Top

'നിര്‍ണായക തെളിവായ ഡിവൈസുകള്‍ ദിലീപിന്റെ അഭിഭാഷകരുടെ പക്കല്‍'; കിട്ടിയാല്‍ രേഖകള്‍ പൊലീസിന് വീണ്ടെടുത്ത് നല്‍കുമെന്ന് സായ് ശങ്കര്‍

8 April 2022 4:11 PM GMT
വി.എസ് ഹൈദരലി

നിര്‍ണായക തെളിവായ ഡിവൈസുകള്‍ ദിലീപിന്റെ അഭിഭാഷകരുടെ പക്കല്‍; കിട്ടിയാല്‍ രേഖകള്‍ പൊലീസിന് വീണ്ടെടുത്ത് നല്‍കുമെന്ന് സായ് ശങ്കര്‍
X

കൊച്ചി: വധഗൂഡാലോചനക്കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണുകളില്‍ നിന്ന് നശിപ്പിച്ച തെളിവുകളെ പറ്റി റിപ്പോര്‍ട്ടര്‍ ടിവിയോട് തുറന്നു പറഞ്ഞ് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍. കീഴടങ്ങിയത് വേറെ വഴിയില്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് അതിക്രമം നടത്തിയെന്ന കേസില്‍ അസംബന്ധങ്ങളാണുള്ളത്. കീഴടങ്ങാന്‍ ഭയമായിരുന്നു. കൈയ്യും കാലും തല്ലിയൊടിക്കുമെന്നും കൊല്ലപ്പെടുമെന്നും ഭയന്നു. പറയാനുള്ളത് ഹൈക്കോടതിയില്‍ പറയാന്‍ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ ജീവന് ഭീഷണിയുണ്ട്. ആര്‍ക്കൊക്കെയോ രക്ഷപ്പെടാന്‍ താന്‍ ബലിയാടാകുകയാണെന്നും സായ് ശങ്കര്‍ പറഞ്ഞു. മജിസ്‌ട്രേറ്റ് രഹസ്യമൊഴി വൈകിപ്പിച്ചത് എന്തിനെന്ന് അറിയില്ല. കോടതികള്‍ പരിഗണിക്കുന്നത് ആവശ്യപ്പെടുന്ന കാര്യങ്ങളല്ലെന്നും സായ് ശങ്കര്‍ പറഞ്ഞു.

ദിലീപ് തന്നെ സമീപിച്ചേക്കും. രണ്ടാഴ്ചക്കുള്ളില്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല. എത്രയും പെട്ടെന്ന് രഹസ്യമൊഴി നല്‍കണം. പൊലീസ് തന്നെ അതിക്രമിച്ച പരാതി അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത് ദിലീപിന്റെ അഭിഭാഷകര്‍ പറഞ്ഞിട്ടാണ്. ജാമ്യാപേക്ഷ അവര്‍ പരാതിയാക്കി മാറ്റി. ആത്മഹത്യയും കീഴടങ്ങലും മാത്രമായിരുന്നു മുന്നിലിരുന്ന വഴി. ദിലീപിന്റെ അഭിഭാഷകര്‍ സംരക്ഷിച്ചില്ല. അഡ്വ ബി രാമന്‍പിള്ളയും കൂട്ടരും നിയമസഹായം നല്‍കിയില്ല. തല്‍ക്കാലം മാറിനില്‍ക്കൂ എന്നാണ് എന്നോട് പറഞ്ഞതെന്നും സായ് ശങ്കര്‍ പറഞ്ഞു.

