Top

ലൈസന്‍സില്ല, ഹെല്‍മെറ്റും; ചെന്താമരക്കും മകള്‍ക്കും പിഴയിട്ട് എംവിഡി

ഇന്‍ഡിക്കേറ്റര്‍ ഇടാതെ റോഡിന്റെ വലത്തേക്ക് തിരിഞ്ഞ് അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്ന ചെന്താമരയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

30 Jun 2022 3:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലൈസന്‍സില്ല, ഹെല്‍മെറ്റും; ചെന്താമരക്കും മകള്‍ക്കും പിഴയിട്ട് എംവിഡി
X

പാലക്കാട്: അശ്രദ്ധമായി ഇരുചക്രവാഹനം ഓടിച്ചയാള്‍ക്കെതിരെ പിഴ ചുമത്തി ജില്ലാ മോട്ടോര്‍ വാഹനവകുപ്പ്. കൊഴിഞ്ഞാമ്പാറ നാട്ടുകല്‍ വെല്ലക്കാരന്‍ചള്ള ചെന്താമരക്കെതിരെയാണ് എംവിഡി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടപടിയെടുത്തത്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചു, ഹെല്‍മെറ്റ് ധരിച്ചില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടികാട്ടി 5500 രൂപയാണ് പിഴയിട്ടത്. ഇതിന് പുറമേ പിന്‍സീറ്റില്‍ ഇരുന്ന ഭാര്യ ഹെല്‍മെറ്റ് ധരിക്കാത്തതിന് 500 രൂപ അധിക തുക ഈടാക്കും. ലൈസന്‍സില്ലാത്ത വ്യക്തിക്ക് വാഹനം കൈമാറിയതിന് വാഹന ഉടമയായ ചെന്താമരയുടെ മകളും 5000 രൂപ പിഴ ഒടുക്കണം.

ഇന്‍ഡിക്കേറ്റര്‍ ഇടാതെ റോഡിന്റെ വലത്തേക്ക് തിരിഞ്ഞ് അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്ന ചെന്താമരയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സ്‌കൂട്ടറിന്റെ പിന്നില്‍ സഞ്ചരിച്ചിരുന്ന ബസിലെ ക്യാമറയിലായിരുന്നു ദൃശ്യങ്ങള്‍ പതിഞ്ഞത്. കഴിഞ്ഞയാഴ്ച്ച ഉച്ചക്ക് 12 മണിയോടെ നല്ലേപ്പിള്ളി വാളറയിലായിരുന്നു സംഭവം.ജില്ലയില്‍ വാഹനം ഓടിക്കുന്ന പ്രായമായ ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

Next Story