Top

വാട്സ്ആപ്പ് സന്ദേശത്തിന് പിന്നാലെ ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാറും; അത്ഭുതങ്ങൾക്ക് പിന്നിൽ

സന്ദേശം വരുന്നതിനനുസരിച്ച് കാര്യങ്ങൾ സംഭവിച്ചതോടെ സാമൂഹിക മാധ്യമങ്ങളിലും ഇക്കാര്യം പ്രചരിച്ചു

26 Nov 2022 2:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാട്സ്ആപ്പ് സന്ദേശത്തിന് പിന്നാലെ ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാറും; അത്ഭുതങ്ങൾക്ക് പിന്നിൽ
X

കൊല്ലം: വാട്സ്ആപ്പിൽ സന്ദേശം വന്നതിന് പിന്നാലെ വീട്ടിൽ പല അത്ഭുതങ്ങളും സംഭവിക്കുന്നുവെന്ന പരാതിയിൽ കാരണം കണ്ടെത്തി പൊലീസ്. ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാർ സംഭവിക്കുകയും ചെയ്യുന്നതിന് പിന്നിൽ വീട്ടിലെ കൗമാരക്കാരനായ കുട്ടിയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൊട്ടാരക്കര നെല്ലിക്കുന്നത്ത് രാജന്റെ വീട്ടിലാണ് ഫോൺ സന്ദേശത്തിനെ തുടർന്ന് അത്ഭുതങ്ങൾ സംഭവിക്കുന്നുവെന്ന് പൊലീസിന് പരാതി ലഭിച്ചത്.

ഫോണുകൾ പ്രത്യേക ആപ് വഴി ബന്ധിപ്പിച്ചായിരുന്നു കുട്ടിയുടെ പ്രവൃത്തി. വീട്ടിലുളളവരെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീട് കാര്യമാവുകയായിരുന്നു. കുട്ടി തന്നെയാണ് ഫാൻ ഓഫാക്കിയിരുന്നതും മറ്റും. സന്ദേശം വരുന്നതിനനുസരിച്ച് കാര്യങ്ങൾ സംഭവിച്ചതോടെ സാമൂഹിക മാധ്യമങ്ങളിലും ഇക്കാര്യം പ്രചരിച്ചു. തുടർന്ന് ആദ്യം പൊലീസിലും പിന്നീട് സൈബർസെല്ലിലും പരാതി നൽകുകയായിരുന്നു.

സൈബർ പൊലീസ് നടത്തിയ പരിശോധനയിലാണ് ഫോണിലെ ആപ്പുകൾ കണ്ടെത്തിയത്. കുട്ടിയെ കൗൺസിലിങ് നൽകിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. വീട്ടിലെ ടിവിയും മറ്റും കേടായതിന് പിന്നിൽ അസ്വാഭാവികതയില്ലെന്നു കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ വി എസ് പ്രശാന്ത് പറഞ്ഞു.

ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ് രാജൻ. ഇയാളുടെ ഭാര്യ വിലാസിനിയുടെ ഫോണിൽ നിന്ന് മകൾ സജിതയുടെ ഫോണിലേക്ക് ആണ് സന്ദേശങ്ങൾ വന്നുകൊണ്ടിരുന്നത്. 'ഞാൻ നിന്‍റെ വീട്ടിലുണ്ട്, ഞാൻ നിന്‍റെ വീട്ടിൽ കിണറ്റിനടുത്തുണ്ട്, നിന്‍റെ വീട്ടിലെ ഫാൻ ഇപ്പോൾ ഓഫാകും, നീ എന്‍റെ നമ്പർ ആർക്കു പറഞ്ഞു കൊടുത്താലും എനിക്കൊന്നുമില്ല, ടാങ്ക് നിറഞ്ഞ് വെളളം പുറത്തുപോവും, വൈദ്യുതിത്തകരാറ് സംഭവിക്കും' തുടങ്ങിയവയായിരുന്നു സന്ദേശങ്ങൾ. മൂന്ന് മാസമാണ് ആപ് വഴി കുട്ടി വീട്ടുകാരെ കബളിപ്പിച്ചത്.

STORY HIGHLIGHTS: mystery after phone messages in Kollam

Next Story