'ഇന്നലെ മുതല്‍ പൊലീസിനൊപ്പമാണ്. ഒളിവില്‍ പോകാന്‍ പറഞ്ഞത് ദിലീപിന്റെ അഭിഭാഷകര്‍. അഡ്വ ഫിലിപ്പ് ഒളിവില്‍ പോകാന്‍ ആവശ്യപ്പെട്ടു. കുറ്റകൃത്യത്തെ കുറിച്ചുള്ള ഗൗരവം അറിയാന്‍ വൈകി. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പറഞ്ഞത് അഡ്വ. സുജേഷ്. വാദങ്ങള്‍ എന്റേത് തന്നെയെന്ന് സ്ഥാപിക്കാനാണ് അവര്‍ ശ്രമിച്ചത്. പ്രസ്താവനകള്‍ റെക്കോര്‍ഡഡ് ആക്കാന്‍ ചാനല്‍ ചര്‍ച്ച ഉപയോഗിക്കുകയായിരുന്നു. ഡേറ്റ ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞത് ദിലീപ്. അഞ്ചര മണിക്കൂര്‍ ദിലീപ് കൂടെ ഉണ്ടായിരുന്നു. ഇപ്പോഴത്തെ ശ്രമം ഇരയ്ക്ക് നീതി കിട്ടാന്‍. കുറേ തിരിച്ചറിവുകളുണ്ടായി.

ഡിലീറ്റ് ചെയ്തവയില്‍ കോടതി രേഖകളുണ്ടായിരുന്നു. കോടതി സ്റ്റാമ്പുള്ളതും ഇല്ലാത്തതുമായ രേഖകള്‍. ജഡ്ജി കോടതിയിലെഴുതുന്ന പുസ്തകത്തിലെ കൈയ്യെഴുത്തുകളും മായ്ച്ചു. എല്ലാം കളര്‍ ചിത്രങ്ങളായിരുന്നുജഡ്ജി എഴുതിയ ഒറിജിനല്‍ പേജുകളുടെ പകര്‍പ്പുകളായിരുന്നു അവ. രേഖകള്‍ ദിലീപിന്റെ ഫോണ്‍ ഗാലറിയില്‍ ഉണ്ടായിരുന്നു. വാട്സാപ്പില്‍ വന്നത് ഗാലറിയില്‍ സേവ് ആയി. നീക്കം ചെയ്തവയില്‍ കൂടുതലും രേഖകളായിരുന്നു. വ്യക്തിഗത ചിത്രങ്ങളും ചാറ്റുകളും ഉണ്ടായിരുന്നു. ഓഡിയോ ചാറ്റുകളും മായ്ച്ചു. എല്ലാ ഓഡിയോ ചാറ്റുകളും ഞാന്‍ കേട്ടു. ഹയാത്തില്‍ റൂമെടുത്തത് ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ്പ് പറഞ്ഞിട്ട് രണ്ട് ദിവസം റൂമിലിരുന്നാണ് ഡേറ്റ മായ്ച്ചത്. അവലംബിച്ചത് ഷ്രെഡ്ഡിങ്ങ് രീതിയല്ല. കാണരുതെന്ന് ആഗ്രഹിക്കുന്ന ഡേറ്റയ്ക്ക് മുകളില്‍ ജങ്ക് ഡേറ്റ ഇട്ട് മറച്ചു. യഥാര്‍ത്ഥ ഉള്ളടക്കം മായ്ച്ച ശേഷം ആ സ്ഥലത്ത് അനാവശ്യ വിവരങ്ങള്‍ പകരം സ്ഥാപിക്കും. ഫോറന്‍സിക്കിന് എന്ത് കിട്ടണമെന്ന് നമുക്ക് തീരുമാനിക്കാവുന്ന രീതിയില്‍ ചെയ്തു.

ഐ ഫോണ്‍ 12 പ്രോ, 13 എന്നീ ഫോണുകളിലായിരുന്നു രേഖകള്‍. ഐ ക്ലൗഡ് ഒന്ന് തന്നെയായിരുന്നു. ടൈം സ്റ്റാമ്പ് മായ്ക്കാന്‍ കഴിഞ്ഞില്ല. ഐ ഫോണ്‍ 13 കണക്ട് ആയില്ല. സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. രണ്ട് ഫോണിലും ഒരേ വിവരങ്ങളായിരുന്നു. അഡ്വ.ഫിലിപ്പിന്റെ സാന്നിധ്യത്തില്‍ ദിലീപാണ് ഡേറ്റ മായ്ക്കാന്‍ ആവശ്യപ്പെട്ടത്. ദിലിപും ഞാനും അഞ്ച് മണിക്കൂര്‍ ഒരുമിച്ചുണ്ടായിരുന്നു

