Top

'ദേശീയ അവാര്‍ഡിനേക്കാള്‍ വലുതാണ് നഞ്ചിയമ്മക്ക് കേസില്‍ പെട്ട നാല് ഏക്കര്‍ ഭൂമി'; റവന്യൂ വകുപ്പ് മന്ത്രിക്ക് തുറന്ന കത്ത്

25 July 2022 11:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദേശീയ അവാര്‍ഡിനേക്കാള്‍ വലുതാണ് നഞ്ചിയമ്മക്ക് കേസില്‍ പെട്ട നാല് ഏക്കര്‍ ഭൂമി; റവന്യൂ വകുപ്പ് മന്ത്രിക്ക് തുറന്ന കത്ത്
X

പാലക്കാട്: 'അയ്യപ്പനും കോശി'യിലെ 'കലാക്കാത്ത സന്ദന മേരം' എന്ന നഞ്ചിയമ്മയുടെ ഗാനമെന്നും മലയാളികൾക്ക് ഒപ്പമുണ്ടാകുമെന്നതിൽ സംശയമില്ല. മികച്ച ഗായികയ്ക്കുളള ദേശീയ പുരസ്കാരം നേടിയ അട്ടപ്പാടി ഗൂളിക്കടവ് നക്കുപ്പതി ഊരിലെ നഞ്ചിയമ്മ അങ്ങനെ മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടുകയും ചെയ്തു. പുരസ്കാര നിറവിലും നഞ്ചിയമ്മയ്ക്കെതിരെ ചില വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ ഈ വിമർശനങ്ങൾക്കെല്ലാം അപ്പുറം നഞ്ചിയമ്മ നേരിടുന്ന യഥാർത്ഥ പ്രശ്നത്തെ ചൂണ്ടിക്കാട്ടുകയാണ് ഒരു ഫേസ്ബുക്ക് കുറിപ്പ്. ഭൂമാഫിയ തട്ടിയെടുത്ത നഞ്ചിയമ്മയുടെ കുടുംബ സ്വത്തായ നാല് ഏക്കർ ഭൂമിക്ക് വേണ്ടിയുളള പോരാട്ടത്തിലാണ് നഞ്ചിയമ്മയെന്ന് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

'1987-ൽ നഞ്ചിയമ്മയുടെ ഭർത്താവ് നഞ്ചപ്പന്റെ പിതാവ് നാഗ മൂപ്പൻ സ്വന്തം ഭൂമി അപഹരിച്ചെടുത്തത്തിനെതിരെ ആർഡിഒ യ്ക്ക് പരാതി നൽകിയിരുന്നു. 1995-ൽ നഞ്ചിയമ്മയ്ക്ക് അനുകൂലമായി നാല് ഏക്കർ ഭൂമി അനുവദിച്ചു കൊണ്ട് കോടതി ഉത്തരവായി. എതിർ കക്ഷിയായ കന്തസാമി ബോയൻ കോടതിയിൽ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിയിരുന്നു വിധി. അന്ന് മുതൽ കൈവശമുളള നാല് ഏക്കർ ഭൂമിയിൽ നഞ്ചിയമ്മ കൃഷി ചെയ്യുകയായിരുന്നു'.

'എന്നാൽ പിന്നീട് സിപിഐയുടെ നേതൃത്വത്തിലുള്ള ഭൂമാഫിയകൾ വ്യാജ നികുതി രസീത് സംഘടിപ്പിച്ച് കോടതിയിൽ ഹാജരാക്കുകയും തുടർന്ന് എക്സ് പാർട്ടി വിധി സമ്പാദിച്ച് വ്യാജ രേഖകൾ ചമച്ച് ഭൂമിയുടെ ആധാരം മാഫിയ സ്വന്തം പേരിലാക്കുകയും ചെയ്തു. 1975 ലെ ആദിവാസി ഭൂനിയമത്തിന് പകരമായി 1999-ൽ ഗവണ്മെന്റ് പാസ്സാക്കിയ അമെന്റ്മെന്റ് നിയമത്തിന്റെ അടിസ്ഥാനത്തിൽ ഈ നാലേക്കർ ഭൂമി കന്തസാമി ബോയലിന് വിട്ടുകൊടുക്കണമെന്ന് ഒറ്റപ്പാലം ആർഡിഒ ഉത്തരവിട്ടു. നഞ്ചിയമ്മയും കുടുംബവും ഇതിനെതിരെ അപ്പീൽ നൽകി'.

'സിപിഐക്കാരനായ ജോസഫ് കുര്യൻ, കെ വി മാത്യുവുമായി ചേർന്ന് നിലവിൽ സിപിഐ (എം എൽ) റെഡ്‌സ്റ്റാർ സംസ്ഥാനകമ്മിറ്റി അംഗവും ഓൾ ഇന്ത്യാക്രാന്തികാരി കിസാൻ സഭ സംസ്ഥാന പ്രസിഡന്റുമായ സുകുമാരനെ ഒന്നാം പ്രതിയാക്കി നഞ്ചിയമ്മയിൽ നിന്ന് തങ്ങൾക്ക് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് മണ്ണാർക്കാട് കോടതിയിലും ഹൈക്കോടതിയിലുമായി രണ്ടു ഹർജികൾ സമർപ്പിച്ചു. 2013ൽ മരിച്ചു പോയ നഞ്ചപ്പൻ 2019ൽ തങ്ങളെ ആക്രമിച്ചു എന്ന വ്യാജ മൊഴി നൽകിയാണ് ഇവർ കോടതി സംരക്ഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. ഹൈക്കോടതി ഈ ഹർജി തള്ളിക്കളഞ്ഞുവെങ്കിലും റിയൽ എസ്റ്റേറ്റ് ഭൂമാഫിയക്കാരായ എതിർകക്ഷികളുടെ കേസ് ഇപ്പോഴും നിലനിൽക്കുന്നു', കുറിപ്പിൽ പറയുന്നു.

നഞ്ചിയമ്മയുടെ നാല് ഏക്കർ ഭൂമി തിരികെ ലഭിക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രി അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്നാണ് കുറിപ്പിലൂടെ ആവശ്യപ്പെടുന്നത്.

STORY HIGHLIGHTS: Nanchiyamma's fight for four-acre family property that was stolen by the land mafia, letter to revenue minister

Next Story