Top

പികെ നാരായണൻ മാസ്റ്റർ പുരസ്കാരം എംവി നികേഷ് കുമാർ ഏറ്റുവാങ്ങി

8 Dec 2021 4:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പികെ നാരായണൻ മാസ്റ്റർ പുരസ്കാരം എംവി നികേഷ് കുമാർ ഏറ്റുവാങ്ങി
X

പികെ നാരായണൻ മാസ്റ്റർ പുരസ്കാരം റിപ്പോർട്ടർ ടിവി എംഡി എംവി നികേഷ് കുമാർ ഏറ്റുവാങ്ങി. മുന്‍ ധനമന്ത്രി ഡോ ടിഎം തോമസ് ഐസകാണ് പുരസ്കാര സമര്‍പ്പണം നടത്തിയത്. നികേഷ് കുമാറിന്റെ ദൃശ്യമാധ്യമ പരിചയത്തിന് ഏതാണ്ട് അതിന്റെ ചരിത്രത്തോളം തന്നെ ദൈർഘ്യമുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. മലയാളത്തിൽ ഒരു വാർത്താ ചാനലിനു വിജയസാധ്യതയുണ്ടോയെന്നു ശങ്കിച്ചവർക്കെല്ലാമുള്ള മറുപടിയായിരുന്നു ഇന്ത്യാ വിഷന്റെ രൂപം കൊള്ളൽ എന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.

'നികേഷ് കുമാറിന്റെ ദൃശ്യമാധ്യമ പരിചയത്തിന് ഏതാണ്ട് അതിന്റെ ചരിത്രത്തോലം തന്നെ ദൈർഘ്യമുണ്ട്. 1996-ൽ സിംഗപ്പൂരിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം തുടങ്ങിയപ്പോൾ വാർത്ത അവതാരകനായി നികേഷ് ഉണ്ടായിരുന്നു. പിന്നീട് 2003-ൽ മലയാളത്തിലെ ആദ്യത്തെ വാർത്താ ചാനലായ ഇന്ത്യാവിഷനു രൂപം നൽകി. മലയാളത്തിൽ ഒരു വാർത്താ ചാനലിനു വിജയസാധ്യതയുണ്ടോയെന്നു ശങ്കിച്ചവർക്കെല്ലാമുള്ള മറുപടിയായിരുന്നു ഈ ചാനലിന്റെ നടത്തിപ്പ്. ഇന്ന് ഏറ്റവും കൂടുതൽ വാർത്താ ചാനലുകളുള്ള സംസ്ഥാനങ്ങളിൽ ഒന്നാണു കേരളം. റിപ്പോർട്ടർ ചാനലിനു രൂപം നൽകിയപ്പോൾതന്നെ അതൊരു ഇന്ററാക്ടീവ് മീഡിയ ആയി ഉയർത്തണമെന്ന ആശയം പങ്കിടുകയുണ്ടായി.

ഇന്ന് റിപ്പോർട്ടർ ചാനൽ ഒരു ന്യൂസ് പോർട്ടലായി പ്രവർത്തിക്കുമ്പോൾ ഈയൊരു സങ്കൽപ്പം യഥാർത്ഥത്തിൽ പ്രാവർത്തികമാവുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും തന്റെ മാധ്യമ ധർമ്മത്തെ വിൽപ്പന ചരക്കാക്കാൻ നികേഷ് വിസമ്മതിച്ചുവെന്നതാണ് അദ്ദേഹത്തെ വേറിട്ടു നിർത്തുന്ന മാനം. സ്വതന്ത്രമായ നിലപാടെടുത്ത് നികേഷ് മുന്നോട്ട് പോകുന്നു,' തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു

സഹകരണ മേഖലയിലെ സമഗ്ര സംഭാവന കണക്കിലെടുത്ത് മുതിർന്ന സഹകാരി ഐ.വി. ശിവരാമനെയും ചടങ്ങിൽവച്ച് ആദരിക്കുകയുണ്ടായി. കളഞ്ഞുകിട്ടിയ 2 ലക്ഷം രൂപ ഉടമസ്ഥനു തിരിച്ചു നൽകി മാതൃകയായ ഓട്ടോഡ്രൈവർ സലീമിനെയും തോമസ് ഐസക് അനുമോദിച്ചു.

Next Story