Top

ദിലീപിനൊപ്പം ചേര്‍ന്ന് ഒരു വിഭാഗം പൊലീസിന്റെ ഭീഷണി വേണ്ടെന്ന് നികേഷ് കുമാര്‍; 'മൗനത്തിലാക്കാനാണ് നീക്കമെങ്കില്‍ പള്ളിയില്‍ പോയി പറയാനേ പറയൂ'

''വിചാരണ നടപടികള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ കേസെടുത്ത് മുന്നോട്ട് പോകുന്നതില്‍ തടസം നില്‍ക്കില്ല''

30 Jan 2022 4:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദിലീപിനൊപ്പം ചേര്‍ന്ന് ഒരു വിഭാഗം പൊലീസിന്റെ ഭീഷണി വേണ്ടെന്ന് നികേഷ് കുമാര്‍; മൗനത്തിലാക്കാനാണ് നീക്കമെങ്കില്‍ പള്ളിയില്‍ പോയി പറയാനേ പറയൂ
X

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ പൊലീസ് കേസെടുത്തതില്‍ പ്രതികരണവുമായി ചാനല്‍ ചീഫ് എഡിറ്റര്‍ എംവി നികേഷ് കുമാര്‍. താന്‍ വിചാരണ നടപടികള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ കേസുമായി മുന്നോട്ട് പോകുന്നതില്‍ തടസം നില്‍ക്കില്ല. പക്ഷെ അതൊരു ഭീഷണിയാക്കി, ദിലീപിനൊപ്പം ചേര്‍ന്ന് പൊലീസിലെ ഒരു വിഭാഗം റിപ്പോര്‍ട്ടര്‍ ടിവിയെ മൗനത്തിലാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ പള്ളിയില്‍ പോയി പറയാനേ താന്‍ പറയൂയെന്ന് നികേഷ് കുമാര്‍ എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

നികേഷ് കുമാറിന്റെ വാക്കുകള്‍: ''നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികളില്‍ ഞാന്‍ ഇടപ്പെട്ടോയെന്ന് ഡിജിപിയോട് അന്വേഷിക്കാന്‍ കേരള ഹൈക്കോടതി ആവശ്യപ്പെടുന്നു. ഡിജിപി അത് അന്വേഷിക്കാന്‍ ഒരു ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുന്നു. ഉദ്യോഗസ്ഥന്‍ എന്നെ വിളിച്ചു. കൊവിഡ് പോസീറ്റിവായതില്‍ നേരിട്ട് മൊഴി നല്‍കാന്‍ സാധിക്കില്ലെന്ന് ഞാന്‍ പറഞ്ഞു. തുടര്‍ന്ന് ഫോണില്‍ വിളിക്കാമെന്ന പറഞ്ഞെങ്കിലും എന്നെ വിളിച്ചിട്ടില്ല. അങ്ങനെയൊരു റിപ്പോര്‍ട്ട് ഉണ്ടോയെന്ന് അറിയില്ല. എന്റെ ഭാഗം അവര്‍ കേട്ടിട്ടില്ല. വിചാരണ നടപടികള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ കേസെടുത്ത് മുന്നോട്ട് പോകുന്നതില്‍ ഞാന്‍ തടസം നില്‍ക്കില്ല. പക്ഷെ അതൊരു ഭീഷണിയാക്കി, പൊലീസിലെ ഒരു വിഭാഗം ദിലീപിനൊപ്പം ചേര്‍ന്ന് ഞങ്ങളെ മൗനത്തിലാക്കാനാണ് നീക്കമെങ്കില്‍ പള്ളിയില്‍ പോയി പറയാനേ പറയൂ.''

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി കൂടിയായ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയും എംഡി നികേഷ് കുമാറിനെതിരെയും പൊലീസ് കേസെടുത്തത്. ദിലീപിന്റെ ഹര്‍ജിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ പൊലീസ് നികേഷ് കുമാറിനെതിരെയും ചാനലിനെതിരെയും സ്വമേധയാ കേസെടുക്കുകയായിരുന്നു. ഐ.പി.സി സെക്ഷന്‍ 228 എ (3) പ്രകാരമാണ് കേസെടുത്തത്. കോടതി വിചാരണയിലിരിക്കുന്ന നടി ആക്രമണ കേസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും പ്രചരിപ്പിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ ചര്‍ച്ച സംഘടിപ്പിച്ചതായാണ് എഫ്‌ഐആറില്‍ പറയുന്നത്.

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്ര കുമാറിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്തുകൊണ്ടുവന്നത് റിപ്പോര്‍ട്ടര്‍ ടിവിയാണ്. വിഷയത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ദിലീപ് അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് റിപ്പോര്‍ട്ടര്‍ ടിവിക്കെതിരായ പൊലീസ് നീക്കം.

ചാനല്‍ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ചാനലിനെതിരെയും ചീഫ് എഡിറ്റര്‍ക്കെതിരെയും കേസെടുക്കുന്നത് അത്യപൂര്‍വ്വ നടപടിയാണ്. റിപ്പോര്‍ട്ടര്‍ ടിവിക്കെതിരായ പൊലീസിന്റെ നീക്കത്തെ അപലപിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകരും കെയുഡബ്ല്യൂജെയും രംഗത്തെത്തിയിട്ടുണ്ട്.

Next Story

Popular Stories