Top

ദിലീപിന്റെ ഫോണുകൾ നന്നാക്കിയിരുന്ന സലീഷ് ; 'ഞെട്ടിക്കുന്ന വിവരങ്ങളെന്ന് ഒരിക്കൽ പറഞ്ഞു'; ദുരൂഹതയുയർത്തുന്ന മരണം

31 Jan 2022 11:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദിലീപിന്റെ ഫോണുകൾ നന്നാക്കിയിരുന്ന സലീഷ് ; ഞെട്ടിക്കുന്ന വിവരങ്ങളെന്ന് ഒരിക്കൽ പറഞ്ഞു; ദുരൂഹതയുയർത്തുന്ന മരണം
X

നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ ​ഫോണുകൾ സർവീസ് ചെയ്തിരുന്ന സലീഷ് (42) എന്ന യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടോയെന്നന്വേഷിക്കണമെന്നാവശ്യപ്പെട്ട് രം​ഗത്തെത്തിയിരിക്കുകയാണ് ബന്ധുക്കൾ. എറണാകുളം മേനകയില്‍ ഐഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തിയിരുന്ന സലീഷിന്റെ മരണത്തിലെ ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് സഹോദരനാണ് പൊലീസിനെ സമീപിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് സഹോദരന്‍ അങ്കമാലി പൊലീസില്‍ പരാതി നല്‍കി. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവറില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആയിരുന്നു യുവാവിന്റെ മരണത്തെ കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ചത്. സംവിധായകൻ ബൈജു കൊട്ടാരക്കരയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

അന്ന് സംഭവിച്ചത്,

2020 ഓഗസ്റ്റ് 30 ന് തിരുവോണത്തിന്റെ തലേന്ന് ഓണസദ്യക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങും വഴിയാണ് അങ്കമാലി ടെല്‍ക്കിന് സമീപം സലീഷ് ഓടിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടമുണ്ടായത്. സലീഷീന്റെ കാറിനടുത്ത് കൂടി അമിതവേഗത്തില്‍ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ സ്റ്റിയറിംഗ് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ അന്ന് പൊലീസിനോ ബന്ധുക്കള്‍ക്കോ സംശയം തോന്നിയിരുന്നില്ല. സലീഷ് ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന അനുമാനത്തില്‍ അപകട മരണത്തിനാണ് അന്ന് അങ്കമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇപ്പോള്‍ സംശയമുയര്‍ന്നതിന്റെ പശ്ചാത്തലം,

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകരായ ബാലചന്ദ്രകുമാറും ബൈജു കൊട്ടാരക്കരയും അടുത്തിടെ നടത്തിയ ആരോപണങ്ങളാണ് ഇപ്പോള്‍ ഇത്തരമൊരു പരാതിയുമായി സലീഷിന്റെ ബന്ധുക്കള്‍ രംഗത്തു വരാന്‍ കാരണം.

റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവറിലാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ സലീഷിന്റെ മരണത്തെ കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ചത്. . ഫോണുകളുമായി ബന്ധപ്പെട്ട് പല സുപ്രധാന വിവരങ്ങള്‍ ശേഖരിക്കാനും ദിലീപ് സലീഷിനെ ഉപയോഗിച്ചിരുന്നു എന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. ദിലീപിനെ കാണാന്‍ പോവുന്നു എന്ന് പ്രതികരിച്ചതിന്റെ മൂന്നാം ദിവസം ആയിരുന്നു സലീഷിന്റെ മരണം എന്നും ഇതില്‍ ദൂരൂഹതയുണ്ടെന്നും ബാലചന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ: ദിലീപ് ജയിലില്‍ കിടന്ന സമയത്ത് സംവിധായകന്‍ അരുണ്‍ ഗോപിക്ക് രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവിന്റെ മകന്റെ ഫോണ്‍ വന്നിരുന്നു. ഈ ഫോണ്‍ കോള്‍ അരുണ്‍ ഗോപി റെക്കോര്‍ഡ് ചെയ്തു. ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ അരുണ്‍ ഗോപി ഈ കോളിന്റെ കാര്യം ദിലീപിനെ അറിയിച്ചു. പിന്നാലെ ഈ ഫോണ്‍ പെന്റാ മേനകയിലെ മൊബൈല്‍ സര്‍വീസ് സ്ഥാപനത്തിന്റെ ഉടമ സലീഷ് എന്ന ആളുടെ പക്കല്‍ റിട്രീവ് ചെയ്യാന്‍ ഏല്‍പ്പിച്ചു. ഇയാളെ ദിലീപിന് പരിചയപ്പെടുത്തിയത് താനാണ് എന്നുമായിരുന്നു ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍.

അരുണ്‍ ഗോപിയുടെ ഐ ഫോണില്‍ നിന്നും ഫോണ്‍ കോള്‍ തിരിച്ചു പിടിക്കാൻ ചെയ്യാന്‍ ശ്രമിച്ചു. തുടര്‍ന്ന് അയാള്‍ ഡോക്ടര്‍ ഫോണ്‍ എന്ന സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് റിട്രീവ് ചെയ്യാന്‍ ശ്രമിച്ചു. ഇതിനുള്ള പണം നല്‍കിയത് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നാണ്. എന്നിട്ടും ഫോണ്‍ കോള്‍ തിരിച്ചെടുക്കാൻസാധിച്ചില്ല. തുടര്‍ന്ന് ദിലീപിന്റെ ഒരു സുഹൃത്ത് മുഖാന്തരം ഫോണ്‍ അമേരിക്കയില്‍ കൊടുത്തയച്ചു. അത്തരത്തില്‍ റിട്രീവ് ചെയ്തെടുത്ത നിരവധി വിവരങ്ങള്‍ ദിലീപിന്റെ പക്കലുണ്ട്.

ഈ സംഭവത്തിന് പിന്നാലെ സലീഷ് ദിലീപിന്റെ അടുത്ത സഹായിയായി. പിന്നീട് ഒരിക്കല്‍ തന്നോട് സംസാരിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം സലീഷ് റോഡപകടത്തില്‍ മരിച്ചെന്നാണ് അറിഞ്ഞത്. ദിലീപിനെ കാണാന്‍ പോവുന്നു എന്ന തന്നോട് വെളിപ്പെടുത്തിയതിന് മൂന്നാം ദിവസം ആയിരുന്നു മരണം. ദിലീപ് ഫോണിൽ നിന്നും ശേഖരിച്ച വിവരങ്ങള്‍ അറിഞ്ഞിരുന്ന വ്യക്തിയാണ് സലീഷ്. ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് ദിലീപ് ശേഖരിച്ചത് എന്ന് സനീഷ് ഒരിക്കല്‍ പറഞ്ഞിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ തനിക്കും ജീവഭയമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. സലീഷ് മരണത്തെക്കുറിച്ച് ബൈജു കൊട്ടാരക്കര പറഞ്ഞതും ഇതു തന്നെയായിരുന്നു.

Next Story