ജനുവരി 29ന് ഉച്ച കഴിഞ്ഞ് മുതല്‍ ആറര വരെ കൂടിക്കാഴ്ച്ച നടത്തി. ഫോറന്‍സിക് പരിശോധനയില്‍ രേഖകള്‍ കിട്ടരുതെന്നായിരുന്നു ദിലീപിന്റേയും അഭിഭാഷകരുടേയും ആവശ്യം

ഫിലിപ്പ് ടി വര്‍ഗീസിന്റെ ഓഫീസില്‍ വെച്ചാണ് ദിലീപിനെ കണ്ടത്. എന്തൊക്കെ കിട്ടരുതെന്ന് അവര്‍ പറഞ്ഞുതന്നു. എന്തെങ്കിലും ചില ഡേറ്റകള്‍ ഫോറന്‍സിക്കിന് കിട്ടണമെന്ന് അവര്‍ ആവശ്യപ്പെട്ടു

ആ 12 ചാറ്റുകള്‍ കൊണ്ട് ഗുണമുണ്ടാകില്ല. ആ ചാറ്റുകള്‍ വെറും ഡമ്മി. മറ്റ് ചാറ്റുകള്‍ മറയ്ക്കാനാണ് അവ ശ്രമിച്ചത്. ദിലീപിന്റെ ഫോണില്‍ നിന്ന് മായ്ച്ചതെല്ലാം വീണ്ടെടുക്കാന്‍ എനിക്ക് കഴിയും

ദിലിപീന്റെ ഫോണില്‍ എന്തൊക്കെയുണ്ടായിരുന്നോ അതെല്ലാം റിക്കവര്‍ ചെയ്യാനാകും. ജനുവരി 30 ഞായറാഴ്ച്ച വൈകിട്ട് ആറ് മണിയോടെ മായ്ക്കല്‍ പൂര്‍ത്തിയായി. മായ്ച്ചത് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍. സൂക്ഷ്മമായാണ് അവര്‍ കളയേണ്ടത് ഏതൊക്കെയെന്ന് ചൂണ്ടിക്കാട്ടിയത്. നാലര മണിക്കൂര്‍ അതിന് വേണ്ടി ചെലവിട്ടു

ഐ ഫോണ്‍ ഒരു തവണ ലോഗിന്‍ ചെയ്ത വൈ ഫൈയിലേക്ക് രണ്ടാമത്തെ തവണ തനിയെ കണക്ടാകും. രാമന്‍ പിള്ള അസോസിയേറ്റ്സിന്റെ വൈ ഫൈയുമായി എന്റെ സിസ്റ്റം കണക്ടായി. എന്റെ കംപ്യൂട്ടര്‍ എത്രത്തോളം ഉപയോഗിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മനസിലായി. 300400 ഡേറ്റകള്‍ നീക്കം ചെയ്തു. ഇവ രണ്ടിലേയും രേഖകള്‍ ദിലീപ് ഹാജരാക്കാത്ത ഫോണുകളിലുണ്ടായിരുന്നു

അഞ്ച് ഡിവൈസുകളില്‍ മാറ്റം വരുത്തിയത് ഒന്നില്‍ മാത്രം. അഞ്ചെണ്ണത്തിലേയും വിവരങ്ങള്‍ അവര്‍ ഡിലീറ്റ് ചെയ്യേണ്ടതായിരുന്നു. ഐ ഫോണ്‍ 13 കണക്ട് ആകാതിരുന്നത് നിര്‍ണായകമായി

അതിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നു. ദൈവം കൊണ്ടുവന്ന ടെക്നിക്കല്‍ തകരാര്‍ ആയിരിക്കാം. വധഗൂഢാലോചനക്കേസുമായ ബന്ധപ്പെട്ട വലിയ തെളിവുകള്‍ ഫോണില്‍ കണ്ടതായി അറിയില്ല.

