയെന്നും എ.പി അബ്ദുള്ളക്കുട്ടി പ്രശംസിച്ചു. ഓരോ വിഷയത്തിലും വ്യക്തമായ നിലപാടെടുത്ത ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദി അധികാരത്തിൽ വരുന്നതിന് മുമ്പ് ഇവിടെയൊരു സംവിധാനമുണ്ടായിരുന്നതായും, അതിന്റെ ഭാ​ഗമായി ​ഗുഡ് വിൽ റെലി​ഗേഷൻ എന്ന പേരിൽ ഒരു വിമാനം നിറയെ എം.എം ഹസനെ പോലുള്ള വി.ഐ.പികളെ സർക്കാർ ചെലവിൽ ഹജ്ജിനെത്തിച്ചതായും അദ്ദേഹം വിമർശനമുന്നയിച്ചു. ഏറ്റവും അവസാനത്തെ വിമാനത്തിൽ തിരിച്ച് ആദ്യ വിമാനത്തിൽ ഏഴു ദിവസത്തിൽ മടങ്ങിയെത്തിയിരുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാറിന്റെ ഫണ്ട് കട്ടുമുടിച്ച് പോകുന്ന ഹജ്ജ് ഹലാലായ ഹജ്ജല്ലെന്നും അത് ഹറാമാണെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജിന്റെ പ്രാഥമികമായ മാനദണ്ഡങ്ങൾ പോലും ചോദ്യം ചെയ്തുകൊണ്ടുള്ള നടപടികളായിരുന്നു ഇതെന്നും അബ്ദുള്ളക്കുട്ടി ഓർമിപ്പിച്ചു.

നരേന്ദ്രമോദിയുടെ വിദേശയാത്രകളെ കളിയാക്കുന്നവരുണ്ടെന്നും എന്നാൽ ഓരോ വിദേശയാത്രകളിലും ആ രാജ്യത്തെ ഭരണാധികാരികളുടെ ഹൃദയം കീഴടക്കി വരുന്ന നേതാവാണ് നരേന്ദ്രമോദിയെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ഇതിന്റെ ഫലമായാണ് 2019ൽ സൗദി സർക്കാർ നിശ്ചയിച്ച ഒരുലക്ഷത്തി തൊണ്ണൂറായിരം തീർത്ഥാടകർക്ക് പകരം രണ്ട് ലക്ഷത്തിലധികം തീർത്ഥാടകരെ ഇന്ത്യയിൽ നിന്ന് അയക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Abdullakutty praises narendra modi on his proper actions in hajj pilgrimage

Next Story