'കെ റെയിലില്‍ അടക്കം ഇനി സിപിഐയുടെ നിലപാട് അറിയാന്‍ കൗതുകമുണ്ട്'; അമര്‍ഷം പരസ്യമാക്കി ശ്രേയാംസ് കുമാര്‍
മുന്നണിയെ ശക്തിപ്പെടുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ശ്രേയാംസ് കുമാര്‍
19 March 2022 8:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട്: സിപിഐയ്ക്ക് രാജ്യസഭ സീറ്റ് കൊടുത്തതിലെ അതൃപ്തി പരസ്യമാക്കി എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍. കെ റെയിലില്‍ അടക്കം സിപിഐ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്ന് കൗതുകത്തോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പല വിഷയങ്ങളിലും പരസ്യ നിലപാട് എടുത്തവരാണ് സിപിഐ. സില്‍വര്‍ ലൈന്‍, മദ്യനയം, ലോകായുക്ത എന്നിവയില്‍ പാര്‍ട്ടിയുടെ ഇനിയുള്ള നിലപാടിനായി കാത്തിരിക്കുകയാണ്. എന്നാല്‍ നിലപാടില്‍ നിന്നും വ്യത്യസ്തമായാണ് കഴിഞ്ഞ ദിവസം അവര്‍ നിയമസഭയില്‍ സംസാരിച്ചത് എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍ജെഡിക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ചതിലുള്ള അതൃപ്തി നേരത്തെ അറിയിച്ചിട്ടുണ്ട്. നേരത്തെ മന്ത്രിസ്ഥാനം നിഷേധിപ്പിച്ചപ്പോഴും അതൃപ്തി രേഖപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ മുന്നണി രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന ആളുകളാണ്. മുന്നണിയെ ശക്തിപ്പെടുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി.
ഇടതുമുന്നണിയുടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്ക് കഴിഞ്ഞ ദിവസമാണ് സിപിഐഎമ്മും, സിപിഐയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുന്നണിക്ക് ലഭിച്ച രണ്ട് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സിപിഐയാണ് ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. നിലവിലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ പി സന്തോഷ്‌കുമാര്‍ എഐവൈഎഫിന്റെ മുന്‍ ദേശീയ സെക്രട്ടറിയായിരുന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടറി എഎ റഹീമാണ് സിപിഐഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. നിലവില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം കൂടിയാണ് റഹീം.
എല്‍ജെഡിയെ കൂടാതെ ജനതാദള്‍ എസും, എന്‍സിപിയും സീറ്റിനായി ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ജയമുറപ്പുള്ള രണ്ട് സീറ്റിലും സിപിഐഎം മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് നേരത്തെ പുറത്തുവന്നിരുന്നതെങ്കിലും ഇടതുമുന്നണി യോഗത്തില്‍ ഒരു സീറ്റ് സിപിഐയ്ക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് സീറ്റുകള്‍ ഒഴിവ് വരുമ്പോള്‍ ഒന്ന് തങ്ങള്‍ക്ക് നല്‍കാമെന്ന ഉറപ്പ് സിപിഐഎം പാലിക്കണമെന്നാണ് സിപിഐ ഉന്നയിച്ചിരുന്നത്.
STORY HIGHLIGHTS: MV Shreyams Kumar announces anger over Rajya Sabha seat