Top

'മതമല്ല പ്രശ്‌നം, ചിലരുടെ വ്യാഖ്യാനങ്ങളാണ്'; പ്രതീക്ഷ നല്‍കുന്ന മാറ്റങ്ങള്‍ മുസ്ലീം ലീഗിലുണ്ടാകുന്നെന്ന് നജ്മ തബ്ഷീറ

എംഎസ്എഫില്‍ തിരികെയെടുത്തോ ഇല്ലയോ എന്നതില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള ഔദ്യോഗികമായ ഒരു ആശയവിനിമയവും മുസ്ലീം ലീഗിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലെന്ന് നജ്മ പറഞ്ഞു

11 Dec 2022 4:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മതമല്ല പ്രശ്‌നം, ചിലരുടെ വ്യാഖ്യാനങ്ങളാണ്; പ്രതീക്ഷ നല്‍കുന്ന മാറ്റങ്ങള്‍ മുസ്ലീം ലീഗിലുണ്ടാകുന്നെന്ന് നജ്മ തബ്ഷീറ
X

കോഴിക്കോട്: മുസ്ലീം ലീഗിനൊപ്പം തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നതെന്ന് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ മുന്‍ നേതാവ് നജ്മ തബ്ഷീറ. എംഎസ്എഫില്‍ തിരികെയെടുത്തോ ഇല്ലയോ എന്നതില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള ഔദ്യോഗികമായ ഒരു ആശയവിനിമയവും മുസ്ലീം ലീഗിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലെന്ന് നജ്മ പറഞ്ഞു. ഞങ്ങള്‍ ഇപ്പോഴും ഹരിതയ്ക്ക് പുറത്താണ്. പക്ഷെ, പാര്‍ട്ടിയിലെ തന്നെ പല നേതാക്കളും ഞങ്ങള്‍ക്ക് ധാര്‍മ്മിക പിന്തുണ നല്‍കി. പൊരുതുന്നത് തുടരണമെന്ന് നിര്‍ദ്ദേശിച്ചു. സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ മുന്നില്‍ പല തവണ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും നജ്മ വ്യക്തമാക്കി. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഹരിത നേതാവിന്റെ പ്രതികരണം.

'മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി എംഎ സലാം പെരിന്തല്‍മണ്ണയില്‍ ഞാന്‍ പങ്കെടുത്ത പരിപാടിയില്‍ നിന്ന് വിട്ടു നിന്നത് കഴിഞ്ഞ വര്‍ഷമുണ്ടായ സംഭവമാണ്. ഇപ്പോള്‍ ഞാന്‍ പങ്കെടുക്കുന്ന പാര്‍ട്ടി പരിപാടികളില്‍ മുതിര്‍ന്ന ലീഗ് നേതാക്കളുമുണ്ട്. അവരുമായി വേദി പങ്കിടുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഒരു തരത്തിലുമുള്ള ശത്രുതയുമില്ല.

പോസിറ്റീവായ ഒരു മാറ്റം സംഭവിക്കുന്നുണ്ട്. ഞാന്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൂടിയാണ്. പഞ്ചായത്ത് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ലീഗ് നേതാക്കള്‍ ഒരു മടിയും കാണിക്കാറില്ല. പാര്‍ട്ടിയുടെ നയരൂപികരണ സമിതിയില്‍ ഉള്‍പ്പെടെ സ്ത്രീകളെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നോ ഇല്ലായെന്നോ മറുപടി പറയാനാകില്ല. ചെറിയ മാറ്റങ്ങള്‍ സംഭവിക്കുന്നതായി ഞങ്ങള്‍ കാണുകയും വിശ്വസിക്കുകയും ചെയ്യുന്നു. ലീഗിലെ വനിതകളുടെ സ്ഥാനത്തേക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇത് പ്രതീക്ഷ നല്‍കുന്നതാണ്.