മായ്ക്കല്‍ നടത്തിയത് അഡ്വ. രാമന്‍ പിള്ളയോടുള്ള ബഹുമാനത്താല്‍. കാര്യമായ സാമ്പത്തിക നേട്ടമുണ്ടായില്ല. ചാക്കു കണക്കിന് പണം കിട്ടിയെന്ന് പറയുന്നത് വെറുതെ. എനിക്ക് നിയമപരിഹാരം കിട്ടാന്‍ വൈകുന്നു. എന്നെ അവര്‍ ബലിയാടാക്കി. സിബിഐ അന്വേഷണത്തിന്മേലുള്ള വാദം അവര്‍ മുന്നില്‍ കണ്ടു. വാദം പൂര്‍ത്തീകരിക്കുന്നതിന് മുന്നേ ഞാന്‍ പ്രസ്താവന കൊടുക്കാതിരിക്കലായിരുന്നു ലക്ഷ്യം

പ്രോസിക്യൂഷന്‍ അത് ആയുധമാക്കാതിരിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചു. മൊഴി വൈകിപ്പിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചു. ആറോ ഏഴോ ഒപ്പുകള്‍ ഇട്ടു നല്‍കിയിരുന്നു. ഒരു ഹര്‍ജിയിലും ഒപ്പു വെച്ചിട്ടില്ല. ഒളിവില്‍ കഴിഞ്ഞത് പുട്ടപര്‍ത്തിയിലെ സത്യസായി ആശ്രമത്തിലാണ്.

ജോലിയാണ് ചെയ്തത്. അഡ്വ. രാമന്‍ പിള്ളയെ വിശ്വസിച്ചു. സംരക്ഷിക്കാമെന്ന് അവര്‍ ഉറപ്പ് നല്‍കിയിരുന്നു. ആവശ്യം കഴിഞ്ഞ ശേഷം ദിലീപിന്റെ അഭിഭാഷകര്‍ ഉപേക്ഷിച്ചു. ഞാന്‍ ആത്മഹത്യ ചെയ്തെങ്കില്‍ അത് പൊലീസിന്റെ തലയില്‍ വെയ്ക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചേനെ. പൊലീസ് നല്ല രീതിയില്‍ കേസ് അന്വേഷിക്കുന്നുണ്ട്. ദിലീപിന്റെ അഭിഭാഷകര്‍ വിചാരിച്ചെങ്കില്‍ എനിക്ക് വലിയ നിയമ സഹായങ്ങള്‍ കിട്ടിയേനെ.

ധൈര്യമായി പൊയ്ക്കോ എന്ന് മാത്രമാണ് കോടതി പറഞ്ഞത്. വാക്കാലുള്ള ഉറപ്പ് മാത്രം. സംരക്ഷണം വേണം. തെളിവുകള്‍ നശിപ്പിച്ചതില്‍ പശ്ചാത്താപം. ഫോണ്‍ കിട്ടിയാല്‍ എല്ലാം പൊലീസിന് വീണ്ടെടുത്ത് നല്‍കും. ബൈജു പൗലോസ് നിരപരാധികളെ കുടുക്കുന്ന ആളല്ല. മോശമായി പെരുമാറില്ല. അസഭ്യം പറയുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യില്ല. 2015 മുതല്‍ ബൈജു കെ പൗലോസിനെ അറിയാം. മനുഷ്യത്വമുള്ള പൊലീസുകാരനാണ്.

