Top

നാഗാലാന്‍ഡ് കൊല: സൈന്യത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐഎം; 'അഫ്സ്പ പിന്‍വലിക്കണം'

മതിയായ നഷ്ടപരിഹാരം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കണമെന്ന് പോളിറ്റ് ബ്യൂറോ

6 Dec 2021 1:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാഗാലാന്‍ഡ് കൊല: സൈന്യത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐഎം; അഫ്സ്പ പിന്‍വലിക്കണം
X

അഫ്സ്പ പിന്‍വലിക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് നാഗാലാന്‍ഡ് സംഭവം അടിവരയിടുന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. സംഭവത്തില്‍ സൈന്യം നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐഎം പിബി ആവശ്യപ്പെട്ടു.

സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവന: ''നാഗാലാന്‍ഡിലെ മോന്‍ ജില്ലയില്‍ കുറഞ്ഞത് 17 ആളുകളും ഒരു സൈനികനും കൊല്ലപ്പെടാന്‍ ഇടയാക്കിയ സൈനികാക്രമത്തെ സിപിഐഎം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും അവര്‍ക്ക് മതിയായ നഷ്ടപരിഹാരം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കണമെന്ന് പോളിറ്റ് ബ്യൂറോ ആവശ്യപ്പെടുകയും ചെയ്യുന്നു. 'ഇന്റലിജന്‍സ് പിഴവ്' മൂലമാണ് ഈ ക്രൂരമായ കൊലപാതകങ്ങള്‍ നടന്നതെന്ന സൈന്യത്തിന്റെ വിശദീകരണം ഒട്ടും തൃപ്തികരമല്ല. സമഗ്രമായ അന്വേഷണം സമയബന്ധിതമായി നടത്തി കുറ്റക്കാര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നേടിക്കൊടുക്കണം. സായുധസേനാ പ്രത്യേകാധികാര നിയമം (AFSPA) അഫ്സ്പ പിന്‍വലിക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് ഈ സംഭവം അടിവരയിടുന്നത്.''

നാഗാലാന്‍ഡില്‍ 14 ഗ്രാമീണരെ സൈന്യം വെടിവച്ചുകൊന്ന സംഭവത്തെ ന്യായീകരിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രംഗത്തെത്തിയിരുന്നു. ആത്മരക്ഷാര്‍ഥമാണ് സൈന്യം ഗ്രാമീണര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് അമിത് ഷായുടെ വിശീകരണം. സംഭവത്തില്‍ സൈന്യം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. സംഭവം വിശദമായി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. നിലവില്‍ നാഗാലാന്‍ഡിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അമിത് സഭയില്‍ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ സൈന്യത്തിലെ 21 പാര സ്പെഷ്യല്‍ ഫോഴ്സിലെ സൈനികര്‍ക്കെതിരെ നാഗാലാന്‍ഡ് പൊലീസ് കേസെടുത്തു. പ്രകോപനമില്ലാതെയാണ് സൈന്യം ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ വെടിയുതിര്‍ത്തത് എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

കഴിഞ്ഞദിവസം നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലെ ഓടിംഗ് ഗ്രാമത്തിലാണ് സുരക്ഷാസേനയുടെ വെടിവെപ്പില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ടത്. കല്‍ക്കരി ഖനിയില്‍ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം വിഘടന വാദികളുടേതാണെന്ന് കരുതി സൈന്യം വെടിവെച്ചതാണെന്നാണ് വിശദീകരണം.


Next Story