പാര്‍ട്ടിയിലെ തീരുമാനങ്ങളെടുക്കുന്ന പ്രധാന സമിതികളിലേക്ക് ലീഗ് വനിതകള്‍ക്ക് വാതില്‍ തുറന്ന് നല്‍കണമെന്നതാണ് ഞങ്ങളുടെ പ്രധാന ആവശ്യം. 'വിമെന്‍സ് വിങ്ങ്' എന്നോ മറ്റോ പോലെ സ്ത്രീകള്‍ മാറ്റി നിര്‍ത്തപ്പെടരുത്.

വനിതകളുടെ ഇടം പരിമിതിപ്പെടുത്തുന്നത് മതഗ്രന്ഥങ്ങളാണെന്ന് എനിക്ക് തോന്നുന്നില്ല. കേരളത്തിലെ മുസ്ലീം സ്ത്രീകളുടെ കാര്യത്തിലായാലും മുഴുവന്‍ സ്ത്രീകളുടെ കാര്യത്തിലായാലും മതഗ്രന്ഥങ്ങളുടെ സ്വാധീനമില്ലെങ്കില്‍ പോലും അവര്‍ സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ ഇടം പിടിക്കുന്നത് കാണാനാകുന്നില്ല. കേരളത്തില്‍ എത്ര വനിതാ മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ട്?

മതമാണ് പ്രധാന പ്രശ്‌നമെന്ന് അന്ധമായി പറയാനാകില്ല. ചില ആളുകള്‍ നടത്തുന്ന വ്യഖ്യാനങ്ങളും ചിന്താശൂന്യമായ പ്രതികരണങ്ങളുമാണ് കുഴപ്പങ്ങള്‍ക്ക് കാരണം.

സ്ത്രീകളെ പുരുഷന്‍മാരുടെ താഴെയായി ഇസ്ലാം കാണുന്നില്ല. അത് തെറ്റായ വ്യാഖ്യാനമാണ്. വ്യത്യസ്ത ചുമതലയുള്ളവരായാണ് കാണുന്നത്. ഒരു പുരുഷന് സ്ത്രീയേക്കാള്‍ ചുമതലകളുണ്ട്. കാരണം കുടുംബം മാത്രം നോക്കിയാല്‍ പോരാ, ഇല്ലായ്മ അനുഭവിക്കുന്നവരേയും സംരക്ഷിക്കണം. ഒരു സ്ത്രീക്ക് അത്തരം ഉത്തരവാദിത്തങ്ങളില്ല. അതുകൊണ്ടാണ് സ്വത്ത് വിഭജനത്തിന്റെ കാര്യം വരുമ്പോള്‍ വ്യത്യസ്തമായ ഒരു അനുപാതമുള്ളത്.

'സ്ത്രീകള്‍ പുരുഷന്‍മാരാല്‍ സംരക്ഷിക്കപ്പെടണമെന്നത് പുരുഷാധിപത്യ ചിന്താഗതിയല്ലേ? ഈ പുരുഷ മനോഭാവാമല്ലേ താങ്കളെ ഹരിതയില്‍ നിന്ന് പുറത്താക്കിയത്? നിങ്ങളുടെ നിലപാടില്‍ തന്നെ വൈരുദ്ധ്യമില്ലേ?' എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ. 'സങ്കീര്‍ണമാണ് അത്. സ്ത്രീ സംരക്ഷിക്കപ്പെടണം എന്നാണ് പറയുന്നതെങ്കില്‍ അത് തെറ്റാണ്. രണ്ടുപേരുടേയും കര്‍ത്തവ്യങ്ങളില്‍ വ്യത്യാസമുണ്ടെന്നും അതില്‍ മഹത്വമുണ്ടെന്നുമാണ് ഞാന്‍ പറയുന്നത്.' നജ്മ പറഞ്ഞു.

STORY HIGHLIGHTS: Najma Tabsheera, the former leader of Harita says that she is still with the Muslim League

Next Story