'ഒരു വിശ്വാസിക്ക് പുരോഗമനവാദിയാകാന്‍ കഴിയും'; ഇസ്ലാമിക ഫെമിനിസം സാധ്യമാണെന്ന് നജ്മ തബ്ഷീറ
മുസ്ലീം ലീഗില്‍ ഞങ്ങള്‍ നടത്തുന്നത് വിപ്ലവമല്ല, നവീകരണമാണ്
11 Dec 2022 4:36 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: മതത്തേയും പുരോഗമനവാദത്തേയും വിപരീതമായി വേര്‍തിരിച്ച് കാണരുതെന്ന് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ മുന്‍ നേതാവ് നജ്മ തബ്ഷീറ. മതവിശ്വാസിയായ ഒരാള്‍ക്ക് പുരോഗമന ആശയങ്ങളിലൂന്നിയുള്ള ജീവിതം സാധ്യമാണെന്ന് നജ്മ പറഞ്ഞു. ഇസ്ലാമിക ഫെമിനിസം സാധ്യമാണ്. മത പണ്ഡിതര്‍ക്ക് ഞങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അറിയില്ല.മുസ്ലീം ലീഗില്‍ ഞങ്ങള്‍ നടത്തുന്നത് വിപ്ലവമല്ല, നവീകരണമാണ്. ലീഗ് നേതൃത്വത്തിന് ഞങ്ങളുടെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ കഴിയില്ലെന്നും നജ്മ വ്യക്തമാക്കി. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് ഹരിത നേതാവിന്റെ പ്രതികരണം.
ഇറാനിലും കര്‍ണാടകയിലും ഹിജാബുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളിലും നജ്മ തബ്ഷീറ നിലപാട് വ്യക്തമാക്കി. 'ആരും ഒരു ആശയവും വസ്ത്രധാരണവും ആരിലും അടിച്ചേല്പിക്കരുത്. അങ്ങനെയൊരു അധികാരം ദൈവം പോലും ആര്‍ക്കും നല്‍കിയിട്ടില്ല. ഒരു സ്ത്രീയെന്ന നിലയില്‍ ഞാന്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന് ഒപ്പമാണ്.
ഹിജാബ് മതത്തിലെ ഒരു പ്രധാന ഘടകമാണ്. പക്ഷെ, ഈ ശാസനങ്ങള്‍ നിര്‍ബന്ധമായും പിന്തുടരണമെന്ന് ആര്‍ക്കും പറയാനാകില്ല. ഉദാഹരണത്തിന്, നിങ്ങള്‍ കണ്ണൂരില്‍ പോയി വിവിധ കോളേജുകളില്‍ പഠിക്കുന്ന പര്‍ദ്ദ ധരിച്ച വിദ്യാര്‍ത്ഥിനികളോട് ചോദിച്ചാല്‍ നിങ്ങള്‍ക്ക് ഉത്തരം കിട്ടും. അവര്‍ കംഫര്‍ട്ടബിള്‍ ആയതുകൊണ്ട് മാത്രം പര്‍ദ്ദ ധരിക്കുന്നവരാണ്. എന്റെ അമ്മ ഒരു ടീച്ചറാണ്. സ്കൂളില്‍ എപ്പോഴും സാരി ധരിച്ചാണ് പോയിരുന്നത്. ഒരിക്കല്‍ പര്‍ദ്ദ ധരിച്ച അവര്‍ പിന്നീട് അതാണ് സൗകര്യമെന്ന് മനസിലാക്കി. ഇപ്പോള്‍ പര്‍ദ്ദ മാത്രമേ ധരിക്കൂ.
സ്ത്രീകളെ ലൈംഗിക വസ്തുക്കളായി കണ്ട് പര്‍ദ്ദ ധരിപ്പിച്ചിരുന്നത് മുന്കാലങ്ങളിലാകാം. പക്ഷെ, ഇന്നത്തെ തലമുറയ്ക്ക് പര്‍ദ്ദ ഒരു തെരഞ്ഞെടുപ്പാണ്. നിര്ബന്ധിതരാക്കപ്പെടുന്നതുകൊണ്ട് ആരും പര്‍ദ്ദ ധരിക്കുന്നില്ല. നിഖാബും വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. പക്ഷെ, ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. ഒരിക്കലും നിഖാബ് ധരിച്ചിട്ടുമില്ല. കേരളത്തിലെ മുസ്ലീം സമുദായത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് അഭിപ്രായം പറയാന്‍ ഇടമുണ്ട്. നിലപാടുണ്ട്.
