നജീബ് മലപ്പുറം പൊൻമള സ്വദേശിയെന്ന് അനുമാനം; കുടുംബം ഫോട്ടോ തിരിച്ചറിഞ്ഞു
13 March 2022 5:01 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: അഫ്ഗാനിസ്താനിൽ കൊല്ലപ്പെട്ട ഐഎസ് അംഗം നജീബ് അൽഹിന്ദി മലപ്പുറം പൊൻമള സ്വദേശിയെന്ന് സൂചന. അഞ്ച് വർഷം മുമ്പാണ് പൊൻമള സ്വദേശിയായ നജീബിനെ കാണാതാവുന്നത്. അന്ന് നജീബിന്റെ ഉമ്മ മകനെ കാണാനില്ലെന്ന് പറഞ്ഞ് പരാതിയും നൽകിയിരുന്നു. എന്നാൽ നജീബിനെതിരെ എൻഐഎ അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞ് പൊലീസ് പിൻമാറി. ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന ഫോട്ടോ നജീബിന്റേത് തന്നെയാണ്. നജീബിന്റെ കുടുംബം ഫോട്ടോകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കുടുംബവുമായി ബന്ധമുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷെ നജീബ് അഫ്ഗാനിൽ കൊല്ലപ്പെട്ടോ എന്ന് സ്ഥിരീകരണമില്ലെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്. നജീബ് ഐഎസിൽ വെച്ച് കൊല്ലപ്പെട്ടതായി നേരത്തെ വാർത്ത പുറത്തു വന്നിരുന്നു. എന്നാൽ അന്നും ഈ വാർത്തകൾ സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. അന്നത്തെ സംഭവം തന്നെയാണ് ഇപ്പോൾ ഐഎസ് മുഖപത്രത്തിൽ വന്നിരിക്കുന്നതെന്നാണ് സൂചന.
മലപ്പുറം സ്വദേശിയായ നജീബ് തന്റെ 23ാം വയസ്സിലാണ് ഐഎസിൽ ചേരാൻ നാടും വീടും ഉപേക്ഷിച്ച് പോയത്. 2017 ആഗസ്റ്റ് 15 നാണ് നജീബിനെ കാണാനില്ലെന്ന് പൊലീസിൽ പരാതി ലഭിക്കുന്നത്. ഇന്റലിജൻസ് അന്വേഷണ പ്രകാരം നജീബ് തലേന്ന് തന്നെ നാട് വിട്ടിരുന്നു. 2017 ആഗസ്റ്റ് 16 ന് നജീബ് ഹൈദരാബാദ് എയർപോർട്ടിൽ നിന്നും ദുബായിലേക്ക് പോയി. അവിടെ നിന്നും ഇയാൾ സിറിയ-ഇറാഖ് അതിർത്തിയിലെത്തി. ഇതിനു ശേഷമാണ് അഫ്ഗാനിലെത്തുന്നത്. പിന്നീട് നജീബിനെ പറ്റി യാതൊരു വിവരവും ഉണ്ടായിരുന്നില്ല.
രാജ്യം വിടുന്ന അന്ന് നജീബ് തന്റെ ഉമ്മയ്ക്ക് ടെലഗ്രാമിലൂടെ മെസേജ് അയച്ചിരുന്നു. തന്നെ ആരും തിരഞ്ഞ് വരരുതെന്നായിരുന്നു സന്ദേശം.''എന്നെ തിരയേണ്ട ആവശ്യമില്ല, ഞാൻ എന്റെ ലക്ഷ്യ സ്ഥാനത്തെത്തി. ഈ സ്ഥലം പോലെ മറ്റൊരിടമില്ല. പൊലീസിനടുത്ത് പോവരുത്. അത് നിങ്ങൾക്കാണ് പ്രശ്നങ്ങളുണ്ടാക്കുക എനിക്കല്ല. ഇതാണെന്റെ അവസാന സന്ദേശം. ഇൻഷാ അള്ളാ,'' നജീബിന്റെ സന്ദേശമിങ്ങനെ. എന്നാൽ സന്ദേശം ലഭിച്ചതിന് പിന്നാലെ ഉമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു.
story highlight: Najeeb's family recognizes his photo