പൊലീസ് കണ്ടെടുത്തവയില്‍ ഞാന്‍ മായ്ക്കാന്‍ ഉപയോഗിച്ച ഡിവൈസുകള്‍ ഇല്ല. യഥാര്‍ത്ഥ ഡിവൈസുകള്‍ രാമന്‍ പിള്ള അസോസിയേറ്റ്സിന്റെ പക്കലാണുള്ളത്. എന്റെ ലാപ് ടോപ്പ്, ഐ മാക്, ഹാര്‍ഡ് ഡിസ്‌ക്, പെന്‍ ഡ്രൈവ് എന്നിവ അഭിഭാഷകരുടെ കൈയ്യില്‍. പൊലീസ് വീട്ടില്‍ നിന്ന് കണ്ടെത്തിയത് എന്റെ സെക്കന്ററി ഐമാക്. മൊഴി കൊടുത്തതിന് ശേഷം തരാമെന്നാണ് അവര്‍ പറഞ്ഞത്. രാമന്‍പിള്ളയുടെ ഓഫീസില്‍ വെച്ച് ഫിലിപ്പ് ടി വര്‍ഗീസ് ഡിവൈസുകള്‍ വാങ്ങി. അവ എവിടെയാണെന്ന് അറിയില്ല. സുരക്ഷിതമായിരിക്കും എന്ന് മാത്രം എന്നോട് പറഞ്ഞു.

എന്റെ ഡിവൈസുകള്‍ കേസിലെ നിര്‍ണായക തെളിവാകും. അന്വേഷണത്തിന് ഉപയോഗപ്പെടും. ആ തെളിവുകള്‍ കോടതിയില്‍ വരണം. ഡിവൈസുകള്‍ നശിപ്പിക്കപ്പെടരുത്. ഫോണ്‍ കിട്ടിയാലും ഞാന്‍ മായ്ക്കപ്പെട്ട വിവരങ്ങള്‍ വീണ്ടെടുക്കും. ദിലീപിന്റെ അഭിഭാഷകര്‍ ഇതെല്ലാം നിരസിച്ചേക്കാം. ഏതിലൊക്കെയാണ് ഒപ്പിടീച്ചതെന്ന് കൃത്യമായി അറിയില്ല. ഈ കേസില്‍ സമയം അതിനിര്‍ണായകമാണ്. ദിലീപിന്റെ അഭിഭാഷകര്‍ തന്ത്രപരമായി നീങ്ങുന്നു. ഞാനെന്ന നിര്‍ണായക വ്യക്തി മൊഴി നല്‍കാതിരിക്കലായിരുന്നു ലക്ഷ്യം. അന്വേഷണം നിശ്ചലമാക്കാന്‍ അഭിഭാഷകര്‍ ശ്രമിച്ചു. ഫോണില്‍ എന്തുണ്ടായിരുന്നു എന്നറിയാവുന്നത് എനിക്കും ദിലീപിനും ഫോണില്‍ എന്തുണ്ട് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണമായി അറിയില്ല

കുറേ കാര്യങ്ങള്‍ കിട്ടില്ല. ചില മെസ്സേജിങ്ങ് പ്ലാറ്റ്ഫോമുകള്‍ ഡിലീറ്റ് ചെയ്താല്‍ ഏത് വിദഗ്ധനും കിട്ടില്ല. ഫോറന്‍സിക് ടൂളുകള്‍ അത്ര ആധുനികമല്ല. വീണ്ടെടുക്കല്‍ പ്രയാസകരം.

ദിലീപ് 'ബോട്ടിം' എന്ന മെസ്സേജിങ്ങ് ആപ്പ് ഉപയോഗിച്ചിട്ടുണ്ട്. അതിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ എനിക്ക് കഴിയില്ല. ദിലീപ് കൂടുതലും ഉപയോഗിച്ചത് ടെലഗ്രാമും ബോട്ടിമും. കോള്‍ വന്നാലും പോയാലും സിഡിആറില്‍ ഉണ്ടാകില്ല. ഇതൊക്കെ അറിഞ്ഞുകൊണ്ടാണ് ദിലീപും സംഘവും ഇതുപയോഗിക്കുന്നത്. ദിലീപ് ഓരോ രേഖയും എടുത്ത് ഇത് എന്താണ് ചെയ്യേണ്ടതെന്ന് അഭിഭാഷകനോട് ചോദിച്ചു. കുടുംബചിത്രങ്ങള്‍ പെന്‍ ഡ്രൈവിലേക്ക് കോപ്പി ചെയ്തു. ഡിലീറ്റ് ചെയ്യേണ്ടവ ഹാര്‍ഡ് ഡിസ്‌കിലേക്കും പെന്‍ഡ്രൈവിലേക്കും ദിലീപ് കോപ്പി ചെയ്ത് വാങ്ങി