മുസ്ലീം ലീഗില്‍ തഴയപ്പെട്ടതിനേത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകയും പത്രമുടമയുമായ ഹലീമ ബീവി കോണ്‍ഗ്രസില്‍ ചേക്കേറിയതുപോലെ താങ്കളും പാര്‍ട്ടി മാറുമോ എന്ന ചോദ്യത്തിനും നജ്മ മറുപടി നല്കി. 'കോണ്‍ഗ്രസിന്റെ മുന്‍ഗണനകള്‍ വ്യത്യസ്തമാണ്. ഞങ്ങളുടെ മുന്‍ഗണന ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയമാണ്. ഞങ്ങളുടെ മുന്‍ഗണനകള്‍ ഇതുപോലെ തുടരുന്നത് വരെ ഞങ്ങള്‍ മുസ്ലീം ലീഗില്‍ തന്നെ തുടരും. ഏത് നിലപാടിലാണ് നില്‍ക്കേണ്ടത് എന്ന് ഞങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്. ഞങ്ങളെല്ലാവരും മുസ്ലീം ലീഗിന്റെ പ്രത്യയ ശാസ്ത്രത്തിലാണ് വിശ്വസിക്കുന്നത്,'
'ആദരണീയമായ അസ്തിത്വം' ആണ് ലീഗിന്റെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രം. ചിലര്‍ ലീഗിനെ രാജ്യസ്നേഹത്തിന്റെ വിമര്‍ശിക്കുന്നത് ഈയിടെ കണ്ടു. അവര്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ ഭരണഘടന വായിക്കണം. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് സ്വയം വളര്‍ന്നുവരാനാണ് അത് നിര്‍ദ്ദേശിക്കുന്നത്.
ജെന്‍ഡര്‍ ഇക്വാലിറ്റിയുടെ നിര്‍വ്വചനമാണ് മാറേണ്ടത്. വസ്ത്രത്തില്‍ മാത്രം തുല്യത വന്നതുകൊണ്ട് എല്ലാറ്റിലും അത് പ്രാപ്തമാകണമെന്നില്ല. അത് അതിശോയക്തിപരമാണ്. 'ഹിജാബ് ധരിക്കുന്ന റിബല്‍' എന്ന വിമര്‍ശനാത്മക വിശേഷണത്തോടും നജ്മ പ്രതികരിച്ചു. വലിയ പ്രസ്താനകള്‍ നടത്തുന്ന മതപണ്ഡിതര്‍ക്ക് ഞങ്ങളുടെ അനുഭവങ്ങള്‍ അറിയില്ല. വിശ്വാസവും പുരോഗമന ആശയങ്ങളും വെവ്വേറെയായി ഞാന്‍ കാണുന്നുമില്ല.
'ലിംഗ സമത്വമാണെങ്കിലും തുല്യ സ്വത്തവകാശമാണെങ്കിലും ഒരു പുരോഗമന ആശയം മുന്നോട്ട് വെയ്ക്കപ്പെടുമ്പോള്‍ മുസ്ലീം സമുദായത്തിലാണ് ഏറ്റവും കൂടൂതല്‍ എതിര്‍പ്പ് ഉയര്‍ന്നുവരുന്നത്. മുസ്ലീം ലീഗ് നേതാക്കളും മറ്റ് സമുദായങ്ങളിലൊന്നും ഇത്രയും പ്രശ്നമില്ല. ഇത് സമുദായത്താകെ ഒറ്റപ്പെടുത്തില്ലേ?' എന്ന ചോദ്യത്തോടും നജ്മ പ്രതികരിച്ചു. 'സമുദായത്തെ ഒറ്റപ്പെടുത്തുമെന്നത് ശരിയാണ്. അനാവശ്യമായ ചര്‍ച്ചകളാണ് ഇവ. സമുദായത്തിലെ സ്ത്രീകളാണ് ഇതിന്റെ പഴി വാങ്ങുന്നത്. മത നേതാക്കള്‍ മിക്കപ്പോഴും അനാവശ്യ പ്രസ്താവനകള്‍ നടത്തും. അവര്‍ സമുദായത്തിലെ സ്ത്രീകളുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്നില്ല. ഞങ്ങള്‍ അനാവശ്യമായി ജഡ്ജ് ചെയ്യപ്പെടുകയാണ്. ഒരാള്‍ക്ക് ഒരേ സമയം വിശ്വാസിയാകാനും അതേ സമയം പുരോഗമനവാദിയാകാനും കഴിയും. ഇസ്ലാമിക ഫെമിനിസം സാധ്യമാണ്.
മുസ്ലീം ലീഗിന്റെ രാഷ്ട്രീയ ഭാവിയേക്കാള്‍ ഞങ്ങള്‍ വിഷയമാക്കുന്നത് പാര്‍ട്ടിയുടെ അകത്തെ രാഷ്ട്രീയമാണ്. പുരുഷാധിപത്യ മനോഭാവമാണ് ഞങ്ങളുടെ ഏറ്റവും വലിയ പ്രശ്നം. മറ്റെല്ലാം രണ്ടാമതാണ്. ഞങ്ങള്‍ ഉയര്‍ത്തുന്ന ശബ്ദത്തിന് ലീഗ് നേതൃത്വം ചെവി നല്‍കുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. മുസ്ലീം ലീഗിനെതിരായ ഒരു വിപ്ലവമോ പോരാട്ടമോ അല്ല ഇത്. നവീകരണത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് പതുക്കെയേ സംഭവിക്കൂ. പക്ഷെ, അത് സ്ഥായിയായ ഒരു മാറ്റം കൊണ്ടുവരും. ഇന്നോ നാളെയോ അത് സംഭവിക്കില്ല. പക്ഷെ, ഒരിക്കല്‍ ലീഗ് നേതൃത്വത്തിന് ഒരു ദിവസം ഞങ്ങളെ കേള്‍ക്കാതിരിക്കാനാകില്ല, നജ്മ തബ്ഷീറ കൂട്ടിച്ചേര്‍ത്തു.
STORY HIGHLIGHTS: Najma Tabsheera said that Islamic feminism is possible