ടാബിലെ വിവരങ്ങള്‍ കളയണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. ടാബ്ലറ്റ് ഇ വേസ്റ്റ് ആക്കാനാണ് ദിലീപ് പറഞ്ഞത്.

ബൈജു പൗലോസുമായി ഞാന്‍ സംസാരിച്ചതിന് ശേഷം അഭിഭാഷകര്‍ തന്ത്രം മാറ്റി. ഞാന്‍ എന്തെങ്കിലും പറയാതിരിക്കാന്‍ നീക്കം തുടങ്ങി. ബെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രം പ്രയോഗിച്ചു

ബൈജു പൗലോസിനെ കണ്ട കാര്യം അഭിഭാഷകരോട് പറഞ്ഞിരുന്നില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടിലെ യൂസര്‍ നെയിം അവര്‍ക്ക് അറിയാമായിരുന്നു

എന്റെ യൂസര്‍ നെയിമിലേക്ക് അവര്‍ മുന്‍പ് ഒരു ഇടപാട് നടത്തിയിരുന്നു.

എന്റെ നുണ അവര്‍ പിടിച്ചു. അവര്‍ പിന്നീടെന്നെ കൈവിടുകയായിരുന്നു. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ദിലീപിന്റെ ടാബ് എന്റെ കൈയിലെത്തുമായിരുന്നു. ടാബില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുണ്ടാകാം. അല്ലെങ്കില്‍ ഇ വേസ്റ്റ് ആക്കേണ്ട കാര്യമില്ല. ഒരു പേപ്പര്‍ കീറുന്ന പോലെ ഡിവൈസ് നശിപ്പിക്കലാണ് ഇ വേസ്റ്റ് ആക്കല്‍. ഇ വേസ്റ്റ് ആക്കാന്‍ ആവശ്യപ്പെടാറ് ക്രിമിനലുകള്‍. മാര്‍ച്ച് ഏഴിന് ടാബ് തരാമെന്ന് ദിലീപ് പറഞ്ഞിരുന്നു. ദിലീപിന്റെ ടാബ് അതീവ സംരക്ഷണയില്‍. അതിലെന്തോ ഉണ്ടെന്ന് ഉറപ്പ്. അഭിഭാഷകരോട് നുണ പറഞ്ഞില്ലായിരുന്നെങ്കില്‍ ടാബ് കൈയ്യില്‍ കിട്ടിയേനെ. ദിലീപിന്റെ ടാബ് എത്തിയത് വിദേശത്ത് നിന്നാണ്. വിദേശത്തേക്ക് തന്നെ ഇപ്പോള്‍ തിരിച്ചുപോയിരിക്കാം. ഇന്ന് രാത്രിയിലെ ഫ്ളൈറ്റില്‍ ടാബ് എത്തുമെന്ന് എന്നോട് അന്ന് പറഞ്ഞിരുന്നു. ഒറ്റ ദിവസത്തെ വ്യത്യാസത്തിലാണ് ടാബ് നഷ്ടമായത്'

എഡിജിപിയോട് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ കൈയില്‍ ഒട്ടേറെ തെളിവുകളുണ്ട്. ചാനലില്‍ വന്ന് സംസാരിക്കുന്നത് ജീവന് ഭീഷണിയുള്ളതിനാലാണെന്നും സായ് ശങ്കര്‍ പറഞ്ഞു.

Story Highlights: my hacking devices are with dileep's lawyer ready to retrieve those evidence says sai sankar

Next Story